ടാറ്റ ടിയാഗോ എക്‌സ്ടി(ഒ) വേരിയന്റ് പുറത്തിറക്കി
ഡെല്‍ഹി എക്‌സ് ഷോറൂം വില 5.48 ലക്ഷം രൂപ
ടാറ്റ ടിയാഗോ എക്‌സ്ടി(ഒ) വേരിയന്റ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. ഹാച്ച്ബാക്കിന്റെ പുതിയ വേരിയന്റിന് 5.48 ലക്ഷം രൂപയാണ് ഡെല്‍ഹി എക്‌സ് ഷോറൂം വില. നിലവിലെ എക്‌സ്ടി വേരിയന്റ് അടിസ്ഥാനമാക്കിയാണ് പുതിയ വേരിയന്റ് വിപണിയിലെത്തിച്ചത്. മാന്വല്‍ ട്രാന്‍സ്മിഷന്‍ ഓപ്ഷനില്‍ മാത്രമായിരിക്കും ലഭിക്കുന്നത്. എക്‌സ്ഇ എന്ന ബേസ് വേരിയന്റിനും എക്‌സ്ടി എന്ന മിഡ് വേരിയന്റിനും ഇടയിലാണ് പുതിയ എക്‌സ്ടി(ഒ) വേരിയന്റിന് സ്ഥാനം. എക്‌സ്ഇ വേരിയന്റുമായി താരതമ്യം ചെയ്യുമ്പോള്‍ പുതിയ എക്‌സ്ടി(ഒ) വേരിയന്റിന് 47,900 രൂപ വില കൂടുതലാണ്. എക്‌സ്ടി വേരിയന്റിനേക്കാള്‍ ഏകദേശം 15,000 രൂപ വില കുറവുമാണ്.
എല്‍ഇഡി ടേണ്‍ ഇന്‍ഡിക്കേറ്റര്‍ സഹിതം ബോഡിയുടെ അതേ നിറമുള്ള പുറത്തെ റിയര്‍ വ്യൂ കണ്ണാടികള്‍, ബോഡിയുടെ അതേ നിറമുള്ള ഡോര്‍ ഹാന്‍ഡിലുകള്‍, 14 ഇഞ്ച് സ്റ്റീല്‍ റിമ്മുകള്‍, സ്റ്റിയറിംഗ് വളയത്തില്‍ പ്രീമിയം പിയാനോ ബ്ലാക്ക് ഫിനിഷ്, ഇന്റീരിയര്‍ ലാംപുകള്‍, ഇന്‍ഫൊടെയ്ന്‍മെന്റ് സിസ്റ്റത്തിന് ചുറ്റും പിയാനോ ബ്ലാക്ക് ഫിനിഷ്, സ്പീഡ് സെന്‍സിംഗ് ഓട്ടോ ഡോര്‍ ലോക്ക്, ഡേ ആന്‍ഡ് നൈറ്റ് ഐആര്‍വിഎം, ഇലക്ട്രിക്കലായി ക്രമീകരിക്കാവുന്ന പുറത്തെ റിയര്‍ വ്യൂ കണ്ണാടികള്‍, നാല് സ്പീക്കറുകള്‍, കീലെസ് എന്‍ട്രി, മുന്നിലും പിന്നിലും പവര്‍ വിന്‍ഡോകള്‍, സ്റ്റിയറിംഗ് മൗണ്ടഡ് കണ്‍ട്രോളുകള്‍ തുടങ്ങിയവ ഫീച്ചറുകളാണ്. കണക്റ്റ്‌നെക്സ്റ്റ് ഹാര്‍മന്‍ ഇന്‍ഫൊടെയ്ന്‍മെന്റ് സിസ്റ്റം, എഎം/എഫ്എം, ബ്ലൂടൂത്ത് കണക്റ്റിവിറ്റി, സ്പീഡ് അനുസരിച്ചുള്ള വോള്യം കണ്‍ട്രോള്‍, റിയര്‍ പാര്‍ക്കിംഗ് കാമറ എന്നീ പ്രധാന ഫീച്ചറുകള്‍ ലഭിച്ചില്ല.
