ഓരോ ദരിദ്ര ദലിത കുടുംബത്തിനും 10ലക്ഷം വീതം തെലങ്കാന നല്‍കും
1 min readഹൈദരാബാദ്: ദലിതരുടെ ശാക്തീകരണത്തിനായി തെലങ്കാന സര്‍ക്കാര്‍ പ്രത്യേക പദ്ധതി ആവിഷ്ക്കരിക്കുന്നു. ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള ഓരോ ഗുണഭോക്തൃ ദലിത് കുടുംബത്തിനും 10 ലക്ഷം രൂപ ധനസഹായം നല്‍കും. മുഖ്യമന്ത്രി ദലിത് ശാക്തീകരണ പദ്ധതിയുടെ ആദ്യ ഘട്ടത്തില്‍ 119 നിയമസഭാ മണ്ഡലങ്ങളില്‍ നിന്ന് 100 കുടുംബങ്ങളെ തിരിച്ചറിയും. മൊത്തം 11,900 കുടുംബങ്ങള്‍ക്ക് സഹായം നല്‍കും. പദ്ധതിക്കായി സംസ്ഥാന സര്‍ക്കാര്‍ 1,200 കോടി രൂപ നീക്കിവയ്ക്കും.
ധനസഹായം തെരഞ്ഞെടുത്ത ദലിത് ഗുണഭോക്താക്കളുടെ ബാങ്ക് എക്കൗണ്ടുകളിലേക്ക് നേരിട്ട് ക്രെഡിറ്റ് ചെയ്യും. മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവു വിളിച്ചു ചേര്‍ന്ന ഓള്‍ പാര്‍ട്ടി യോഗത്തിലാണ് തീരുമാനങ്ങള്‍. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും നേതാക്കള്‍, ദലിത് പ്രതിനിധികള്‍, ബുദ്ധിജീവികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്ത യോഗം 11 മണിക്കൂര്‍ നീണ്ടുനിന്നു. ഈ പദ്ധതി പ്രകാരം യോഗ്യരായ ദരിദ്ര ദലിത് ഗുണഭോക്താക്കള്‍ക്ക് ബാങ്ക് ഗ്യാരന്‍റി ഇല്ലാതെ സഹായം നല്‍കും. ദലിതരെ സാമ്പത്തികമായി സ്വയംപര്യാപ്തരാക്കുകയെന്ന ലക്ഷ്യത്തോടെയുള്ള രാജ്യത്തെ ആദ്യത്തെ സംരംഭമാണിതെന്ന് സര്‍ക്കാര്‍ അവകാശപ്പെടുന്നു.
നിര്‍ദ്ദിഷ്ട ദലിത് ശാക്തീകരണ പരിപാടി അവരുടെ ജീവിതത്തില്‍ ഗുണപരമായ മാറ്റം വരുത്തുമെന്നും അധസ്ഥിതരുടെ ഉന്നമനത്തിനായുള്ള മുഖ്യമന്ത്രിയുടെ ആശയങ്ങള്‍ രാജ്യത്തിന് ഒരു മാതൃകയായി മാറിയെന്നും ഓള്‍ പാര്‍ട്ടി യോഗം അഭിപ്രായപ്പെട്ടു. ദലിതരെ പങ്കാളികളാക്കാനും അവരുമായി ഐക്യത്തോടെ നിലകൊള്ളാനും അവരുടെ അപകര്‍ഷത ഇല്ലാതാക്കാനും അവരുടെ ചിന്താ പ്രക്രിയയിലും മനോഭാവത്തിലും ഗുണപരമായ മാറ്റം വരുത്താനുമാണ് യോഗം വിളിച്ചുചേര്‍ത്തതെന്ന് മുഖ്യമന്ത്രി കെസിആര്‍ പറഞ്ഞു.
