മൂന്ന് പുതിയ സ്മാര്‍ട്ട് വാച്ചുകളുമായി ടൈറ്റന്‍
1 min readട്രാക്യു ലൈറ്റ്, ട്രാക്യു കാര്‍ഡിയോ, ട്രാക്യു ട്രയാത്‌ലോണ്‍ എന്നിവയാണ് വാച്ചുകള്‍
ഇന്ത്യയില്‍ ടൈറ്റന്‍ മൂന്ന് പുതിയ സ്മാര്‍ട്ട് വാച്ചുകള്‍ അവതരിപ്പിച്ചു. ട്രാക്യു ലൈറ്റ്, ട്രാക്യു കാര്‍ഡിയോ, ട്രാക്യു ട്രയാത്‌ലോണ്‍ എന്നിവയാണ് പുതിയ ഫിറ്റ്‌നസ് ഗിയര്‍ ബ്രാന്‍ഡായ ‘ട്രാക്യു’വിനുകീഴിലെ മൂന്ന് വാച്ചുകള്‍. ഇന്‍ബില്‍റ്റ് ജിപിഎസ്, ഹൃദയമിടിപ്പ് നിരീക്ഷണം, ബ്രൈറ്റ് കളര്‍ ഓപ്ഷനുകള്‍ തുടങ്ങിയവ ഫീച്ചറുകളാണ്.
ഇന്ത്യന്‍ ഉപയോക്താക്കളെ, പ്രത്യേകിച്ച് സ്‌പോര്‍ട്‌സ് പ്രേമികളെയാണ് ട്രാക്യു ബ്രാന്‍ഡ് വഴി ലക്ഷ്യം വെയ്ക്കുന്നത്. ഓട്ടം, സൈക്കിള്‍ ചവിട്ടല്‍, നീന്തല്‍ തുടങ്ങിയ ഫിറ്റ്‌നസ് , വര്‍ക്ക്ഔട്ട് പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാന്‍ ഈ സ്മാര്‍ട്ട് വാച്ചുകള്‍ക്ക് കഴിയും. ടൈറ്റന്‍ ഓണ്‍ലൈന്‍ സ്റ്റോറില്‍നിന്നും ആമസോണ്‍, ടാറ്റ ക്ലിക്ക് എന്നീ ഇ കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളില്‍നിന്നും വെയറബിള്‍സ് വാങ്ങാം.
ടൈറ്റന്‍ ട്രാക്യു ലൈറ്റ് എന്ന എന്‍ട്രി ലെവല്‍ ആക്റ്റിവിറ്റി ട്രാക്കിംഗ് വാച്ചിന് 3,999 രൂപയാണ് വില. പച്ച, ഓറഞ്ച്, ചുവപ്പ്, മഞ്ഞ എന്നീ നിറങ്ങളില്‍ ലഭിക്കും.
വര്‍ക്ക്ഔട്ട് സമയങ്ങളില്‍ ഹൃദയമിടിപ്പ് നിരക്ക് അളക്കുന്ന ചെസ്റ്റ് സ്ട്രാപ്പ് ഈ സ്മാര്‍ട്ട് വാച്ചിനൊപ്പം ലഭിക്കും. 25 വര്‍ക്ക്ഔട്ട് സെഷനുകള്‍ വരെ റെക്കോര്‍ഡ് ചെയ്യാന്‍ ടൈറ്റന്‍ ട്രാക്യു ലൈറ്റ് സ്മാര്‍ട്ട് വാച്ചിന് കഴിയും.
ടൈറ്റന്‍ ട്രാക്യു കാര്‍ഡിയോ വാച്ചിന് 16,999 രൂപയാണ് വില. പച്ച, ഓറഞ്ച്, മഞ്ഞ നിറങ്ങളില്‍ ലഭിക്കും. ട്രാക്യു ട്രയാത്‌ലോണ്‍ സ്മാര്‍ട്ട് വാച്ചിന് 17,999 രൂപയാണ് വില. നീല, പച്ച, ചുവപ്പ് കളര്‍ ഓപ്ഷനുകളില്‍ ലഭിക്കും.
മീഡിയടെക് സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള ഓണ്‍ബോര്‍ഡ് ജിപിഎസ് നല്‍കിയതാണ് ടൈറ്റന്‍ ട്രാക്യു കാര്‍ഡിയോ, ടൈറ്റന്‍ ട്രാക്യു ട്രയാത്‌ലോണ്‍ സ്മാര്‍ട്ട് വാച്ചുകള്‍. ജിപിഎസിന് സ്മാര്‍ട്ട് വാച്ചില്‍ സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ കഴിയും. സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിക്കേണ്ട ആവശ്യം വരില്ല. ഹൃദയമിടിപ്പ് നിരീക്ഷിക്കുന്ന ഫീച്ചര്‍ കൂടി വെയറബിളുകളില്‍ നല്‍കി. 5 എടിഎം വാട്ടര്‍ റെസിസ്റ്റന്‍സ് രണ്ട് വാച്ചുകളിലെയും സവിശേഷതയാണ്. മഡ്, ഇംപാക്റ്റ് റെസിസ്റ്റന്റ് കൂടി ലഭിച്ചു.
290 എംഎഎച്ച് ബാറ്ററിയാണ് രണ്ട് സ്മാര്‍ട്ട് വാച്ചുകളും ഉപയോഗിക്കുന്നത്. സ്റ്റാന്‍ഡേഡ് മോഡില്‍ ഏഴ് ദിവസം വരെ ബാറ്ററി നീണ്ടുനില്‍ക്കും. രണ്ട് വാച്ചുകളും ഹാര്‍ട്ട് റേറ്റ് സ്ട്രാപ്പുകള്‍, ഫൂട്ട് പോഡുകള്‍ ഉള്‍പ്പെടെയുള്ള എഎന്‍ടി എനേബിള്‍ഡ് ഡിവൈസുകളുമായി കണക്റ്റ് ചെയ്യാം. തെളിഞ്ഞ കാഴ്ച്ച ലഭിക്കുന്നതിന് ട്രാന്‍സ്ഫ്‌ളെക്റ്റീവ് ഡിസ്‌പ്ലേയാണ് സ്മാര്‍ട്ട് വാച്ചുകളില്‍ നല്‍കിയത്.
മെസേജ് അലര്‍ട്ടുകള്‍, കാലാവസ്ഥ വിവരങ്ങള്‍, അലാം, സ്റ്റോപ്പ് വാച്ച്, മ്യൂസിക് കണ്‍ട്രോള്‍ തുടങ്ങിയ സാധാരണ സ്മാര്‍ട്ട് വാച്ച് ഫംഗ്ഷനുകളും രണ്ട് വാച്ചുകളില്‍ ലഭിക്കും. കൂടുതല്‍ ഫംഗ്ഷനുകള്‍ക്കായി ട്രാക്യു ആപ്പ് ഡൗണ്‍ലോഡ് ചെയ്യാം.