Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

സിസിപിയുടെ നൂറാം വാര്‍ഷികം ജൂലൈ ഒന്നിന് : ബഹിഷ്ക്കരണത്തിലും ചൈനയില്‍നിന്ന് പഠിക്കേണ്ടത്….

1 min read

1978 മുതല്‍ 800 ദശലക്ഷത്തിലധികം ആളുകളെ സമ്പൂര്‍ണ്ണ ദാരിദ്ര്യത്തില്‍ നിന്ന് ചൈന കരകയറ്റി. മനുഷ്യ ചരിത്രത്തിലെ ഇത്രയും കുറഞ്ഞ സമയത്തെ ഏറ്റവും വലിയ ദാരിദ്ര്യ നിര്‍മാര്‍ജനമാണിത്

ന്യൂഡെല്‍ഹി: ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി അതിന്‍റെ നൂറാം വാര്‍ഷികം ജൂലൈ 1 ന് ആഘോഷിക്കുകയാണ്. ഈ സാഹചര്യത്തില്‍ ചൈന സാമ്പത്തികമായി ഉന്നതിയിലെത്തിയ വസ്തുതയെപ്പറ്റി പരിശോധിക്കാവുന്നതാണ്. അത് മറ്റ് പല രാജ്യങ്ങള്‍ക്കും മാതൃകയുമാണ്. 1949 ല്‍ മാവോ സെതുങ്ങിന്‍റെ നേതൃത്വത്തില്‍ പീപ്പിള്‍സ് റിപ്പബ്ലിക് സ്ഥാപിച്ചതിനുശേഷം അവര്‍ നേടിയ നേട്ടങ്ങള്‍ കമ്മ്യൂണിസ്റ്റ് വിമര്‍ശകര്‍ക്ക് പോലും അംഗീകരിക്കേണ്ടിവരും. 1978 മുതല്‍ ഡെങ് സിയാവോപിങ് മികച്ച പരിഷ്കാരങ്ങളോടെ രാജ്യത്തിന്‍റെ പുരോഗതിയെ ധൈര്യപൂര്‍വ്വം വഴിതിരിച്ചുവിട്ടു.

സ്വതന്ത്രമാകുമ്പോള്‍ പീപ്പിള്‍സ് റിപ്പബ്ലിക് ഓഫ് ചൈന ഒരു ദരിദ്ര രാജ്യമായിരുന്നു. സാമ്രാജ്യത്വവും ആഭ്യന്തര യുദ്ധവും അവരെ പാടേ തകര്‍ത്തു. 1976 ല്‍ മാവോയുടെ മരണസമയത്തും രാജ്യത്തിന്‍റെ ജിഡിപി ഉയര്‍ന്നിരുന്നില്ല . അന്ന് അവരുടെ ജിഡിപി ബംഗ്ലാദേശിന് ഏറക്കുറെ സമാനമായിരുന്നു. ഇന്ന് ചൈന ലോകത്തിലെ രണ്ടാമത്തെ വലിയ സമ്പദ്വ്യവസ്ഥയാണ്, കൂടാതെ 2030 ന് മുമ്പായി അമേരിക്കയെ മറകടന്ന് ഒന്നാമതെത്താനുള്ള ശ്രമത്തിലുമാണ്. ഓരോ വര്‍ഷം കഴിയുന്തോറും പുതിയ ആഗോള ക്രമം രൂപപ്പെടുത്തുന്നതിന് ബെയ്ജിംഗ് ശക്തി നേടുകയാണ്. അവരുടെ അടിസ്ഥാന സൗകര്യങ്ങള്‍ പാശ്ചാത്യ രാജ്യങ്ങളെ പരിഗണിക്കുമ്പോള്‍ വളരെ മികച്ചതുതന്നെയാണ്. ഉദാഹരണത്തിന് 1965 ലാണ് ജപ്പാനില്‍ അതിവേഗ റെയില്‍വേ (മണിക്കൂറില്‍ 250 കിലോമീറ്ററിലധികം വേഗത) ആരംഭിച്ചത്. നിരവധി യൂറോപ്യന്‍ രാജ്യങ്ങള്‍ ഇത് താമസിയാതെ ആരംഭിച്ചു. ചൈനയുടെ ആദ്യത്തെ ഹൈ-സ്പീഡ് റെയില്‍വേ 2007 ലായിരുന്നു. ഇപ്പോള്‍ അവരുടെ ഹൈസ്പീഡ് റെയിലിന്‍റെ മൊത്തം നീളം 37,900 കിലോമീറ്ററാണ്, ലോകത്തിലെ എല്ലാ രാജ്യങ്ങളിലെയും സംയോജിത ഹൈ-സ്പീഡ് റെയില്‍വേയുടെ മൂന്നില്‍ രണ്ട് ഭാഗവും അവിടെയാണ്.

