അത്യാധുനിക എഐ ചിപ്പുകള്‍ പുറത്തിറക്കാനൊരുങ്ങി ടെക്നോപാര്‍ക്ക് സ്റ്റാര്‍ട്ടപ്പ് നേത്രസെമി

തിരുവനന്തപുരം: സംസ്ഥാനത്തെ സെമികണ്ടക്ടര്‍ ആവാസവ്യവസ്ഥയ്ക്ക് ഉത്തേജനമേകി ടെക്നോപാര്‍ക്കിലെ എഡ്ജ് എഐ സെമികണ്ടക്ടര്‍ ടെക്നോളജി സ്റ്റാര്‍ട്ടപ്പ് നേത്രസെമി ഈ വര്‍ഷം രണ്ട് അത്യാധുനിക എഐ ചിപ്പുകള്‍ പുറത്തിറക്കും. ഇന്ത്യയിലും വിദേശത്തുമുള്ള പ്രധാന സര്‍വൈലന്‍സ് സ്മാര്‍ട്ട് വിഷന്‍ പ്രൊഡക്ടായ ഒഇഎമ്മുകളുമായി (ഒറിജിനല്‍ എക്യുപ്മെന്‍റ് മാനുഫാക്ചേഴ്സ്) സഹകരിക്കാനും ഒരുങ്ങുകയാണ് നേത്രസെമി. 2028 ഓടെ ആഗോളതലത്തില്‍ മുന്‍നിര എന്‍ഡ്-ടു-എന്‍ഡ് സ്മാര്‍ട്ട് വിഷന്‍ സിലിക്കണ്‍ സൊല്യൂഷന്‍ ദാതാക്കളായി മാറാനാണ് കമ്പനി ലക്ഷ്യമിടുന്നത്. നേത്രസെമിയുടെ മൂന്ന് ചിപ്പുകളും 2026 അവസാനത്തോടെ വോളിയം പ്രൊഡക്ഷന്‍ ഘട്ടത്തിലായിരിക്കുമെന്ന് ടെക്നോപാര്‍ക്കിന്‍റെ ഔദ്യോഗിക വോഡ്കാസ്റ്റായ ‘ആസ്പയര്‍: സ്റ്റോറീസ് ഓഫ് ഇന്നൊവേഷന്‍’ എന്ന പരിപാടിയില്‍ സ്റ്റാര്‍ട്ടപ്പിന്‍റെ ഭാവി പദ്ധതികള്‍ വെളിപ്പെടുത്തിക്കൊണ്ട് നേത്രസെമി സിഇഒ ജ്യോതിസ് ഇന്ദിരാഭായ് അറിയിച്ചു.
2020 ല്‍ ജ്യോതിസ് ഇന്ദിരാഭായ്, ശ്രീജിത്ത് വര്‍മ്മ, ദീപ ഗീത എന്നിവര്‍ ചേര്‍ന്നാണ് സ്മാര്‍ട്ട് ഐഒടി ഉല്‍പ്പന്നങ്ങള്‍ക്ക് ഒപ്റ്റിമല്‍ കമ്പ്യൂട്ടിംഗിനുള്ള സിസ്റ്റംസ് ഓണ്‍ ചിപ്പ് (എസ്ഒസിഎസ്) സൊല്യൂഷനുകള്‍ നിര്‍മ്മിക്കുന്ന നേത്രസെമി ആരംഭിച്ചത്. എഡ്ജ് എഐ വിപണിയില്‍ ആകര്‍ഷകമാക്കുന്നതിന് ചിപ്പില്‍ മികച്ച ഊര്‍ജ്ജ കാര്യക്ഷമതയും പ്രകടനവും ആവശ്യമാണെന്നും ഇത് സാധ്യമാക്കുന്ന വിധത്തിലാണ് നേത്രസെമിയുടെ സിസ്റ്റം-ഓണ്‍-ചിപ്പുകള്‍ രൂപകല്‍പ്പന ചെയ്തിട്ടുള്ളതെന്നും ജ്യോതിസ് പറഞ്ഞു. ഈ മേഖലയിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് മൂലധന സമാഹരണത്തിന്‍റെ വെല്ലുവിളി നേരിടുന്നതിന് രാജ്യത്തെ സെമികണ്ടക്ടര്‍ വ്യവസായവുമായി