ബിഎസ് 6 പാലിക്കുന്ന അതേ 1.2 ലിറ്റര്‍ റെവോട്രോണ്‍ പെട്രോള്‍ എന്‍ജിനാണ് പുതിയ എക്‌സ്ടി(ഒ) വേരിയന്റിന് കരുത്തേകുന്നത്. ഈ മോട്ടോര്‍ 85 ബിഎച്ച്പി കരുത്തും 113 എന്‍എം ടോര്‍ക്കും പരമാവധി ഉല്‍പ്പാദിപ്പിക്കും. എന്‍ജിനുമായി 5 സ്പീഡ് മാന്വല്‍ ട്രാന്‍സ്മിഷന്‍ ഘടിപ്പിച്ചു.
ടാറ്റ നെക്സോണ്‍ ഇവി ഈയിടെ പരിഷ്‌കരിച്ചിരുന്നു. സബ്കോംപാക്റ്റ് എസ്യുവിയുടെ പെട്രോള്‍, ഡീസല്‍ വകഭേദങ്ങള്‍ക്ക് അനുസൃതമായാണ് ഇലക്ട്രിക് എസ്യുവിയില്‍ ചെറിയ മാറ്റങ്ങള്‍ വരുത്തിയത്. പുതിയ 16 ഇഞ്ച് ഡുവല്‍ ടോണ്‍ അലോയ് വീലുകള്‍ ഇപ്പോള്‍ നല്‍കി. ആന്തരിക ദഹന എന്‍ജിന്‍ കരുത്തേകുന്ന വകഭേദത്തിന് നേരത്തെ ഈ ചക്രങ്ങള്‍ നല്‍കിയിരുന്നു. അകത്ത്, ആറ് ഫിസിക്കല്‍ ബട്ടണുകളും ഇന്‍ഫൊടെയ്ന്‍മെന്റ് സിസ്റ്റത്തിന്റെ രണ്ട് നോബുകളും എടുത്തുകളഞ്ഞു. ഈ സ്ഥലത്ത് ഇപ്പോള്‍ ഒരു പാനല്‍ നല്‍കി അവിടെ ക്രോമില്‍ ‘നെക്സോണ്‍’ എന്ന് എഴുതിയിരിക്കുന്നു.
ഹോം, ഫേവറിറ്റ്സ്, പ്രീവിയസ്, നെക്സ്റ്റ്, സ്മാര്‍ട്ട്ഫോണ്‍, ബാക്ക് എന്നിങ്ങനെ വിവിധ മ്യൂസിക് കണ്‍ട്രോളുകള്‍ക്കുള്ള ഷോര്‍ട്ട്കട്ട് കീകളായിരുന്നു ഈ ബട്ടണുകള്‍. വോള്യം, റേഡിയോ ട്യൂണര്‍ എന്നിവ നിയന്ത്രിക്കുന്നതിനാണ് റോട്ടോര്‍ നോബുകള്‍ നല്‍കിയിരുന്നത്. ഈ ബട്ടണുകള്‍ ഒഴിവാക്കിയതോടെ, ഈ എല്ലാ ഫംഗ്ഷനുകളും 7 ഇഞ്ച് ടച്ച്സ്‌ക്രീന്‍ യൂണിറ്റില്‍ ലഭ്യമായിരിക്കും. ടാറ്റ അള്‍ട്രോസ്, ഐസിഇ നെക്സോണ്‍ മോഡലുകളില്‍നിന്ന് നേരത്തെ ബട്ടണുകള്‍ എടുത്തുമാറ്റിയിരുന്നു. ഈ രണ്ട് വാഹനങ്ങളിലും ഒരേ ഇന്‍ഫൊടെയ്ന്‍മെന്റ് സിസ്റ്റമാണ് നല്‍കിയത്. ഓഡിയോ ക്രമീകരിക്കുന്നതിനും റേഡിയോ ചാനലുകള്‍ മാറ്റുന്നതിനും മറ്റുമായി സ്റ്റിയറിംഗ് മൗണ്ടഡ് കണ്‍ട്രോളുകള്‍ ലഭിച്ചതാണ് ടാറ്റ നെക്സോണ്‍ ഇവി. ഇവിടെനിന്ന് നിങ്ങള്‍ക്ക് ഇപ്പോഴും സെറ്റിംഗ്സ് ക്രമീകരിക്കാന്‍ കഴിയും.