വിപണി അവതരണത്തിന് മുന്നേ ടെസ്‌ല മോഡല്‍ 3 ഇന്ത്യയില്‍ പരീക്ഷിക്കുന്നു
ഇന്ത്യയില്‍ പരീക്ഷിക്കുന്നതിനായി മൂന്ന് യൂണിറ്റ് മോഡല്‍ 3 ഇതിനകം രാജ്യത്ത് എത്തിച്ചിരുന്നു
മുംബൈ: ടെസ്‌ല മോഡല്‍ 3 ഇന്ത്യയില്‍ പരീക്ഷിക്കുന്നു. ഇന്ത്യന്‍ വിപണിയില്‍ ഔദ്യോഗികമായി അവതരിപ്പിക്കുന്നതിന് മുന്നോടിയായാണ് ഇന്ത്യന്‍ മണ്ണില്‍ ഇലക്ട്രിക് സെഡാന്‍ പരീക്ഷണം നടത്തുന്നത്. പുണെയിലാണ് ഇലക്ട്രിക് കാര്‍ പരീക്ഷണ ഓട്ടം നടത്തുന്നതായി കണ്ടെത്തിയത്. നീല കളര്‍ ഓപ്ഷന്‍ ലഭിച്ച കാറാണ് പരീക്ഷണം നടത്തുന്നത്. ഇന്ത്യയില്‍ പരീക്ഷിക്കുന്നതിനായി മൂന്ന് യൂണിറ്റ് മോഡല്‍ 3 ഇതിനകം രാജ്യത്ത് എത്തിച്ചിരുന്നു.
ഈ വര്‍ഷമോ അടുത്ത വര്‍ഷം തുടക്കത്തിലോ ഇന്ത്യയിലെ ആദ്യ ടെസ്‌ല കാറായി മോഡല്‍ 3 വിപണിയില്‍ അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ടെസ്‌ല ഇന്ത്യന്‍ വിപണിയില്‍ പ്രവേശിക്കുകയാണെന്ന് ഇലോണ്‍ മസ്‌ക് നേരത്തെ പ്രഖ്യാപിച്ചിരുന്നു. തുടക്കത്തില്‍ പൂര്‍ണമായി നിര്‍മിച്ചശേഷം ടെസ്‌ല മോഡല്‍ 3 ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യും. ടെസ്‌ലയുടെ ഏറ്റവും താങ്ങാവുന്ന കാറാണ് മോഡല്‍ 3.
ഇന്ത്യയില്‍ മുംബൈ ആസ്ഥാനമായി ടെസ്‌ല പ്രവര്‍ത്തിക്കും. അതേസമയം കര്‍ണാടകയില്‍ മാനുഫാക്ച്ചറിംഗ് പ്ലാന്റ് സ്ഥാപിക്കും. ബെംഗളൂരു ആസ്ഥാനമായി ടെസ്‌ല ഇന്ത്യ മോട്ടോഴ്‌സ് ആന്‍ഡ് എനര്‍ജി പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനി രജിസ്റ്റര്‍ ചെയ്തിരുന്നു. ഇന്ത്യയില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നതിന് മുന്നോടിയായി ഉദ്യോഗസ്ഥരെ നിയമിച്ചുവരികയാണ് അമേരിക്കന്‍ ഇലക്ട്രിക് കാര്‍ നിര്‍മാതാക്കള്‍. തുടക്കത്തില്‍ മുംബൈ, ന്യൂഡെല്‍ഹി, ബെംഗളൂരു എന്നിവിടങ്ങളില്‍ മാത്രം ഡീലര്‍ഷിപ്പുകള്‍ സ്ഥാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.