2030ഓടെ 5 ബില്യണ്‍ ഡോളര്‍ വരുമാനം ലക്ഷ്യമിട്ട് സൗദി അറേബ്യന്‍ മിലിട്ടറി ഇന്‍ഡസ്ട്രീസ്
വരും ദശാബ്ദത്തില്‍ പ്രതിരോധ ബജറ്റിന്റെ 50 ശതമാനവും തദ്ദേശീയമായി നിര്‍മിച്ച സൈനികോപകരണങ്ങള്‍ക്കും ആയുധങ്ങള്‍ക്കുമായി ചിലവഴിക്കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു
റിയാദ്: 2030ഓടെ 5 ബില്യണ്‍ ഡോളര്‍ വാര്‍ഷിക വരുമാനം ലക്ഷ്യമിട്ട് സൗദി സര്‍ക്കാരിന് കീഴിലുള്ള പ്രതിരോധ കമ്പനിയായ സൗദി അറേബ്യന്‍ മിലിട്ടറി ഇന്‍ഡസ്ട്രീസ് (സമി). പത്ത് വര്‍ഷത്തിനുള്ളില്‍ ലോകത്തിലെ ഇരുപത്തിയഞ്ച് പ്രധാന പ്രതിരോധ കമ്പനികളില്‍ ഒന്നായി മാറാനാണ് സമിയുടെ ശ്രമമെന്ന് അബുദാബിയില്‍ നടക്കുന്ന പ്രതിരോധ പ്രദര്‍ശന മേളയില്‍ സമി ചീഫ് എക്‌സിക്യുട്ടീവ് വാലിദ് അബുഖാലിദ് വ്യക്തമാക്കി. ലോകത്തിലെ 25 പ്രധാന കമ്പനികളിലൊന്നാകുന്നതിന് പ്രതിവര്‍ഷം 5 ബില്യണ്‍ ഡോളര്‍ വരുമാനം ആവശ്യമാണെന്ന് അബുഖാലിദ് കൂട്ടിച്ചേര്‍ത്തു. 2030ഓടെ പ്രതിരോധ ബജറ്റിന്റെ 50 ശതമാനവും തദ്ദേശീയ പ്രതിരോധ വ്യവസായ മേഖലയില്‍ ചിലവഴിക്കുമെന്ന് കഴിഞ്ഞ ദിവസം സൗദി സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.
ഇറക്കുമതി ചെയ്ത ആയുധങ്ങളിലും മിലിട്ടറി സംവിധാനങ്ങളിലുമുള്ള ആശ്രിതത്വം കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെയാണ് 2017ല്‍ സൗദി സമി സ്ഥാപിച്ചത്. സാമ്പത്തിക വൈവിധ്യവല്‍ക്കരണം ലക്ഷ്യമിട്ടുള്ള രാജ്യത്തെ സോവറീന്‍ വെല്‍ത്ത് ഫണ്ടായ പിഐഎഫിന്റെ പ്രധാന പദ്ധതികളില്‍ ഒന്ന് കൂടിയായിരുന്നു സമി.
കഴിഞ്ഞ ഏപ്രിലില്‍ സമി സിഇഒ ആയി നിയമിക്കപ്പെട്ട അബുഖാലിദ് നിലവില്‍ കമ്പനിയുടെ വാര്‍ഷിക വരുമാനം എത്രയാണെന്ന് വെളിപ്പെടുത്തിയില്ല. ലോകത്തിലെ പത്ത് പ്രധാന പ്രതിരോധ കമ്പനികളില്‍ ഒന്നായി മാറണമെന്ന ആഗ്രഹമായിരുന്നു അബുഖാലിദിന്റെ മുന്‍ഗാമി 2019ല്‍ പങ്കുവെച്ചിരുന്നത്. നയത്തില്‍ കാര്യമായ മാറ്റം വന്നിട്ടില്ലെന്ന് അബുഖാലിദ് പറഞ്ഞു.
സൗദി അറേബ്യയില്‍ നിര്‍മാണ യൂണിറ്റ് ആരംഭിക്കുന്നതിന് യുഎഇയിലെ മിലിട്ടറി വാഹന നിര്‍മാതാക്കളായ എന്‍ഐഎംആറുമായി കരാറില്‍ ഒപ്പുവെക്കുമെന്നും അബുഖാലിദ് വ്യക്തമാക്കി. അമേരിക്കന്‍ കമ്പനിയായ ലോക്ഹീഡ് മാര്‍ട്ടിനുമായി സമി കഴിഞ്ഞ ദിവസം സംയുക്ത സംരംഭത്തിനുള്ള കരാറില്‍ ഒപ്പുവെച്ചിരുന്നു. സൗദി അറേബ്യയില്‍ 15 ബില്യണ്‍ ഡോളറിന്റെ മിലിട്ടറി പ്രതിരോധ സംവിധാനം വിന്യസിക്കുകയാണ് ഈ കരാറിന്റെ ലക്ഷ്യം.
ഡ്രോണുകളെ പ്രതിരോധിക്കുന്നതിനുള്ള സംവിധാനത്തിന് രൂപം നല്‍കാനുള്ള ശ്രമത്തിലാണ് സമിയെന്ന് അബുഖാലിദ് പറഞ്ഞു. യെമനിലെ ഹൂതി ഭീകരരുടെ ഭാഗത്ത് നിന്നും സൗദി ലക്ഷ്യമാക്കി തുടര്‍ച്ചയായി ഉണ്ടാകുന്ന ഡ്രോണ്‍ ആക്രമണങ്ങളെ പ്രതിരോധിക്കുകയെന്ന ലക്ഷ്യത്തോടെയാണിത്. ആത്യന്തികമായി സൗദി അറേബ്യന്‍ സേനാ വിഭാഗങ്ങള്‍ക്ക് ആവശ്യമായ സേവനങ്ങള്‍ നല്‍കുകയാണ് സമിയുടെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.