‘ദലിതര്‍ സാമൂഹികവും സാമ്പത്തികവുമായ വിവേചനത്തിന് വിധേയരാകുന്നത് ഇന്ത്യന്‍ സമൂഹത്തെ ബാധിക്കുന്ന കാര്യമാണ്. ഇത് നമ്മളെ എല്ലാവരെയും അലോസരപ്പെടുത്തുന്നു. അവരുടെ വികസനത്തിനും ക്ഷേമത്തിനുമായി തെലങ്കാന സംസ്ഥാന സര്‍ക്കാര്‍ നിരവധി പദ്ധതികളും പരിപാടികളും അവതരിപ്പിച്ചിട്ടുണ്ട്. കാര്‍ഷിക, വിദ്യാഭ്യാസ മേഖലകളില്‍ ഗുണപരമായ മാറ്റം കൈവരിക്കുന്നുമുണ്ട്. എന്നാല്‍ ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള ദലിത് കുടുംബങ്ങളെ വികസനത്തിലേക്ക് നീക്കുകയെന്ന ലക്ഷ്യത്തോടെയാണ് 1,200 കോടി രൂപ മുടക്കി മുഖ്യമന്ത്രി ദലിത് ശാക്തീകരണ പദ്ധതി ആരംഭിക്കുന്നത്’,കെസിആര്‍ പറഞ്ഞു.
സമൂഹത്തെ മുന്നോട്ട് നയിക്കേണ്ടത് സര്‍ക്കാരിന്‍റെ ഉത്തരവാദിത്തമാണ്. ഏത് അലസതയും ഭാവി തലമുറകള്‍ക്ക് വലിയ നഷ്ടമുണ്ടാക്കുമെന്നും ഇതിന് ഭരണാധികാരികള്‍ ഉത്തരവാദികളാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കന്യാകുമാരി മുതല്‍ കശ്മീര്‍ വരെ ദലിതര്‍ സാമൂഹികമായും സാമ്പത്തികമായും ചൂഷണം ചെയ്യപ്പെടുന്ന വിഭാഗങ്ങളാണ്. ഈ പ്രവണത ഒഴിവാക്കണമെന്ന് അദ്ദേഹം പറഞ്ഞു.
ദലിതരുടെ സാമൂഹികവും സാമ്പത്തികവുമായ പ്രശ്നങ്ങള്‍ തിരിച്ചറിയാനും അവയ്ക്ക് പരിഹാരങ്ങള്‍ കണ്ടെത്താനും കെസിആര്‍ ഉദ്യോഗസ്ഥരോട് നിര്‍ദ്ദേശിച്ചു. മുഖ്യമന്ത്രി ദലിത് ശാക്തീകരണ പരിപാടി അവരുടെ മറ്റ് ക്ഷേമ, വികസന പദ്ധതികള്‍ക്കൊപ്പം നടപ്പാക്കും. എല്ലാ പദ്ധതികളുടെയും ഗുണഭോക്താക്കളെ പതിവായി നിരീക്ഷിക്കുകയും മണ്ഡല തലത്തില്‍ ഇതിനായി ഒരു ഉദ്യോഗസ്ഥനെ നിയമിക്കുകയും ചെയ്യണമെന്ന് അദ്ദേഹം നിര്‍ദേശിച്ചു. ദലിത് ശാക്തീകരണ കാര്യങ്ങളില്‍ സിഎംഒയില്‍ ഒരു ഉദ്യോഗസ്ഥനെ നിയമിക്കുമെന്നും അദ്ദേഹം ഉറപ്പ് നല്‍കി. പട്ടികജാതി കുടുംബങ്ങളുടെ പ്രൊഫൈലുകള്‍ തയ്യാറാക്കാന്‍ കെസിആര്‍ വകുപ്പുമന്ത്രി കൊപ്പുല ഈശ്വറിനോട് ആവശ്യപ്പെട്ടു. ദലിത് വിദ്യാര്‍ത്ഥികള്‍ക്കായി എത്ര പഠന സര്‍ക്കിളുകള്‍ സ്ഥാപിക്കാമെന്ന് കണ്ടെത്താനും ഉദ്യോഗസ്ഥരോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്.