സൗത്ത് ഇന്ത്യൻ ബാങ്കിന് ഓട്ടോമേഷൻ എക്‌സലൻസ് പുരസ്‌കാരം
തൃശൂർ: ബിസിനസ് തുടർച്ചയ്ക്കായുള്ള മികച്ച ഓട്ടോമേഷനുള്ള 2021ലെ യുഐപാത്ത് ഓട്ടേമേഷൻ എക്‌സലൻസ് പുരസ്‌കാരം സൗത്ത് ഇന്ത്യൻ ബാങ്ക് നേടി. സമ്മർദ്ദ കാലഘട്ടങ്ങളിലെ പ്രവർത്തന ബുദ്ധിമുട്ടുകളെ മറികടക്കുന്നതിനായി, റോബോട്ടിക് പ്രോസസ് ഓട്ടോമേഷൻ ശേഷിയെ മികവേറിയ രീതിയിൽ ഉപയോഗപ്പെടുത്തിയതിനും അതുവഴി ബിസിനസ് തുടർച്ച ഉറപ്പാക്കിയതിനുമാണ് ബാങ്കിന് പുരസ്‌കാരം ലഭിച്ചത്. ഓട്ടോമേഷൻ രംഗത്ത് മികച്ച മാറ്റങ്ങൾ അവതരിപ്പിക്കുന്നവർക്കുള്ള അംഗീകാരമാണ് യുഐപാത്ത് ഓട്ടേമേഷൻ എക്‌സലൻസ് പുരസ്‌കാരം. പുരസ്‌കാരങ്ങളുടെ 2021 പതിപ്പിൽ, പരിവർത്തനപരമായ ഓട്ടോമേഷൻ പദ്ധതികളിലൂടെ വെല്ലുവിളികളെ അതിജീവിച്ച ഇന്ത്യയിലും ദക്ഷിണ ഏഷ്യയിലുമുള്ള (ശ്രീലങ്ക, ബംഗ്ലാദേശ്, നേപ്പാൾ) വ്യക്തികളെയും സ്ഥാപനങ്ങളെയുമാണ് അംഗീകരിച്ചത്.
സങ്കീർണമായ ദൈനംദിന പ്രവർത്തനങ്ങളെ ഓട്ടോമേറ്റ് ചെയ്യുക എന്ന ലക്ഷ്യത്തോടെ, റോബോട്ടിക് പ്രോസസ് ഓട്ടോമേഷൻ നടപ്പിലാക്കുന്നതിൽ സൗത്ത് ഇന്ത്യൻ ബാങ്ക് മുൻനിരയിലാണ്. റോബോട്ടിക് പ്രോസസ് ഓട്ടോമേഷൻ ഉപയോഗിച്ച് ഒരു പ്രതിസന്ധിഘട്ടത്തെ മറികടന്നതിനാണ് സൗത്ത് ഇന്ത്യൻ ബാങ്കിന് യുഐപാത്ത് ഓട്ടോമേഷൻ എക്‌സലൻസ് പുരസ്‌കാരം ലഭിച്ചത്. കോർ ബാങ്കിംഗിലും അനുബന്ധ ആപ്ലിക്കേഷനിലുമുള്ള അനുവർത്തന സംബന്ധമായ മാറ്റത്തിലൂടെ, 2 ദിവസത്തിനുള്ളിൽ പ്രോസസ് ഓട്ടോമേഷൻ നടപ്പിലാക്കിയതു വഴി വലിയ പ്രതിസന്ധി മറികടക്കാൻ ബാങ്കിനായി. ഇതുവഴി പുറത്തുനിന്നുള്ള സേവനങ്ങളുടെ ചെലവ് ലാഭിക്കാനും സാധിച്ചു.