ശക്തമായ നിക്ഷേപക പരിചയം അത്യന്താപേക്ഷിതമാണെന്നും ജ്യോതിസ് വ്യക്തമാക്കി. സെമികണ്ടക്ടര്‍ ആവാസവ്യവസ്ഥയ്ക്ക് അനുയോജ്യമായ നഗരമാണ് തിരുവനന്തപുരമെന്ന് ജ്യോതിസ് ചൂണ്ടിക്കാട്ടി. ഈ മേഖലയില്‍ പരിശീലനം ലഭിച്ച ഒരു സംഘത്തെ നേത്രസെമി ഇതിനകം സൃഷ്ടിച്ചിട്ടുണ്ട്. ടെക്നോപാര്‍ക്കിലും കേരളത്തിലുടനീളവും നിരവധി സെമികണ്ടക്ടര്‍ ഉല്‍പ്പന്ന കമ്പനികളുണ്ട്. അത്യാധുനിക അടിസ്ഥാന സൗകര്യങ്ങള്‍ക്ക് പുറമേ ടെക്നോപാര്‍ക്കിന്‍റെ ഏറ്റവും വലിയ സംഭാവന കമ്പനികള്‍ക്ക് വളരാനുള്ള മികച്ച സാമൂഹികാന്തരീക്ഷമാണെന്ന് ജ്യോതിസ് പറഞ്ഞു. ഇത് സ്റ്റാര്‍ട്ടപ്പുകള്‍ക്ക് പരസ്പരം ഇടപഴകാനും ഭാവിക്ക് അനുയോജ്യമായ സാങ്കേതികവിദ്യകള്‍ സൃഷ്ടിക്കാനും അവസരമൊരുക്കുന്നു. ഭാവിയിലെ ഉല്‍പ്പന്ന നിര്‍മ്മാണത്തിന്‍റെ ഇന്ധനമാണ് സെമികണ്ടക്ടറുകളെന്ന് ജ്യോതിസ് അഭിപ്രായപ്പെട്ടു. സെമികണ്ടക്ടര്‍ ആവാസവ്യവസ്ഥ നിര്‍മ്മിക്കാന്‍ രാജ്യങ്ങള്‍ കോടിക്കണക്കിന് രൂപയാണ് ചെലവഴിക്കുന്നത്. വിദേശത്തുനിന്ന് ഉല്‍പ്പന്നങ്ങളുടെ ഭാഗങ്ങള്‍ ഇറക്കുമതി ചെയ്യുന്ന പതിവ് ഇന്ത്യയിലുണ്ട്. ഇതിനുപകരം ഉല്‍പ്പന്ന നിര്‍മ്മാണത്തിനായി ഇന്ത്യയില്‍ നിര്‍മ്മിച്ച ചിപ്പ് ഉപയോഗിക്കണം. സെമികണ്ടക്ടര്‍ വികസനം വളരെ ചെലവേറിയ പ്രവര്‍ത്തനമാണ്. ഏറ്റവും ലളിതമായ ചിപ്പുകള്‍ക്ക് പോലും ഏകദേശം 30 മില്യണ്‍ യുഎസ് ഡോളര്‍ നിര്‍മ്മാണച്ചെലവുണ്ട്. എഡ്ജ് എഐ രാജ്യത്തിനും കേരളത്തിനും പുതിയ അവസരമാണ്. ഈ സാങ്കേതികവിദ്യയ്ക്കായി ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കാന്‍ നമുക്ക് സാധിക്കും. കേരളത്തില്‍ ഒരു സെമി കണ്ടക്ടര്‍ ആവാസവ്യവസ്ഥ സൃഷ്ടിക്കുന്നതില്‍ ഭൂമിശാസ്ത്ര സാഹചര്യം, ജനസംഖ്യ, വരുമാനം, തൊഴിലിന്‍റെ ഗുണനിലവാരം തുടങ്ങിയ ഘടകങ്ങള്‍ സര്‍ക്കാര്‍ ശ്രദ്ധാപൂര്‍വ്വം പരിഗണിക്കേണ്ടതുണ്ട്. രൂപകല്‍പ്പന, നിര്‍മ്മാണം എന്നിങ്ങനെ സെമികണ്ടക്ടറുകളില്‍ ഒന്നിലധികം വിഭാഗങ്ങളുണ്ട്. കേരളത്തിന് അനുയോജ്യമായത് എന്താണെന്ന് സര്‍ക്കാര്‍ പഠിക്കുകയും തിരിച്ചറിയുകയും വേണം. സംസ്ഥാനത്തിന്‍റെ സെമികണ്ടക്ടര്‍ വ്യവസായത്തിനായി ഒരു ഉല്‍പ്പന്ന ദൗത്യവും 10 വര്‍ഷത്തെ പദ്ധതിയും ഉണ്ടായിരിക്കണമെന്നും ജ്യോതിസ് കൂട്ടിച്ചേര്‍ത്തു. പേറ്റന്‍റ് ചെയ്ത ആര്‍ക്കിടെക്ചറിനെ അടിസ്ഥാനമാക്കി ഓണ്‍-ഡിവൈസ് വീഡിയോ അനലിറ്റിക്സ് കഴിവുകള്‍ക്കായി എഐ, എംഎല്‍, വിഷന്‍ ഹാര്‍ഡ് വെയര്‍ ആക്സിലറേഷന്‍ ഐപികള്‍ ഉള്ള ഇന്ത്യയിലെ ആദ്യത്തെ ചിപ്പ് കമ്പനിയാണ് നേത്രസെമി. ഇന്ത്യയിലെ ആദ്യത്തെ ഡൈ-ടു-ഡൈ സിലിക്കണ്‍ ഐപി, ചിപ്ലെറ്റ് സൊല്യൂഷന്‍ ദാതാക്കളില്‍ ഒന്നാണിത്. അടുത്തിടെ യൂണികോണ്‍ ഇന്ത്യ വെഞ്ച്വേഴ്സില്‍ നിന്ന് സീഡ് റൗണ്ടുകളിലൂടെ 18.5 കോടി രൂപ ഈ സ്റ്റാര്‍ട്ടപ്പ് സമാഹരിച്ചു. കൂടാതെ ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മന്ത്രാലയത്തില്‍ നിന്ന് ഡിസൈന്‍-ലിങ്ക്ഡ് ഇന്‍സെന്‍റീവുകളായി 15 കോടി രൂപയും ചിപ്പ്-ടു-സ്റ്റാര്‍ട്ടപ്പ് ഗ്രാന്‍റായി 5 കോടി രൂപയും ലഭിച്ചു. നേത്രസെമിയുടെ രണ്ട് ചിപ്പുകള്‍ (നേത്രഎസ്ഒസി എ2000, ആര്‍1000) ലോകത്തിലെ ഏറ്റവും വലിയ ചിപ്പ് നിര്‍മ്മാതാക്കളായ തായ് വാന്‍ സെമികണ്ടക്ടര്‍ മാനുഫാക്ചറിംഗ് കമ്പനി ലിമിറ്റഡിന്‍റെ (ടിഎസ്എംസി) അഡ്വാന്‍സ്ഡ് പ്രോസസ് നോഡുകളില്‍ നിര്‍മ്മിക്കാന്‍ തയ്യാറാണ്. ഈ ചിപ്പുകള്‍ എട്ട് ടിഒപിഎസ് (ടെറാ ഓപ്പറേഷന്‍സ് പെര്‍ സെക്കന്‍ഡ്) എഐ പ്രോസസിംഗ് കഴിവുകള്‍ നല്‍കുന്നു. സ്മാര്‍ട്ട് ക്യാമറകള്‍, ഡ്രോണുകള്‍, റോബോട്ടുകള്‍, ഓട്ടോമൊബൈലുകള്‍ തുടങ്ങിയവയില്‍ അഡ്വാന്‍സ്ഡ് വീഡിയോ അനലിറ്റിക്സും സെന്‍സര്‍ ഫ്യൂഷന്‍ കഴിവുകളും ഇത് പ്രാപ്തമാക്കും. എന്‍ഡ്-ടു-എന്‍ഡ് ചിപ്പ് ഡിസൈനും എഐ ആപ്ലിക്കേഷന്‍ വികസിപ്പിക്കാനും കഴിവുള്ള 80 അംഗ സംഘമാണ് നേത്രസെമിക്ക് ടെക്നോപാര്‍ക്കിലുള്ളത്.