എസ്‌ഐപി നിക്ഷേപം ഇപ്പോള്‍ തുടങ്ങുക

- രാഹുല്‍ സിംഗ്
(ഹെഡ്, ഫിക്‌സ്ഡ് ഇന്‍കം, എല്‍ഐസി മ്യൂച്വല്‍ ഫണ്ട്)
സമ്പാദ്യം എത്രത്തോളം പ്രധാനപ്പെട്ടതാണോ അത്രത്തോളം പ്രധാനപ്പെട്ടതാണ് സമ്പത്ത് ശരിയായ രീതിയില്‍ നിക്ഷേപിക്കുക എന്നത്. യഥാര്‍ത്ഥ വളര്‍ച്ചയ്ക്ക് ബുദ്ധി പൂര്‍മായ നിക്ഷേപം അനിവാര്യമാണ്. ഇവിടെയാണ് വ്യവസ്ഥിത നിക്ഷേപ പദ്ധതി അഥവാ എസ്‌ഐപിയുടെ പ്രസക്തി. എസ്‌ഐപിയിലൂടെയുള്ള ചെറുതും ക്രമവുമായ നിക്ഷേപം ക്രമേണ മികച്ച സമ്പത്തിലേക്കു നയിക്കും. എന്തുകൊണ്ടാണ് എസ്‌ഐപി മികച്ചതാകുന്നതെന്ന് പരിശോധിക്കാം. രൂപയുടെ കോസ്റ്റ് ആവറേജിംഗ് ആണ് ഇതില്‍ ഒന്നാമത്തേത്. വിപണിയിലെ ഉയര്‍ച്ച താഴ്ചകള്‍ക്കനുസൃതമായി മൂല്യം കുറയുമ്പോള്‍ കൂടുതല്‍ യൂണിറ്റുകള്‍ വാങ്ങാനും വര്‍ധിക്കുമ്പോള്‍ എണ്ണം കുറയ്ക്കാനും കഴിയുന്നു എന്നത് എസ്‌ഐപികളുടെ മുഖ്യ സവിശേഷതയാണ്. ശരാശരിയുടെ ഗുണം ലഭിക്കുന്ന ഈ പ്രക്രിയ കാല ക്രമേണ വലിയ പ്രയോജനം നല്‍കും. നിക്ഷേപത്തിന് വിപണിയിലെ നല്ല സമയം നോക്കിയിരിക്കുന്നതിന്റെ സമ്മര്‍ദ്ദം ഒഴിവാകുകയും ചെയ്യും.കോംമ്പൗണ്ടിങ്ങിന്റെ ശക്തിയാണ് എസ്‌ഐപിയുടെ കരുത്ത്. ലാഭ വിഹിതവും ലാഭവും എസ്‌ഐപിയിലൂടെ വീണ്ടും നിക്ഷേപിക്കപ്പെടുന്നതിനാല്‍ ക്രമേണ അത് വലിയ സംഖ്യയായി മാറുന്നു. കൂടുതല്‍ കാലം നിക്ഷേപം നില നിര്‍ത്താന്‍ സാധിച്ചാല്‍, ഇതിന്റെ മാന്ത്രികത കൂടുതല്‍ ശക്തിയാര്‍ജ്ജിക്കും. ഇക്കാര്യത്തില്‍ കാലമാണ് ഏറ്റവും നല്ല പങ്കാളി. അച്ചടക്കമാണ് എസ്‌ഐപികളുടെ മുഖമുദ്ര. വിപണിയില്‍ തകര്‍ച്ചയുണ്ടാവുമ്പോള്‍ ഭയവും വിപണി കുതിക്കുമ്പോള്‍ ആര്‍ത്തിയും സ്വാഭാവികമാണ്. എന്നാല്‍ നിക്ഷേപത്തില്‍ നിന്ന് ഈ വൈകാരിക പ്രേരണകള്‍ എടുത്തു മാറ്റാന്‍ എസ്‌ഐപിക്കു കഴിയും. എസ്‌ഐപി നിക്ഷേപം ഒരേ നിലയിലുള്ളതും സ്ഥിരതയാര്‍ന്നതും ദീര്‍ഘ കാല ലക്ഷ്യത്തിലേക്ക് ഏറ്റവും അനുയോജ്യവുമാകുന്നത് ഇതുകൊണ്ടാണ്. എളുപ്പവും ഇണങ്ങുന്നതുമായ നിക്ഷേപസ മാര്‍ഗമാണ് എസ്‌ഐപി. എസ്‌ഐപി നിക്ഷേപം ആരംഭിക്കാന്‍ കൈയില്‍ അധികം പണമൊന്നും വേണ്ട. ചെറിയ തുകയില്‍ നിക്ഷേപം തുടങ്ങാം. അതു വളരുന്നതിനനുസരിച്ച് അടവു തുക വര്‍ധിപ്പിയ്ക്കുകയോ എപ്പോള്‍ വേണമെങ്കിലും നിര്‍ത്തുകയോ ചെയ്യാം. എത്ര നിക്ഷേപിക്കണം, എപ്പോള്‍ നിര്‍ത്തണം എന്നത് നിങ്ങളുടെ തീരുമാനമാണ്. എസ്‌ഐപി ആരംഭിക്കാന്‍ ഏതു ദിനവും ശുഭ ദിനമാണ്. എന്നാല്‍ ഈ വര്‍ഷം അതിനേറ്റവും ഉചിതമാണ്. കാരണം ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ കുതിപ്പിന്റെ ഘട്ടത്തിലാണ്. മുന്‍വര്‍ഷം ഇതേ കാലയളവിലെ വളര്‍ച്ചാ നിരക്കായ 5.6 ശതമാനത്തെയപേക്ഷിച്ച് 2025-26 സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ ജിഡിപി വളര്‍ച്ചാ നിരക്ക് 8.2 ശതമാനമാകുമെന്നാണ് കണക്കാക്കപ്പെടുന്നത്. 