പഞ്ചാബ്: സിദ്ധു കോണ്‍ഗ്രസ് അധ്യക്ഷനാകാന്‍ സാധ്യത
ന്യൂഡെല്‍ഹി: പഞ്ചാബില്‍ കോണ്‍ഗ്രസിനുള്ളിലെ പ്രതിസന്ധി പരിഹരിക്കാന്‍ ഫോര്‍മുല രൂപപ്പെട്ടതായി സൂചന. അടുത്തവര്‍ഷം സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ പാര്‍ട്ടിയുടെ പ്രചാരണങ്ങളെയെല്ലാം തകിടംമറിക്കുന്ന കലഹങ്ങളാണ് അവിടെ ഉയര്‍ന്നിരുന്നത്.മുഖ്യമന്ത്രി അമരീന്ദര്‍ സിംഗും കോണ്‍ഗ്രസ് നേതാവ് നവജോത് സിംഗ് സിദ്ധുവും തമ്മിലുള്ള ചേരിപ്പോര് മറനീക്കി പുറത്തുവന്നതോടെ കോണ്‍ഗ്രസിന്‍റെ സംസ്ഥാനത്തെ ഭാവിതന്നെ അപകടത്തിലായിരുന്നു. ഇപ്പോള്‍ സിദ്ധുവിനെ കോണ്‍ഗ്രസ് പഞ്ചാബ് യൂണിറ്റ് അധ്യക്ഷന്‍ ആയി നിയമിക്കാനുള്ള നീക്കമാണ് നടക്കുന്നത്.
മുഖ്യമന്ത്രി അമരീന്ദര്‍ സിംഗുമായുള്ള ദീര്‍ഘകാല വൈരാഗ്യം ഒഴിവാക്കുന്നതിനാകും നിയമനം. കൂടാതെ മറ്റ് രണ്ട് നേതാക്കളെ വര്‍ക്കിംഗ് പ്രസിഡന്‍റുമാരായി പ്രഖ്യാപിക്കാനും സാധ്യതയുണ്ട്. ഒരാള്‍ ദലിത് സമുദായത്തില്‍ നിന്നുള്ളവനും മറ്റൊരാള്‍ ഹിന്ദു മുഖവുമാണ്. ഒത്തുതീര്‍പ്പിന്‍റെ ഭാഗമായി അമരീന്ദര്‍ സിംഗ് മന്ത്രിസഭയെ മാറ്റും. ഒഴിവാക്കപ്പെടാന്‍ സാധ്യതയുള്ളവരില്‍ ചരഞ്ജിത് ചാന്നി, ഗുര്‍പ്രീത് കംഗര്‍ എന്നിവരുമുണ്ട്. നിയമസഭാ സ്പീക്കര്‍ റാണ കെ പി സിംഗ്, എംഎല്‍എയും ദലിത് നേതാവുമായ രാജ് കുമാര്‍ വര്‍ക്ക എന്നിവരടക്കം മൂന്നോ നാലോ പുതിയ മുഖങ്ങള്‍ പ്രതീക്ഷിക്കുന്നുമുണ്ട്.
സംസ്ഥാനത്തെ പ്രശ്നം പരിഹരിക്കുന്നതിനായി പാര്‍ട്ടി മേധാവി സോണിയ ഗാന്ധി രൂപീകരിച്ച മൂന്നംഗ സമിതിക്ക് കഴിഞ്ഞ മാസം എംഎല്‍എമാര്‍ മുന്നോട്ടുവച്ച ആവശ്യങ്ങളിലൊന്നാണ് ദലിത് സമുദായത്തിന്‍റെ പ്രാതിനിധ്യംസമിതി ചര്‍ച്ചയുടെ ഭാഗമായി ഇരു നേതാക്കളെയും സന്ദര്‍ശിച്ചു. അമീന്ദര്‍ സിംഗും നവജോത് സിദ്ധുവും തമ്മില്‍ ഒത്തുതീര്‍പ്പ് മുഖ്യമന്ത്രി ഡെല്‍ഹിയില്‍ സോണിയാഗാന്ധിയെ സന്ദര്‍ശിച്ചതിന് ഒരാഴ്ചക്ക് ശേഷമാണ് ഉണ്ടാകുന്നത്. കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് എടുക്കുന്ന ഏത് തീരുമാനവും അംഗീകരിക്കുമെന്ന് യോഗത്തിന് ശേഷം അദ്ദേഹം പറഞ്ഞിരുന്നു. സിദ്ധു രാഹുല്‍ ഗാന്ധിയേയും പ്രിയങ്ക ഗാന്ധി വാര്‍ദ്രയേയും സന്ദര്‍ശിച്ചിരുന്നു.
അമരീന്ദര്‍ സിംഗും നവജോത് സിദ്ധുവും 2017 ലെ തിരഞ്ഞെടുപ്പിന് ശേഷം കടുത്ത പോരാട്ടം തുടരുകയാണ്; ഉപമുഖ്യമന്ത്രിയാകുമെന്ന് സിദ്ധു പ്രതീക്ഷിച്ചിരുന്നെങ്കിലും ആ നീക്കം സിംഗ് തടഞ്ഞുവെന്നാണ് റിപ്പോര്‍ട്ട്. 2017 ലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്‍റെ സ്റ്റാര്‍ കാമ്പെയ്നറായ സിദ്ധു പകരം അമരീന്ദര്‍ സിംഗ് സര്‍ക്കാരില്‍ മന്ത്രിയായി. എന്നാല്‍ മന്ത്രാലയം തരംതാഴ്ത്തപ്പെട്ടതിന് ശേഷം രണ്ട് വര്‍ഷത്തിന് ശേഷം അദ്ദേഹം രാജിവച്ചു. നീണ്ടുനിന്ന നിശബ്ദതയ്ക്കും പാര്‍ട്ടി കാര്യങ്ങളില്‍ നിന്ന് ഒഴിഞ്ഞുനിന്നതിനുംശേഷം സിദ്ധു അമരീന്ദര്‍ സിംഗിനെ വീണ്ടും ടാര്‍ഗെറ്റുചെയ്യാന്‍ തുടങ്ങി, തുടര്‍ന്ന് പഞ്ചാബ് തെരഞ്ഞെടുപ്പിന് മുന്നോടിയായി അവഗണിക്കാനാവാത്ത പ്രശ്നമായി ഇത് മാറി.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് മുഖ്യമന്ത്രി ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിച്ചാല്‍ മാത്രം മുഖ്യമന്ത്രിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാമെന്ന് കഴിഞ്ഞമാസം സിദ്ധു അഭിപ്രായപ്പെട്ടിരുന്നു.