തോഷിബ ഏറ്റെടുക്കാന്‍ ബ്രിട്ടീഷ് പ്രൈവറ്റ് ഇക്വിറ്റി ഫണ്ട് രംഗത്ത്
സിവിസി കാപിറ്റല്‍ പാര്‍ട്‌ണേഴ്‌സിന്റെ അഭ്യര്‍ത്ഥന പരിഗണിക്കുമെന്ന് ജാപ്പനീസ് വ്യാവസായിക ഗ്രൂപ്പ് അറിയിച്ചു
ടോക്കിയോ: തോഷിബ ഏറ്റെടുക്കാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ച് ബ്രിട്ടീഷ് പ്രൈവറ്റ് ഇക്വിറ്റി ഫണ്ട് രംഗത്ത്. സിവിസി കാപിറ്റല്‍ പാര്‍ട്‌ണേഴ്‌സിന്റെ അഭ്യര്‍ത്ഥന പരിഗണിക്കുമെന്ന് ജാപ്പനീസ് വ്യാവസായിക ഗ്രൂപ്പ് അറിയിച്ചു. സംഗതി യാഥാര്‍ത്ഥ്യമായാല്‍ ഏകദേശം 20 ബില്യണ്‍ യുഎസ് ഡോളര്‍ മൂല്യം വരുന്ന കരാര്‍ ആയിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഓഫര്‍ വാര്‍ത്ത തോഷിബ സ്ഥിരീകരിച്ചതോടെ ടോക്കിയോ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിലെ കമ്പനിയുടെ ഓഹരി വ്യാപാരം താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരുന്നു.
വിശദമായ വിവരങ്ങള്‍ സമര്‍പ്പിക്കാന്‍ ആവശ്യപ്പെടുമെന്നും തുടര്‍ന്ന് ശ്രദ്ധാപൂര്‍വം ചര്‍ച്ച ചെയ്യുമെന്നും തോഷിബ വ്യക്തമാക്കി. തോഷിബയുടെ നിലവിലെ ഓഹരി വിലയേക്കാള്‍ 30 ശതമാനം കൂടുതല്‍ നല്‍കുന്ന കാര്യം സിവിസി പരിഗണിക്കുന്നതായി നിക്കേ പത്രം റിപ്പോര്‍ട്ട് ചെയ്തു. അങ്ങനെയെങ്കില്‍, ചൊവ്വാഴ്ച്ച ഓഹരി വ്യാപാരം അവസാനിക്കുമ്പോഴത്തെ സ്ഥിതിവെച്ച് ഏകദേശം 2.3 ട്രില്യണ്‍ യെന്നിന്റെ (20.8 ബില്യണ്‍ യുഎസ് ഡോളര്‍) ഇടപാടായിരിക്കും യാഥാര്‍ഥ്യമാകുന്നത്.
മറ്റ് നിക്ഷേപകരെയും കൂടെ നിര്‍ത്തുന്ന കാര്യം സിവിസി പരിഗണിക്കുമെന്നാണ് നിക്കെയ് റിപ്പോര്‍ട്ട് ചെയ്യുന്നത്. സിവിസിയുടെ നീക്കം വിജയിച്ചാല്‍ തോഷിബ സ്വകാര്യ കമ്പനിയായി മാറും. ഓഹരി വിപണിയില്‍നിന്ന് ഡീലിസ്റ്റ് ചെയ്യും. സിവിസിയുടെ ഓഫര്‍ ഇനി ചേരുന്ന ബോര്‍ഡ് യോഗത്തില്‍ ചര്‍ച്ച ചെയ്യുമെന്ന് തോഷിബ സിഇഒയും പ്രസിഡന്റുമായ നോബുവാക്കി കുരുമാത്താനി പറഞ്ഞു.