  മഹീന്ദ്ര എക്‌സ്‌യുവി 3എക്‌സ്‌ഒ

കഴിഞ്ഞ നാല് ദശകങ്ങളിലെ ചൈനയുടെ ഇതിഹാസ നേട്ടങ്ങള്‍ ഞെട്ടിപ്പിക്കുന്ന രണ്ട് ഉദാഹരണങ്ങള്‍ കൂടി കാണിക്കുന്നു. ലോകബാങ്കിന്‍റെ കണക്കനുസരിച്ച്, 1978 മുതല്‍ 800 ദശലക്ഷത്തിലധികം ആളുകളെ സമ്പൂര്‍ണ്ണ ദാരിദ്ര്യത്തില്‍ നിന്ന് കരകയറ്റിയിട്ടുണ്ട്.ഇത് മനുഷ്യ ചരിത്രത്തിലെ ഇത്രയും കുറഞ്ഞ സമയത്തെ ഏറ്റവും വലിയ ദാരിദ്ര്യ നിര്‍മാര്‍ജനമാണ്. എന്നാല്‍ ചൈനയില്‍ ഇപ്പോഴും 100 ദശലക്ഷം ആളുകള്‍ ദാരിദ്ര്യരേഖയ്ക്ക് താഴെയാണ് (പ്രതിദിനം ഒരാള്‍ക്ക് 1.9 ഡോളര്‍) ജീവിക്കുന്നത്. 2012 ല്‍ ഷി ജിന്‍പിംഗ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറിയായപ്പോള്‍, 2020 അവസാനത്തോടെ ചൈന പൂര്‍ണമായും ദാരിദ്ര്യരഹിതമാകുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. ഓരോ ദരിദ്ര കുടുംബത്തെയും ഓരോ ദരിദ്ര ഗ്രാമത്തെയും കൃത്യമായി തിരിച്ചറിയുന്നതിനും അവരുടെ ജീവിതം സമഗ്രമായി മെച്ചപ്പെടുത്തുന്നതിനുമായി നൂതനമായ “ടാര്‍ഗെറ്റുചെയ്ത ദാരിദ്ര്യ ലഘൂകരണ” പരിപാടി നടപ്പിലാക്കുന്നതിന് 3 ദശലക്ഷത്തിലധികം പാര്‍ട്ടി പ്രവര്‍ത്തകരെയാണ് അവര്‍ ഗ്രാമ-വിദൂര പ്രദേശങ്ങളിലേക്ക് അയച്ചത്. ‘ദരിദ്രര്‍ രാജ്യത്തിന്‍റെ മറ്റു ഭാഗങ്ങള്‍ക്കൊപ്പം മിതമായ സമ്പന്ന സമൂഹത്തിലേക്ക് പ്രവേശിക്കുമെന്ന് ഉറപ്പാക്കുന്നത് ഞങ്ങളുടെ പാര്‍ട്ടി നല്‍കിയ വാഗ്ദാനമാണ്’ ,ഷി ജിന്‍പിംഗ് പറയുന്നു.

സാമ്പത്തിക വളര്‍ച്ച, ദേശീയ പ്രതിരോധം, സാങ്കേതിക വൈദഗ്ദ്ധ്യം എന്നിവയില്‍ ചൈന വളരെ മുന്നിലാണ്. 1990 കളില്‍ ചൈന ലോക ഫാക്ടറിയായി ഉയര്‍ന്നുവന്നു. തുടക്കത്തില്‍ വിലകകുറവില്‍ ലഭിക്കുന്ന ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്ക് നിലവാരവും കുറവായിരുന്നു. എന്നാല്‍ കഴിഞ്ഞ പത്ത്-പതിനഞ്ച് വര്‍ഷങ്ങള്‍ കൊണ്ട് ഉല്‍പ്പാദനത്തിലും സേവനങ്ങളിലും ചൈന വളരെ വേഗത്തില്‍ മുന്നിലെത്തി.
കയറ്റുമതിയുടെ പ്രധാന ഭാഗം ഇപ്പോള്‍ ഹൈടെക് ആയി. കൃത്രിമ ഇന്‍റലിജന്‍സ്, ഭാവിയിലെ മറ്റ് സാങ്കേതികവിദ്യകള്‍ എന്നിവയില്‍ ആഗോള നേതാവാകാനുള്ള ശ്രമത്തിലാണ് അവര്‍. ബഹിരാകാശ രംഗത്തും വളരെയധികം മുന്നേറിക്കഴിഞ്ഞു.

