November 24, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

എര്‍ട്ടിഗയുടെ ടൊയോട്ട വേര്‍ഷന്‍ ഓഗസ്റ്റില്‍

ഇരു കമ്പനികളും തമ്മിലുള്ള ബാഡ്ജ് എന്‍ജിനീയറിംഗ് കരാര്‍ അനുസരിച്ച് കൂടുതല്‍ പുതിയ മോഡലുകള്‍ പുറത്തിറക്കാന്‍ ഒരുങ്ങുകയാണ് ടൊയോട്ട  

പരിഷ്‌കരിച്ച എര്‍ട്ടിഗ എംപിവി വിപണിയിലെത്തിക്കാന്‍ തയ്യാറെടുക്കുകയാണ് മാരുതി സുസുകി. ഇതേസമയം, ഇരു കമ്പനികളും തമ്മിലുള്ള ബാഡ്ജ് എന്‍ജിനീയറിംഗ് കരാര്‍ അനുസരിച്ച് കൂടുതല്‍ പുതിയ മോഡലുകള്‍ പുറത്തിറക്കാന്‍ ഒരുങ്ങുകയാണ് ടൊയോട്ട. റീബാഡ്ജ് ചെയ്ത സിയാസ്, എര്‍ട്ടിഗ മോഡലുകള്‍ ഉള്‍പ്പെടെ ടൊയോട്ട ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കും.

ഇരു ജാപ്പനീസ് കമ്പനികളും തമ്മിലുള്ള സഹകരണത്തിന്റെ നേട്ടം കൊയ്യുകയാണ് കഴിഞ്ഞ രണ്ട് വര്‍ഷത്തോളമായി ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോര്‍ (ടികെഎം). മാരുതി സുസുകി ബലേനോ, വിറ്റാര ബ്രെസ മോഡലുകളുടെ ടൊയോട്ട പതിപ്പുകളായി യഥാക്രമം ഗ്ലാന്‍സ, അര്‍ബന്‍ ക്രൂസര്‍ എന്നിവ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചിരുന്നു.

2019 ജൂലൈയിലാണ് ടൊയോട്ട ഗ്ലാന്‍സ ഇന്ത്യയില്‍ അവതരിപ്പിച്ചത്. പ്രീമിയം ഹാച്ച്ബാക്ക് സെഗ്‌മെന്റില്‍ ഏറ്റവും കൂടുതലായി വിറ്റുപോകുന്ന നാലാമത്തെ മോഡലായി ഈ വാഹനം മാറി. കഴിഞ്ഞ വര്‍ഷം അവസാനത്തോടെയാണ് ടൊയോട്ട അര്‍ബന്‍ ക്രൂസര്‍ പുറത്തിറക്കിയത്. മികച്ച സ്വീകരണമാണ് ലഭിച്ചത്. ടൊയോട്ടയുടെ ആകെ വില്‍പ്പനയില്‍ അമ്പതിനായിരത്തില്‍ കൂടുതല്‍ യൂണിറ്റ് സംഭാവന ചെയ്തത് ഈ രണ്ട് മോഡലുകളാണ്. ഫോര്‍ച്യൂണര്‍, ഇന്നോവ ക്രിസ്റ്റ മോഡലുകള്‍ക്കൊപ്പം ഓരോ മാസവും വിറ്റുപോകുന്ന പ്രധാന വാഹനങ്ങളായി ഈ രണ്ട് മോഡലുകള്‍ മാറിയിരുന്നു.

മാരുതി സുസുകി എര്‍ട്ടിഗയുടെ സ്വന്തം പതിപ്പ് വികസിപ്പിച്ചുവരികയാണ് ഇപ്പോള്‍ ടൊയോട്ട. ഇതുവഴി പുതിയ സെഗ്‌മെന്റിലേക്ക് പ്രവേശിക്കുകയാണ് കമ്പനി. ഈ വര്‍ഷം ഓഗസ്റ്റ് അവസാനത്തോടെ മാരുതി സുസുകി എര്‍ട്ടിഗയുടെ റീബാഡ്ജ് വേര്‍ഷന്‍ ഇന്ത്യന്‍ വിപണിയില്‍ ടൊയോട്ട അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. പുറം രൂപകല്‍പ്പനയില്‍ ചെറിയ മാറ്റങ്ങള്‍ ഉണ്ടായിരിക്കും. കൂടാതെ പുതിയ ഗ്രില്‍ നല്‍കും.

റീബാഡ്ജ് ചെയ്യുന്നതുകൊണ്ടുതന്നെ, പുതിയ നെയിംപ്ലേറ്റ് വഹിച്ചായിരിക്കും ടൊയോട്ട എംപിവി വരുന്നത്. ടൊയോട്ട നിരയില്‍ ഇന്നോവ ക്രിസ്റ്റയ്ക്കു താഴെയായിരിക്കും പുതിയ മോഡലിന് സ്ഥാനം. നിലവില്‍ 7.7 ലക്ഷം മുതല്‍ 10.5 ലക്ഷം രൂപ വരെയാണ് മാരുതി സുസുകി എര്‍ട്ടിഗയുടെ എക്‌സ് ഷോറൂം വില. റീബാഡ്ജ് ചെയ്ത മോഡലിന് വേരിയന്റുകളുടെ എണ്ണം താരതമ്യേന കുറവായിരിക്കും.

വാഹനത്തിനകത്ത് സമാനമായ ഫീച്ചറുകള്‍ ഉണ്ടായിരിക്കും. അതേ 1.5 ലിറ്റര്‍, 4 സിലിണ്ടര്‍, കെ15ബി, മൈല്‍ഡ് ഹൈബ്രിഡ് പെട്രോള്‍ എന്‍ജിനായിരിക്കും ഉപയോഗിക്കുന്നത്. ഈ  പവര്‍ട്രെയ്ന്‍ 104.7 പിഎസ് കരുത്തും 138 എന്‍എം ടോര്‍ക്കും പരമാവധി ഉല്‍പ്പാദിപ്പിക്കും. എര്‍ട്ടിഗയിലെ അതേ 5 സ്പീഡ് മാന്വല്‍, 4 സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് എന്നിവയായിരിക്കും ട്രാന്‍സ്മിഷന്‍ ഓപ്ഷനുകള്‍.

Maintained By : Studio3