2021-22 വളര്‍ച്ചാ നിഗമനം വെട്ടിക്കുറച്ച് എസ്ബിഐ റിസര്‍ച്ച്
1 min readന്യൂഡെല്‍ഹി: നടപ്പു സാമ്പത്തിക വര്‍ഷത്തെ ഇന്ത്യയുടെ വളര്‍ച്ച സംബന്ധിച്ച മുന്‍ നിഗമനം വെട്ടിക്കുറച്ച് എസ്ബിഐ റിസര്‍ച്ച്. 2021-22ല്‍ 11 ശതമാനം വളര്‍ച്ച ഇന്ത്യ സ്വന്തമാക്കും എന്നായിരുന്നു നേരത്തേ എസ്ബിഐ കണക്കാക്കിയിരുന്നത്. എന്നാല്‍ പുതിയ നിഗമനം അനുസരിച്ച് 10.4 ശതമാനം വളര്‍ച്ചയാണ് പ്രതീക്ഷിക്കുന്നത്. പ്രതിദിന കോവിഡ് കേസുകള്‍ 3 ലക്ഷത്തിനു മുകളില്‍ എത്തിനില്‍ക്കുന്ന അവസരത്തിലാണ് വളര്‍ച്ചാ നിഗമനം കുറച്ചിട്ടുള്ളത്.
കോവിഡിനെ നേരിടാന്‍ വാക്സിനേഷന്‍ വ്യാപകമാക്കുകയാണ് ഫലപ്രദമായ വഴിയെന്നും ലോക്ക്ഡൗണുകള്‍ പരമാവധി ഒഴിവാക്കണെമെന്നും റിപ്പോര്‍ട്ട് നിര്‍ദേശിക്കുന്നു. 13 പ്രമുഖ സംസ്ഥാനങ്ങളിലെ പകുതിയോളം ജനതയെ വാക്സിനേറ്റ് ചെയ്യുന്നതിന് വേണ്ടി വരുന്ന തുക ജിഡിപിയുടെ 0.1 ശതമാനത്തിന് അടുത്താണ്. സംസ്ഥാനങ്ങളുടെ ആരോഗ്യ ബജറ്റിന്‍റെ 15-20 ശതമാനം ഇതിനു വേണ്ടി നീക്കിവെക്കുന്നു. ജനസംഖ്യയിലെ ബാക്കി പകുതിയെ വാക്സിനേറ്റ് ചെയ്യുന്നതിനുള്ള ഉത്തരവാദിത്തം കേന്ദ്രം ഏറ്റെടുക്കുമെന്നാണ് കരുതുന്നത്.
ലോക്ക്ഡൗണുകളിലൂടെ സൃഷ്ടിക്കപ്പെടാനുള്ള നഷ്ടം പരിഗണിക്കുമ്പോള് വാക്സിനേഷനായി സര്‍ക്കാര്‍ ചെലവിടുന്ന തുക വളരെ തുച്ഛമാണെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. ഏപ്രില്‍ 19ന് അവസാനിച്ച ആഴ്ചയില്‍ എസ്ബിഐ ബിസിനസ് ആക്റ്റിവിറ്റി സൂചിക അഞ്ചു മാസങ്ങള്‍ക്കിടയിലെ താഴ്ന്ന നിലയായ 86.3 ശതമാനത്തിലേക്ക് എത്തിയെന്നും റിപ്പോര്‍ട്ടിലുണ്ട്.