  സംസ്ഥാനത്ത് രേഖപ്പെടുത്തിയത് 71.27 ശതമാനം പോളിങ്

ലോകത്തിലെ മികച്ച സര്‍വകലാശാലകള്‍, മ്യൂസിയങ്ങള്‍, ആര്‍ട്ട് ഗാലറികള്‍, പബ്ലിക് ലൈബ്രറികള്‍, സ്പോര്‍ട്സ് സ്റ്റേഡിയങ്ങള്‍ എന്നിവയും ഇന്ന് അവര്‍ക്കുണ്ട്. അതിന്‍റെ ചെറിയ നഗരങ്ങളില്‍ പോലും മികച്ച മ്യൂസിക് ഹാളുകള്‍, പാര്‍ക്കുകള്‍, കമ്മ്യൂണിറ്റി കെയര്‍ സെന്‍ററുകള്‍, വിനോദസഞ്ചാര കേന്ദ്രങ്ങള്‍ എന്നിവയുണ്ട്. പുതിയ പബ്ലിക് പാര്‍ക്കുകള്‍ നിര്‍മിക്കുന്നതിന് ചൈന പ്രതിവര്‍ഷം 15 ബില്യണ്‍ ഡോളറാണ് ചെലവഴിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ചൈനീസ് നഗരങ്ങളില്‍ പുതുതായി നിര്‍മ്മിച്ച പാര്‍ക്കുകളില്‍ അരുവികള്‍ക്കും നദികള്‍ക്കും സമീപമുള്ളവയുണ്ട്, അവ ഒരിക്കല്‍ മലിനീകരിക്കപ്പെട്ടിരുന്നു. ദ്രുതഗതിയിലുള്ള സാമ്പത്തിക വളര്‍ച്ച മൂലം പരിസ്ഥിതിയുടെ വന്‍ തകര്‍ച്ച സംഭവിച്ചു. പിന്നീട് വ്യാവസായിക നാഗരികതയില്‍നിന്ന് പാരിസ്ഥിതിക നാഗരികതയിലേക്ക് മാറാനുള്ള ഷി ജിന്‍പിംഗിന്‍റെ ആഹ്വാനത്തിന് അനുസൃതമായി ചൈന പ്രവര്‍ത്തിച്ചു. നീലാകാശവും പച്ച പര്‍വതങ്ങളും തെളിഞ്ഞ നദികളും പുനഃസ്ഥാപിക്കുന്നതിന് അവര്‍ മുന്‍ഗണന നല്‍കി. എന്നാല്‍ വായു മലിനീകരണം ഇന്നും അവര്‍ക്ക് നിയന്ത്രിക്കാന്‍ സാധിച്ചിട്ടില്ല.

എന്നാല്‍ എതിരാളികള്‍ക്കുപോലും പാഠമാകുന്ന വസ്തുതകളാണ് ചൈനയില്‍ അവര്‍ നടപ്പാക്കി വിജയിപ്പിച്ചെടുത്തത്. ചിലതലങ്ങളില്‍ ഇന്നും അവര്‍ മുന്നേറാനുണ്ടെന്ന് യാഥാര്‍ത്ഥ്യമാണ്. എങ്കിലും ഭൂരിപക്ഷം ഇടങ്ങളിലും അവര്‍ സ്വന്തം മുദ്ര പതിപ്പിച്ചുകഴിഞ്ഞു. നാല് പതിറ്റാണ്ടുകള്‍ക്ക് മുമ്പ് വരെ ചൈന ദരിദ്രവും പിന്നോക്കവുമായിരുന്നു. ഇന്ന് അവര്‍ക്ക് മികച്ച ഭക്ഷണം ലഭിക്കുന്നു,മികച്ച ചികിത്സ ലഭ്യമാണ്, നല്ല ആവാസ വ്യവസ്ഥയിലാണ് ജീവിക്കുന്നതും. ഇതെങ്ങനെയാണ് അവര്‍ നേടിയെടുത്ത് എന്ന് രാഷ്ട്രീയപാര്‍ട്ടികള്‍ക്കുള്ള പാഠമാണ്. ചൈനയില്‍, ജനങ്ങളുടെ ഐക്യം ശക്തിപ്പെടുത്തുകയും രാജ്യത്തിന് തന്ത്രപരമായ കാഴ്ചപ്പാട് നല്‍കുകയും സമഗ്രമായ ഭരണ സംവിധാനമായി പ്രവര്‍ത്തിക്കുകയും ചെയ്ത സംഘടനയാണ് സിപിസി. 2012 ല്‍ ഷി സിപിസിയുടെ ജനറല്‍ സെക്രട്ടറിയായതിനുശേഷം ഇിതിന്‍റെ പ്രവര്‍ത്തനം കൂടുതല്‍ ശക്തമായി.

