എസ്ബിഐക്ക് നാലാംപാദത്തില്‍ റെക്കോഡ് അറ്റാദായം
ഒരു ഇക്വിറ്റി ഷെയറിന് 4.00 രൂപ ലാഭവിഹിതവും ബാങ്കിന്‍റെ സെന്‍ട്രല്‍ ബോര്‍ഡ് പ്രഖ്യാപിച്ചിട്ടുണ്ട്
മുംബൈ: ഇന്ത്യയിലെ ഏറ്റവും വലിയ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) 2021 മാര്‍ച്ച് 31 ന് അവസാനിച്ച പാദത്തില്‍ 6451 കോടി ഡോളറിന്‍റെ അറ്റാദായം രേഖപ്പെടുത്തി. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ രേഖപ്പെടുത്തിയ 3,581 കോടിയില്‍ നിന്ന് 80.15 ശതമാനത്തിന്‍റെ വാര്‍ഷിക വര്‍ധനയാണ് ഉണ്ടായത്. 2021 മാര്‍ച്ച് 31 ന് അവസാനിച്ച സാമ്പത്തിക വര്‍ഷത്തിനായി ഒരു ഇക്വിറ്റി ഷെയറിന് 4.00 രൂപ ലാഭവിഹിതവും ബാങ്കിന്‍റെ സെന്‍ട്രല്‍ ബോര്‍ഡ് പ്രഖ്യാപിച്ചിട്ടുണ്ട്.
2017 മേയ് മുതലുള്ള കാലയളവില്‍ ആദ്യമായാണ് ബാങ്ക് ലാഭവിഹിതം പ്രഖ്യാപിക്കുന്നത്. അന്ന് ഒരു ഇക്വിറ്റി ഓഹരിക്ക് 2.16 രൂപയാണ് പ്രഖ്യാപിച്ചിരുന്നത്. ഇപ്പോള്‍ പ്രഖ്യാപിച്ച ലാഭവിഹിതം നല്‍കുന്നതിനുള്ള തീയതിയായി ജൂണ്‍ 18 ആണ് നിശ്ചയിച്ചിരിക്കുന്നതെന്നും ബാങ്ക് അറിയിച്ചു. നിഷ്ക്രിയാസ്തികള്‍ക്കായുള്ള വകയിരുത്തല്‍ കുറയ്ക്കാനായതാണ് നാലാം പാദത്തില്‍ വലിയ അറ്റാദായം രേഖപ്പെടുത്താന്‍ കമ്പനിയെ സഹായിച്ചതെന്നാണ് അനലിസ്റ്റുകള്‍ വ്യക്തമാക്കുന്നത്.
പാപ്പരായ സ്റ്റീല്‍ നിര്‍മാതാക്കളായ ഭൂഷണ്‍ പവര്‍ ആന്‍ഡ് സ്റ്റീലിന്‍റെ കുടിശ്ശികയില്‍ 40 ബില്യണ്‍ രൂപ ബാങ്കിന് തിരികെ ലഭിച്ചിരുന്നു. മോശം വായ്പകള്‍ക്കുള്ള വകയിരുത്തല്‍ 16.6 ശതമാനം ഇടിഞ്ഞ് 9914 കോടി രൂപയായി.
എസ്ബിഐയുടെ അറ്റ പലിശ വരുമാനം വാര്‍ഷികാടിസ്ഥാനത്തില്‍ 19 ശതമാനം വളര്‍ച്ചയോടെ 27,067 കോടി രൂപയായി. മറ്റ് വരുമാനങ്ങള്‍ 21.6 ശതമാനം വര്‍ധിച്ച് 16,225 കോടി രൂപയായി. മൊത്തം നിഷ്ക്രിയ ആസ്തി അനുപാതം കഴിഞ്ഞ പാദത്തിലെ 5.44 ശതമാനത്തില്‍ നിന്ന് നാലാം പാദത്തില്‍ 4.98 ശതമാനമായി മെച്ചപ്പെട്ടു. മാര്‍ച്ച് 31 ലെ അറ്റ എന്‍പിഎ അനുപാതം 1.5 ശതമാനമായും മെച്ചപ്പെട്ടിട്ടുണ്ട്. ഡിസംബര്‍ 31 വരെയുള്ള മൂന്ന് മാസങ്ങളില്‍ ഇത് 1.81 ശതമാനമായിരുന്നു.
കോവിഡ് രണ്ടാം തരംഗം സാമ്പത്തിക രംഗത്തും ധനകാര്യ വിപണിയിലും സൃഷ്ടിക്കുന്ന വെല്ലുവിളികള്‍ വിലയിരുത്തുകയാണെന്നും പ്രവര്‍ത്തനങ്ങളില്‍ ആവശ്യമായ മുന്‍കരുതലുകള്‍ എടുക്കുന്നുണ്ടെന്നും എസ്ബിഐ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
ബാങ്കിന്‍റെ മൊത്തം ആഭ്യന്തര വായ്പ 5.67 ശതമാനം വര്‍ധിച്ച് 21.82 ലക്ഷം കോടി രൂപയായി. റീട്ടെയില്‍ അഡ്വാന്‍സ് 8.7 ലക്ഷം കോടി രൂപയാണ്. കഴിഞ്ഞ വര്‍ഷം സമാന കാലയളവിനെ അപേക്ഷിച്ച് ഇത് 16.47 ശതമാനം ഉയര്‍ന്നു. ആഭ്യന്തര കോര്‍പ്പറേറ്റ് വായ്പാ ബുക്ക് 3 ശതമാനം ഇടിഞ്ഞ് 21.82 ലക്ഷം കോടി രൂപയായി.
എസ്ബിഐയുടെ മൊത്തം ആഭ്യന്തര നിക്ഷേപം വാര്‍ഷികാടിസ്ഥാനത്തില്‍ 14.26 ശതമാനം ഉയര്‍ന്ന് 35.7 ലക്ഷം കോടി രൂപയായി. കറന്‍റ് എക്കൗണ്ട്, സേവിംഗ്സ് എക്കൗണ്ട് നിക്ഷേപം 16.73 ശതമാനം ഉയര്‍ന്ന് 16.47 ലക്ഷം കോടി രൂപയായി. ദീര്‍ഘകാല നിക്ഷേപം 12.23 ശതമാനം ഉയര്‍ന്ന് 19.23 ലക്ഷം കോടി രൂപയായി.