സ്‌കോഡ കുശാക്ക് ഉല്‍പ്പാദനം ആരംഭിച്ചു
ഈ മാസം അവസാനത്തോടെ വിപണിയില്‍ അവതരിപ്പിക്കും
മുംബൈ: സ്‌കോഡ കുശാക്ക് കോംപാക്റ്റ് എസ്‌യുവി ഇന്ത്യയില്‍ നിര്‍മിച്ചുതുടങ്ങി. പുണെയ്ക്കു സമീപം ഫോക്‌സ്‌വാഗണിന്റെ ചാകണ്‍ പ്ലാന്റിലാണ് ഉല്‍പ്പാദനം. ഈ മാസം അവസാനത്തോടെ സ്‌കോഡ കുശാക്ക് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കും. ഇന്ത്യയ്ക്കായി പ്രത്യേകം പരിഷ്‌കരിച്ച ഫോക്‌സ്‌വാഗണ്‍ ഗ്രൂപ്പിന്റെ എംക്യുബി എ0 ഐഎന്‍ പ്ലാറ്റ്‌ഫോം അടിസ്ഥാനമാക്കുന്ന ആദ്യ മോഡലാണ് സ്‌കോഡ കുശാക്ക്. 95 ശതമാനം വരെ തദ്ദേശീയ വാഹനഘടകങ്ങള്‍ ഉള്‍പ്പെടുത്തിയാണ് ഇന്ത്യന്‍ വിപണി പ്രത്യേകം ലക്ഷ്യമാക്കിയുള്ള എസ്‌യുവി നിര്‍മിക്കുന്നത്.
ഇന്ത്യാ 2.0 പ്രോജക്റ്റിന്റെ ഭാഗമായി ആദ്യ കാര്‍ അസംബ്ലി ലൈനില്‍നിന്ന് പുറത്തിറക്കിയത് ചരിത്രപരമായ നാഴികക്കല്ലാണെന്ന് സ്‌കോഡ ഓട്ടോ ഫോക്‌സ്‌വാഗണ്‍ ഇന്ത്യ മാനേജിംഗ് ഡയറക്റ്റര്‍ ഗുര്‍പ്രതാപ് ബൊപ്പാരൈ പറഞ്ഞു. 95 ശതമാനം വരെ തദ്ദേശീയ ഉള്ളടക്കത്തോടെ നിര്‍മിക്കുന്നതിനാല്‍ ആഗോള ഭൂപടത്തില്‍ ഇന്ത്യയുടെ എന്‍ജിനീയറിംഗ്, നിര്‍മാണ വൈദഗ്ധ്യം അടയാളപ്പെടുത്തുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്‌കോഡ കുശാക്ക് വിപണിയിലെത്തിക്കുന്നതോടെ വാഹന വ്യവസായത്തില്‍ അതിവേഗം വളരുന്ന സെഗ്‌മെന്റുകളിലൊന്നില്‍ തങ്ങള്‍ സാന്നിധ്യമറിയിക്കുമെന്ന് ഗുര്‍പ്രതാപ് ബൊപ്പാരൈ ചൂണ്ടിക്കാട്ടി.
ഓള്‍ ന്യൂ കുശാക്കിന്റെ ഉല്‍പ്പാദനം ആരംഭിച്ചതോടെ സ്‌കോഡ ഓട്ടോ ഇന്ത്യയുടെ വിജയഗാഥയില്‍ പുതിയ അധ്യായം തുറന്നിരിക്കുകയാണെന്ന് സ്‌കോഡ ഓട്ടോ ഇന്ത്യ ബ്രാന്‍ഡ് ഡയറക്റ്റര്‍ സാക്ക് ഹോളിസ് പറഞ്ഞു. സ്‌കോഡ കുശാക്ക് അവതരിപ്പിക്കുന്നതോടെ സ്‌കോഡ കുടുംബത്തില്‍ കൂടുതല്‍ ഉപയോക്താക്കള്‍ വന്നുചേരുമെന്ന് അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.
നിരവധി ക്രീച്ചര്‍ കംഫര്‍ട്ടുകള്‍, മികച്ച റോഡ് സാന്നിധ്യം, വിശാലവും ഫീച്ചറുകളാല്‍ സമൃദ്ധവുമായ കാബിന്‍ എന്നിവ ഉണ്ടായിരിക്കുമെന്നാണ് വാഗ്ദാനം ചെയ്തിരിക്കുന്നത്. ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, പനോരമിക് സണ്‍റൂഫ്, എല്‍ഇഡി ലൈറ്റിംഗ്, ഡുവല്‍ ടോണ്‍ കാബിന്‍, കണക്റ്റഡ് കാര്‍ ടെക് തുടങ്ങിയവ ഫീച്ചറുകളായിരിക്കും. 1.0 ലിറ്റര്‍, 1.5 ലിറ്റര്‍ ടിഎസ്‌ഐ പെട്രോള്‍ എന്‍ജിനുകളായിരിക്കും ഓപ്ഷനുകള്‍. മാന്വല്‍, ഓട്ടോമാറ്റിക് എന്നീ ട്രാന്‍സ്മിഷന്‍ ഓപ്ഷനുകളും ലഭ്യമായിരിക്കും. 10 ലക്ഷം മുതല്‍ 17 ലക്ഷം രൂപ വരെ എക്‌സ് ഷോറൂം വില നിശ്ചയിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കിയ സെല്‍റ്റോസ്, ഹ്യുണ്ടായ് ക്രെറ്റ, ടാറ്റ ഹാരിയര്‍ എന്നിവയായിരിക്കും പ്രധാന എതിരാളികള്‍.