  ടൈറ്റന്‍ സെറാമിക് ഫ്യൂഷന്‍ ഓട്ടോമാറ്റിക് വാച്ചുകളുടെ പുതിയ ശേഖരം

മറ്റുസ്ഥലങ്ങളില്‍ രാഷ്ട്രീയ വ്യവസ്ഥ തന്നെ വിഭജനത്തിലും നിരന്തരമായ ആഭ്യന്തര ഏറ്റുമുട്ടലിലുമാണ് കാലം കഴിക്കുന്നത്. ഇങ്ങനെയുള്ള കാര്യങ്ങള്‍ക്കായി നേതാക്കള്‍ അവരുടെ ഊര്‍ജ്ജവും കഴിവും സമയവും പാഴാക്കുന്നു.അവിടെ സാമ്പത്തിക ഉന്നമനം ഒരു ലക്ഷ്യമാകുന്നില്ല. അഥവാ അങ്ങനെ പ്രഖ്യാപിച്ചാല്‍ത്തന്നെയും മികച്ച ഫലം ലഭിക്കുന്നില്ല. ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള പദ്ധതികള്‍ ഇന്നും ദീര്‍ഘമായി നീണ്ടുപോകാറാണ് പതിവ്. അതേസമയം ചൈനയില്‍ സമ്പദ്വ്യവസ്ഥയിലുടനീളം, രാജ്യവ്യാപകമായി പരിവര്‍ത്തന പരിപാടികള്‍ക്ക് അനുയോജ്യമായ ഒരു സംവിധാനം സിപിസി ആവിഷ്കരിച്ച് നടപ്പാക്കി. കൂടാതെ ദേശീയ, പ്രവിശ്യാ തലങ്ങളില്‍ വലിയതും ഉയര്‍ന്ന കഴിവുള്ളതും പരിചയസമ്പന്നരും മികച്ച വിദ്യാഭ്യാസമുള്ളവരുമായ ഉദ്യോഗസ്ഥര്‍ മുകളിലേക്ക് ഉയരുന്ന ഒരു സംവിധാനവും സിപിസി ആവിഷ്കരിച്ചിട്ടുണ്ട്. ഇത് ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിന് ഭരണസംവിധാനത്തിന് സഹായകരമാകുന്നു. അവിടെ ഒന്നിലധികം പ്രവിശ്യകളില്‍ സേവനമനുഷ്ഠിക്കാതെ, വിവിധ വിഷയങ്ങളില്‍ ഉത്തരവാദിത്തങ്ങള്‍ കൈകാര്യം ചെയ്യുന്ന പരിചയമില്ലാതെ കമ്മ്യൂണിസ്റ്റ് നേതാക്കള്‍ മുകളിലേക്ക് ഉയരുന്നുമില്ല. മാറിക്കൊണ്ടിരിക്കുന്ന കാലത്തിനനുസരിച്ച് സിപിസി തന്നെ മാറിക്കൊണ്ടിരിക്കുകയാണ്.

സോവിയറ്റ് യൂണിയനിലെ കമ്മ്യൂണിസ്റ്റ് ഭരണത്തിന്‍റെ തകര്‍ച്ചയില്‍ നിന്നും പാഠം പഠിച്ച അവര്‍, ശക്തമായ സമ്പദ്വ്യവസ്ഥ കെട്ടിപ്പടുക്കുന്നതിനും ജനങ്ങളുടെ ജീവിതനിലവാരം ഉയര്‍ത്തുന്നതിനുമായി രാഷ്ട്രീയ പരിഷ്കാരങ്ങളെക്കാള്‍ സ്ഥിരതയിലും സാമ്പത്തിക പരിഷ്കാരങ്ങളിലും ശ്രദ്ധ കേന്ദ്രീകരിച്ചു. ഇവിടെ ചൈനയിലെ സമൂഹം ഒന്നാകെയാണ് പുരോഗമിച്ചത്. ജനങ്ങളെ ഒന്നാമതെത്തിക്കുന്ന ഒരു സംവിധാനം അവിടെ അവര്‍ നടപ്പാക്കി. ജനങ്ങള്‍ സാമ്പത്തികമായി ഉയര്‍ന്നാല്‍ രാജ്യവും സാമ്പത്തികമായി ഉന്നതിയിലെത്തും എന്ന തത്വം അവര്‍ ചൈനയില്‍ നടപ്പാക്കി. ഇത് മറ്റുള്ളവര്‍ക്കെല്ലാം ഒരു പാഠപ്പുസ്തകമാണ്.

Maintained By : Studio3