എന്‍ട്രി ലെവല്‍ സ്മാര്‍ട്ട്‌ഫോണ്‍ 2021 ടെക്‌നോ സ്പാര്‍ക്ക് ഗോ അവതരിപ്പിച്ചു
1 min read2 ജിബി റാം, 32 ജിബി സ്‌റ്റോറേജ് വേരിയന്റിന് 7,299 രൂപയാണ് വില. പ്രാരംഭ വില 6,699 രൂപ
ന്യൂഡെല്‍ഹി: 2021 മോഡല്‍ ടെക്‌നോ സ്പാര്‍ക്ക് ഗോ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. ഒരു വേരിയന്റില്‍ മാത്രമാണ് എന്‍ട്രി ലെവല്‍ സ്മാര്‍ട്ട്‌ഫോണ്‍ വരുന്നത്. 2 ജിബി റാം, 32 ജിബി സ്‌റ്റോറേജ് വേരിയന്റിന് 7,299 രൂപയാണ് വില. എന്നാല്‍ പ്രാരംഭ വില 6,699 രൂപയാണ്. ഗാലക്‌സി ബ്ലൂ, ഹൊറൈസണ്‍ ഓറഞ്ച്, മാല്‍ഡീവ്‌സ് ബ്ലൂ എന്നിവയാണ് മൂന്ന് കളര്‍ ഓപ്ഷനുകള്‍. ജൂലൈ 7 ന് ഉച്ചയ്ക്ക് 12 മണിക്ക് ആമസോണില്‍ വില്‍പ്പന ആരംഭിക്കും.
ഇരട്ട നാനോ സിം കാര്‍ഡുകള്‍ ഉപയോഗിക്കാവുന്ന 2021 ടെക്‌നോ സ്പാര്‍ക്ക് ഗോ പ്രവര്‍ത്തിക്കുന്നത് ആന്‍ഡ്രോയ്ഡ് 10 (ഗോ എഡിഷന്‍) ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ്. 20:9 കാഴ്ച്ചാ അനുപാതം, 480 നിറ്റ് പരമാവധി തെളിച്ചം എന്നിവ സഹിതം 6.52 ഇഞ്ച് എച്ച്ഡി പ്ലസ് (720, 1600 പിക്‌സല്‍) ‘ഡോട്ട് നോച്ച്’ ഡിസ്‌പ്ലേ നല്‍കി. വശങ്ങളില്‍ സ്ലിം ബെസെലുകള്‍ കാണാം. ക്വാഡ് കോര്‍ മീഡിയടെക് ഹീലിയോ എ20 എസ്ഒസിയാണ് കരുത്തേകുന്നത്. മൈക്രോഎസ്ഡി കാര്‍ഡ് ഉപയോഗിച്ച് 256 ജിബി വരെ സ്‌റ്റോറേജ് വര്‍ധിപ്പിക്കാന്‍ കഴിയും.
എഫ്/1.8 ലെന്‍സ് സഹിതം 13 മെഗാപിക്‌സല്‍ പ്രൈമറി സെന്‍സര്‍ ഉള്‍പ്പെടുന്നതാണ് പിറകിലെ ഇരട്ട കാമറ സംവിധാനം. രണ്ടാമത്തെ കാമറയുടെ വിശദാംശങ്ങള്‍ ലഭ്യമല്ല. മുന്നിലെ നോച്ചില്‍ എഫ്/2.0 അപ്പര്‍ച്ചര്‍ സഹിതം 8 മെഗാപിക്‌സല്‍ സെല്‍ഫി ഷൂട്ടര്‍ സ്ഥാപിച്ചു.
4ജി എല്‍ടിഇ, വൈഫൈ, ബ്ലൂടൂത്ത് 4.2 തുടങ്ങിയവ കണക്റ്റിവിറ്റി ഓപ്ഷനുകളാണ്. ആക്‌സെലറോമീറ്റര്‍, ആംബിയന്റ് ലൈറ്റ് സെന്‍സര്‍, പ്രോക്‌സിമിറ്റി സെന്‍സര്‍ എന്നീ സെന്‍സറുകളും ലഭിച്ചു. ഫിംഗര്‍പ്രിന്റ് സ്‌കാനര്‍ പിറകിലാണ് നല്‍കിയത്. 5,000 എംഎഎച്ച് ബാറ്ററി ഉപയോഗിക്കുന്നു. അതിവേഗ ചാര്‍ജിംഗ് സാധ്യമാണോയെന്ന് വ്യക്തമല്ല. സ്മാര്‍ട്ട്‌ഫോണിന്റെ ഉയരം, വീതി, വണ്ണം എന്നിവ യഥാക്രമം 165.6 എംഎം, 76.3 എംഎം, 9.1 എംഎം എന്നിങ്ങനെയാണ്.