5,862 കോടിയുടെ സമാഹരണം പൂര്‍ത്തിയാക്കാനൊരുങ്ങി സ്വിഗ്ഗി
1 min readഈ വര്‍ഷാവസാനം സൊമാറ്റോ 750 മില്യണ്‍ ഡോളര്‍ മുതല്‍ ഒരു ബില്യണ്‍ ഡോളര്‍ വരെ മൂല്യമുള്ള ഐപിഒയ്ക്ക് പദ്ധതിയിടുകയാണ്
ന്യൂഡെല്‍ഹി: ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി പ്ലാറ്റ്ഫോമായ സ്വിഗ്ഗി 800 മില്യണ്‍ ഡോളറിന്‍റെ (ഏകദേശം 5,862 കോടി രൂപ) ഫണ്ട് സമാഹരണം പൂര്‍ത്തിയാക്കുന്നതിന്‍റെ സമീപത്ത് എത്തിയതായി റിപ്പോര്‍ട്ട്. ഫാല്‍ക്കണ്‍ എഡ്ജ് ക്യാപിറ്റല്‍, അമാന്‍സ ക്യാപിറ്റല്‍, തിങ്ക് ഇന്‍വെസ്റ്റ്മെന്‍റ്, കാര്‍മിഗ്നാക്, ഗോള്‍ഡ്മാന്‍ സാച്ച്സ് എന്നിവ പുതിയ നിക്ഷേപകരായി സ്വിഗ്ഗിയില്‍ എത്തുന്നു. പുതിയ ഫണ്ടിംഗ് ഘട്ടത്തില്‍ ഏകദേശം 5 ബില്യണ്‍ ഡോളറിലേക്ക് സ്വിഗ്ഗിയുടെ മൂല്യമെത്തി.
കമ്പനി സ്ഥാപകന്‍ ശ്രീഹര്‍ഷ മജെതി തിങ്കളാഴ്ച ജീവനക്കാര്‍ക്ക് അയച്ച അറിയിപ്പിനെ ആധാരമാക്കിയുള്ള റിപ്പോര്‍ട്ടാണ് വാര്‍ത്താ ഏജന്‍സിയായ ഐഎഎന്‍എസ് പുറത്തുവിട്ടിട്ടുള്ളത്. ഇതനുസരിച്ച് നിലവിലുള്ള നിക്ഷേപകരായ ആക്സല്‍, പ്രോസസ് എന്നിവരും സീരീസ് ജെ റൗണ്ട് ഫണ്ടിംഗില്‍ പങ്കെടുക്കുന്നു. സിംഗപ്പൂര്‍ ആസ്ഥാനമായുള്ള ജിഐസി പ്രൈവറ്റ് ലിമിറ്റഡും ഖത്തര്‍ ഇന്‍വെസ്റ്റ്മെന്‍റ് അതോറിറ്റിയും (ക്യുഐഎ) ഇപ്പോള്‍ നടക്കുന്ന ഫണ്ടിംഗ് റൗണ്ടിന്‍റെ പിന്നീടുള്ള ഘട്ടത്തില്‍ പങ്കെടുക്കാന്‍ സാധ്യതയുണ്ടെന്നാണ് ഇടപാടുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ വെളിപ്പെടുത്തുന്നത്.
കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ ഫണ്ട് സ്വരൂപിച്ചപ്പോള്‍ സ്വിഗ്ഗിയുടെ മൂല്യം 3.7 ബില്യണ്‍ ഡോളറായിരുന്നു. ഈ വര്‍ഷാവസാനം സൊമാറ്റോ 750 മില്യണ്‍ ഡോളര്‍ മുതല്‍ ഒരു ബില്യണ്‍ ഡോളര്‍ വരെ മൂല്യമുള്ള ഐപിഒയ്ക്ക് പദ്ധതിയിടുകയാണ്. ഈ ഘട്ടത്തിലാണ് സ്വിഗ്ഗിയുടെ പുതിയ ധനസമാഹരണം എന്നതും ശ്രദ്ധേയമാണ്
“സ്വിഗ്ഗിയോടുള്ള നിക്ഷേപകരുടെ വികാരം വ്യക്തമാകുന്ന തരത്തില്‍ ധനസമാഹരണവും വളരെയധികം സബ്സ്ക്രൈബുചെയ്തു,” മജെതി ഇമെയിലില്‍ പറഞ്ഞു. ഭാവിയിലെ നിക്ഷേപങ്ങള്‍ക്കായി പുതിയ ഓഫറുകളും പരീക്ഷണങ്ങളും തുടരുമെന്നും അദ്ദേഹം ജീവനക്കാരോട് പറഞ്ഞു. അടുത്ത 10-15 വര്‍ഷങ്ങള്‍ സ്വിഗ്ഗി പോലുള്ള കമ്പനികള്‍ക്ക് നിര്‍ണായകമാണെന്ന് ഇന്‍റേണല്‍ മെമ്മോയില്‍ പറയുന്നു. “ഇന്ത്യന്‍ മധ്യവര്‍ഗം വികസിക്കുകയാണ്. നമ്മള്‍ ലക്ഷ്യമിടുന്ന ഉപഭോക്കൃ വിഭാഗം ഈ കാലയളവില്‍ 500 ദശലക്ഷത്തിലേക്ക് വളരും”മെമ്മൊയില്‍ പറയുന്നു.