ടാറ്റാ എഐഎ ലൈഫ് 861 കോടി രൂപയുടെ വാര്‍ഷിക ബോണസ് പ്രഖ്യാപിച്ചു
കൊച്ചി: രാജ്യത്തെ അതിവേഗം വളരുന്ന സ്വകാര്യ ഇന്‍ഷൂറന്‍സ് സ്ഥാപനങ്ങളിലൊന്നായ ടാറ്റാ എഐഎ ലൈഫ് ഇന്‍ഷൂറന്‍സ് 2022 സാമ്പത്തിക വര്‍ഷത്തേക്ക് പങ്കാളിത്ത പോളിസി ഉടമകള്‍ക്കായി 861 കോടി രൂപയുടെ ബോണസ് പ്രഖ്യാപിച്ചു. ഇത് തുടര്‍ച്ചയായ അഞ്ചാം വര്‍ഷമാണ് ടാറ്റാ എഐഎ ലൈഫ് ഇന്‍ഷൂറന്‍സ് ബോണസ് നല്‍കുന്നത്. ഇത്തവണത്തെ ബോണസ് 2021 സാമ്പത്തിക വര്‍ഷത്തെ അപേക്ഷിച്ച് 20 ശതമാനം കൂടുതലുമാണ്. 2022 മാര്‍ച്ച് 31-ന് പ്രാബല്യത്തിലുള്ള എല്ലാ പാര്‍ട്ടിസിപ്പേറ്റിങ് പോളിസികളിലും ബോണസിന് അര്‍ഹതയുണ്ടാകും.
തങ്ങളുടെ ഉപഭോക്താക്കളുടെ ദീര്‍ഘകാല സാമ്പത്തിക ക്ഷേമമാണ് ടാറ്റാ എഐഎയില്‍ തങ്ങള്‍ പരമപ്രധാനമായി കാണുന്നതെന്ന് ഇതേക്കുറിച്ചു പ്രതികരിക്കവെ ടാറ്റാ എഐഎ ലൈഫ് ചീഫ് ഫിനാന്‍ഷ്യല്‍ ഓഫിസര്‍ സമിത് ഉപോദ്യായ് പറഞ്ഞു. തങ്ങളുടെ ദീര്‍ഘകാല ഫണ്ട് മാനേജ്മെന്‍റ് രീതികളും മികച്ച നിക്ഷേപവും റിസ്ക്ക് മാനേജുമെന്‍റും ഉപഭോക്താക്കള്‍ക്കായി മികച്ച ബോണസ് പ്രഖ്യാപിക്കുന്നതിനു വഴിയൊരുക്കിയതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കമ്പനി 2021-22 സാമ്പത്തിക വര്‍ഷം 4,455 കോടി രൂപയുടെ വ്യക്തിഗത പുതിയ ബിസിനസ് പ്രീമിയം നേടിയിട്ടുണ്ട്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 30 ശതമാനം വര്‍ധനവാണിത്.