December 21, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

എ പ്ലസ്/സ്റ്റേബിള്‍ റേറ്റിംഗ് തുടര്‍ച്ചയായ നാലാം വര്‍ഷവും സ്വന്തമാക്കി ടെക്നോപാര്‍ക്ക്

1 min read

തിരുവനന്തപുരം: പ്രമുഖ റേറ്റിംഗ് ഏജന്‍സിയായ ക്രിസിലിന്‍റെ (ക്രെഡിറ്റ് റേറ്റിംഗ് ഇന്‍ഫര്‍മേഷന്‍ സര്‍വീസ് ഓഫ് ഇന്ത്യ ലിമിറ്റഡ്) എ പ്ലസ്/സ്റ്റേബിള്‍ റേറ്റിംഗ് നേട്ടം തുടര്‍ച്ചയായ നാലാം വര്‍ഷവും സ്വന്തമാക്കി ടെക്നോപാര്‍ക്ക്. സാമ്പത്തിക വളര്‍ച്ചയും പുരോഗതിയും നിലനിര്‍ത്തുന്നതിനാണ് അംഗീകാരം. ഇന്ത്യയിലെ ആദ്യത്തെ ഐടി പാര്‍ക്കായ ടെക്നോപാര്‍ക്കിന് 2021 ല്‍ ആണ് ആദ്യമായി ക്രിസില്‍ എ പ്ലസ്/സ്റ്റേബിള്‍ റേറ്റിംഗ് ലഭിച്ചത്. പിന്നീട് തുടര്‍ച്ചയായ വര്‍ഷങ്ങളില്‍ ഇത് നിലനിര്‍ത്താനായി. നിലവില്‍ ടെക്നോപാര്‍ക്കില്‍ 490 ഐടി, ഐടി ഇതര കമ്പനികളിലായി 75,000-ത്തിലധികം ജീവനക്കാരുമുണ്ട്. മുഴുവന്‍ ഓഫീസ് സ്ഥലവും പ്രയോജനപ്പെടുത്തിക്കൊണ്ടുള്ള ടെക്നോപാര്‍ക്കിന്‍റെ വിവിധ കാമ്പസുകളുടെ പ്രവര്‍ത്തനം, ക്ലയന്‍റുകളിലെ വൈവിധ്യത്തിലൂടെ ഉറപ്പാക്കുന്ന സാമ്പത്തികസ്ഥിരത, പ്രവൃത്തി പഥത്തിലുള്ള വന്‍ പദ്ധതികള്‍ തുടങ്ങിയവ റേറ്റിംഗില്‍ പരിഗണിച്ചു. തുടര്‍ച്ചയായ നാലാം വര്‍ഷവും ക്രിസിലിന്‍റെ എ പ്ലസ്/സ്റ്റേബിള്‍ റേറ്റിംഗ് നേടാനായത് ടെക്നോപാര്‍ക്കിന്‍റെ ശക്തമായ സാമ്പത്തികനിലയും സുസ്ഥിരമായ വളര്‍ച്ചയും അടിവരയിടുന്നതാണെന്ന് ടെക്നോപാര്‍ക്ക് സിഇഒ കേണല്‍ സഞ്ജീവ് നായര്‍ (റിട്ട.) പറഞ്ഞു. ഇത് ഒരു നാഴികക്കല്ലാണ്. ജീവനക്കാരുടെ പ്രതിബദ്ധതയും മാനേജ്മെന്‍റിന്‍റെ ഊര്‍ജ്ജസ്വലമായ ഇടപെടലും ഐടി പങ്കാളികളിലുള്ള വിശ്വസ്ഥതയും ആഗോള നിലവാരത്തിലുള്ള ഭാവി ഐടി ആവാസവ്യവസ്ഥ കെട്ടിപ്പടുക്കുന്നതിന് ഇത് പ്രചോദനമേകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എ പ്ലസ് റേറ്റിംഗ് ദീര്‍ഘകാല സുസ്ഥിരത നിലനിര്‍ത്തിക്കൊണ്ടുതന്നെ സാമ്പത്തിക ബാധ്യതകള്‍ നിറവേറ്റാനുള്ള ടെക്നോപാര്‍ക്കിന്‍റെ കഴിവിനെ എടുത്തുകാണിക്കുന്നതായി ടെക്നോപാര്‍ക്ക് സിഎഫ്ഒ ജയന്തി എല്‍ പറഞ്ഞു. ഈ നേട്ടം പാര്‍ക്കിന്‍റെ ഭരണമികവ്, തന്ത്രപരമായ മാനേജ്മെന്‍റ്, ഐടി മേഖലയിലെ മികച്ച സമ്പ്രദായങ്ങള്‍ പാലിക്കല്‍ എന്നിവയുടെ തെളിവാണ്. സാമ്പത്തികവും പ്രവര്‍ത്തനപരവുമായ ലക്ഷ്യങ്ങള്‍ വിന്യസിക്കുന്നതിലൂടെ കോര്‍പ്പറേറ്റ് സുസ്ഥിരതയ്ക്കും വിജയത്തിനുമുള്ള അടിസ്ഥാന ആവശ്യങ്ങളാണ് നിറവേറ്റുന്നത്. നിരന്തരമായ സാമ്പത്തിക ജാഗ്രതയിലൂടെ സ്ഥാപനം പുതിയ ഉയരങ്ങളിലെത്തുന്നുവെന്ന് ഉറപ്പാക്കുന്നത് അഭിമാനത്തോടൊപ്പം ഉത്തരവാദിത്തവുമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ(സെബി)യില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള റേറ്റിംഗ് ഏജന്‍സിയാണ് ക്രിസില്‍.

  2025 കാലയളവിൽ കൊപ്രയ്ക്കുള്ള കുറഞ്ഞ താങ്ങുവിലയിൽ 120 ശതമാനം വർദ്ധന
Maintained By : Studio3