ടാറ്റ ടെലി സര്‍വീസസ് പ്രവര്‍ത്തനം വിപുലീകരിക്കും
സാങ്കേതിക മേഖലകള്‍ നേരിടുന്ന വെല്ലുവിളികളെപ്പറ്റി ഉച്ചകോടി സംഘടിപ്പിച്ചു
കൊച്ചി: ഇന്ത്യന്‍ ബിസിനസ് മേഖലയിലെ കണക്റ്റിവിറ്റി, പങ്കാളിത്ത സേവന ദാതാക്കളായ ടാറ്റ ടെലി ബിസിനസ് സര്‍വീസസ് പ്രവര്‍ത്തനം വിപുലീകരിക്കും. ഇതിന്റെ ഭാഗമായി സാങ്കേതിക മേഖലകള്‍ നേരിടുന്ന വെല്ലുവിളികളെപ്പറ്റി ടാറ്റ ടെലിബിസിനസ് സര്‍വീസസ് (ടിടിബിഎസ്) വിവിധ മേഖലകളിലെ സാങ്കേതിക വിദഗ്ധരുടെയും വ്യവസായ തലവന്മാരുടെയും ഉച്ചകോടി സംഘടിപ്പിച്ചു.
ചെറുകിട, ഇടത്തരം വ്യവസായങ്ങളെ ഡിജിറ്റലായി ശാക്തീകരിക്കുന്നതിനാണ് ഉച്ചകോടി ഊന്നല്‍ നല്‍കിയത്. ടാറ്റ ടെലി സര്‍വീസസ് വൈസ് പ്രസിഡന്റ് കെഎസ് കാളിദാസ് സമ്മേളനം ഉദ്ഘാടനം ചെയ്തു. വര്‍ക്ക് അറ്റ് ഹോം ജോലികള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ഓഫീസുകള്‍ പുന:ക്രമീകരിക്കേണ്ടതുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ചെറുകിട വ്യവസായങ്ങളുടെ വളര്‍ച്ചയ്ക്ക് ഉതകുന്ന ഉള്‍ക്കാഴ്ച്ച ലഭ്യമാക്കാന്‍ ഡിജിറ്റല്‍ ശാക്തീകരണം അനിവാര്യമാണ്. സാമ്പത്തിക ക്രയവിക്രയങ്ങള്‍ക്ക് ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകള്‍ കൂടുതലായി ഉപയോഗിക്കപ്പെടുന്ന സാഹചര്യത്തില്‍ ചെറുകിട വ്യവസായങ്ങള്‍ക്ക് ത്വരിത വളര്‍ച്ച പ്രതീക്ഷിക്കാമെന്ന് കാളിദാസ് പറഞ്ഞു. മഹാമാരിയുടെ പ്രഹരം ആദ്യഘട്ടത്തില്‍ വ്യവസായങ്ങളെയും ബിസിനസുകളെയും തളര്‍ത്തിയെങ്കിലും അതിനെ അതിജീവിക്കാന്‍ കഴിഞ്ഞതായി വര്‍ച്ച്വല്‍ ടെക് ലാബ് സിഇഒ ജി സുന്ദരരാജന്‍ പറഞ്ഞു.
റിയല്‍ എസ്റ്റേറ്റ് രംഗവും പുതിയ കുതിച്ചുചാട്ടത്തിന്റെ പാതയിലാണെന്ന് ശ്രീനന്ദ ഇംപെക്സ് എംഡി നന്ദഗോപാല്‍ പറഞ്ഞു. ചാമ്പ്യന്‍സ് ഓഫ് ഇന്ത്യ സിഇഒ പ്രദീപ് നാഗ്‌രാജ്, സ്റ്റാര്‍ട്ട് അപ്പ് എക്സ്പെര്‍ട്സ് ആന്‍ഡ് വോക്സിറ്റ് മീഡിയ ടെക് സ്ഥാപകന്‍ ശ്യാംശേഖര്‍ എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു.