തമിഴ്നാട് പോലീസ് മര്‍ദ്ദനം: മരണമടഞ്ഞ കര്‍ഷകന്‍റെ കുടുംബത്തിന് പത്ത് ലക്ഷം
ചെന്നൈ: പോലീസ് മര്‍ദ്ദനത്തില്‍ മരണമടഞ്ഞ സേലം സ്വദേശിയായ എ. മുരുകേശന്‍റെ കുടുംബത്തിന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ പത്ത് ലക്ഷംരൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു. മുരുകേശന്‍റെ ദുഃഖിതരായ കുടുംബവുമായി സ്റ്റാലിന്‍ സംസാരിക്കുകയും മരിച്ചയാളുടെ ഭാര്യയെയും മക്കളെയും ആശ്വസിപ്പിക്കുകയും ചെയ്തുവെന്ന് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള പ്രസ്താവനയില്‍ പറയുന്നു. നഷ്ടപരിഹാരം മുഖ്യമന്ത്രിയുടെ പബ്ലിക് റിലീഫ് ഫണ്ടില്‍ നിന്ന് നല്‍കും. കര്‍ഷകനായിരുന്ന മുരുകേശനെതിരെ ഒരു പോലീസുകാരന്‍ നടത്തിയ ക്രൂരമായ ആക്രമണവും തുടര്‍ന്നുള്ള മരണവും പ്രതിപക്ഷ നേതാവ് കെ. പളനിസ്വാമിയാണ് സ്റ്റാലിനുമുന്നില്‍ ഉന്നയിച്ചത്. തുടര്‍ന്ന് ഉത്തരവാദിത്തപ്പെട്ടവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയിരുന്നു.
മുരുകേശനെ മര്‍ദ്ദിച്ച സ്പെഷ്യല്‍ എസ്ഐ പെരിയസാമിയെ അറസ്റ്റ് ചെയ്യുകയും കൊലപാതകക്കുറ്റം ചുമത്തുകയും ചെയ്തിട്ടുണ്ട്.തമിഴ്നാട് പോലീസ് ജനറല്‍ ഡയറക്ടര്‍ ജെ.കെ. ത്രിപാഠി പോലീസിന്‍റെ ക്രൂരതയും കസ്റ്റഡി പീഡനവും അനുവദിക്കില്ലെന്ന് പറഞ്ഞിരുന്നു. പാവപ്പെട്ട കര്‍ഷകനെ ഒരു പോലീസുകാരന്‍ ആക്രമിച്ചത് സംസ്ഥാനത്തെ ജനങ്ങളെ ഞെട്ടിക്കുന്നതാണെന്ന് നാം തമിളര്‍ കച്ചി (എന്‍എംകെ) നേതാവും നടനും രാഷ്ട്രീയക്കാരനുമായ സീമാനും അഭിപ്രായപ്പെട്ടിരുന്നു. പോലീസുകാരില്‍ ശരിയായ അവബോധം സൃഷ്ടിക്കണമെന്നും ഇതിനെതിരെ പ്രവര്‍ത്തിക്കുന്നവര്‍ക്ക് തക്കതായ ശിക്ഷ നല്‍കണമെന്നും അദ്ദേഹം മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. മുരുകേശനെ ആക്രമിച്ച് കൊലപ്പെടുത്തിയതിന് ഉത്തരവാദികളായ പോലീസുകാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് എംഡിഎംകെ ജനറല്‍ സെക്രട്ടറി വൈക്കോയും ആവശ്യപ്പെട്ടിട്ടുണ്ട്.