2026 സാമ്പത്തിക വര്‍ഷത്തേക്കുള്ള ജിഡിപി വളര്‍ച്ചാ നിരക്ക് 7.3 ശതമാനമാവുമെന്നും 2027 സാമ്പത്തിക വര്‍ഷം ഒന്നും രണ്ടും പാദങ്ങളില്‍ അത് 6.7 ശതമാനമാകുമെന്നുമാണ് ആര്‍ബിഐയുടെ വിലയിരുത്തല്‍. ഉപഭോഗാധിഷ്ഠിത സാമ്പത്തിക വളര്‍ച്ച മുന്നില്‍ കണ്ട് ആദായ നികുതി നിരക്കുകളും ജിഎസ്ടി നിരക്കുകളും സര്‍ക്കാര്‍ കുറച്ചിട്ടുണ്ട്. ആര്‍ബിഐ 2025ല്‍ പലിശ നിരക്കുകള്‍ 125 ബേസിസ് പോയിന്റ് കുറച്ചു. ശക്തമായ സാമ്പത്തിക വളര്‍ച്ച സാധ്യമാക്കുന്ന നയങ്ങള്‍ക്ക് സര്‍ക്കാര്‍ രൂപം നല്‍കി. വികസിത രാജ്യങ്ങള്‍ വിതരണ ശൃംഖല കൂടുതല്‍ കാര്യ ക്ഷമമാക്കാനുള്ള ശ്രമത്തിലാണ്. ചൈനയ്ക്കു ബദല്‍ തേടുകയാണവര്‍. ഈ ഘടകങ്ങളെല്ലാം ഇന്ത്യയ്ക്കു പ്രയോജനകരമാവും. ഏകീകരണത്തിന്റെ ഘട്ടത്തിനു ശേഷം ഓഹരി വിപണികള്‍ വളര്‍ച്ചയുടെ അടുത്ത ഘട്ടത്തിലേക്കുള്ള തയാറെടുപ്പിലാണ്. ചുരുക്കിപ്പറഞ്ഞാല്‍, സമ്പത്തു സൃഷ്ടിക്കാനുള്ള വേദി ഒരുങ്ങിക്കഴിഞ്ഞു. കരയ്ക്കിരുന്നു കളി കാണുന്നതിനു പകരം അതില്‍ പങ്കാളിയാവുക.
ചെയ്യേണ്ട കാര്യങ്ങള്‍: നിക്ഷേപം നേരത്തേ തുടങ്ങുക. നിക്ഷേപം എത്രയും വേഗം തുടങ്ങിയാല്‍, കോംപൗണ്ടിങ്ങിന്റെ പ്രയോജനം അത്രയും കൂടുതല്‍ ലഭിക്കും. വരുമാനം കൂടുന്നതിനനുസരിച്ച് എസ്‌ഐപി തുക വര്‍ധിപ്പിയ്ക്കുക. സമ്പത്തു വര്‍ധിപ്പിക്കുന്നതിന് ഇത് ആക്കം കൂട്ടും. ദീര്‍ഘകാലത്തേക്ക് നിക്ഷേപം നില നിര്‍ത്തുക. വിപണിയിലെ ചാഞ്ചാട്ടത്തിന്റെ ഘട്ടങ്ങളില്‍ നിക്ഷേപം നിര്‍ത്താനുള്ള പ്രലോഭനം ചെറുക്കുക. ക്ഷമ തീര്‍ച്ചയായും ഗുണം ചെയ്യും. അച്ചടക്കവും സമയവും ഒത്തു ചേരുമ്പോള്‍ കോമ്പൗണ്ടിങ്ങിന്റെ പ്രയോജനം പൂര്‍ണ്ണമായി ലഭിക്കും. ഇന്നു നടത്തുന്ന ചെറിയ കാല്‍വെപ്പുകള്‍ നാളെയുടെ സാമ്പത്തിക സ്വാതന്ത്ര്യത്തിലേക്കുള്ള വലിയ കാല്‍വെപ്പാണ്. എസ്‌ഐപി തുടങ്ങാനുള്ള തീരുമാനത്തിന് സ്വന്തം ഭാവി നിങ്ങളോടു നന്ദി പറയും. സാമ്പത്തിക ഭദ്രത എന്നാല്‍ സമ്പാദ്യം മാത്രമല്ല, സമ്പത്തു വര്‍ധിപ്പിക്കല്‍, ഭാവി സുരക്ഷിതമാക്കല്‍, ഇഷ്ടത്തിനനുസരിച്ച് ജീവിക്കാനുള്ള അവസരം സൃഷ്ടിക്കല്‍ എന്നിവ കൂടിയാണ്.
(മ്യൂച്വല്‍ ഫണ്ട് നിക്ഷേപം വിപണിയിലെ ചാഞ്ചാട്ടങ്ങള്‍ക്കു വിധേയമാണ്. പദ്ധതിയുമായി ബന്ധപ്പെട്ട എല്ലാ രേഖകളും ശ്രദ്ധാപൂർവം വായിക്കുക)

Unlock exclusive rewards with every referral—enroll now!