രണ്ടാം തരംഗം സാമ്പത്തിക ആഘാതം താരതമ്യേന കുറവ്: ഫിച്ച്
1 min readന്യൂഡെല്‍ഹി: ഏറ്റവും പുതിയ കോവിഡ് തരംഗം സാമ്പത്തിക പ്രവര്‍ത്തനങ്ങളില്‍ സൃഷ്ടിക്കുന്ന ആഘാതം കഴിഞ്ഞ വര്‍ഷത്തേതിനെ അപേക്ഷിച്ച് കാഠിന്യം കുറവുള്ളതാകുമെന്ന് ഫിച്ച് റേറ്റിംഗ്സിന്‍റെ നിരീക്ഷണം. നിലവിലെ ലോക്ക്ഡൗണുകള്‍ മൂലം ഏപ്രില്‍-മേയ് മാസങ്ങളില്‍ സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ കുറയുമെന്നതിനാല്‍ വീണ്ടെടുക്കല്‍ വൈകാന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
കൊവിഡ് രണ്ടാം തരംഗം ധനകാര്യ സ്ഥാപനങ്ങള്‍ക്ക് സൃഷ്ടിക്കുന്ന അപകടസാധ്യത വര്‍ധിപ്പിക്കുമെന്നേ കൂടുതല്‍ സൂചനകള്‍ ലഭിക്കുകയാണെന്നും ആഗോള റേറ്റിംഗ് ഏജന്‍സി അറിയിച്ചു. സമ്മര്‍ദം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ധനകാര്യ മേഖലയെ സഹായിക്കാന്‍ റിസര്‍വ് ബാങ്ക് (ആര്‍ബിഐ) കൂടുതല്‍ നടപടികള്‍ സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
‘ഇന്ത്യയിലെ ഏറ്റവും പുതിയ പാന്‍ഡെമിക് തരംഗത്തില്‍ നിന്നുള്ള സാമ്പത്തിക ആഘാതം 2020 നെ അപേക്ഷിച്ച് കടുപ്പം കുറഞ്ഞതായിരിക്കുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു, അത്യാഹിതങ്ങളും മരണങ്ങളും വളരെ ഉയര്‍ന്നതാണെങ്കിലും, “ഫിച്ച് റേറ്റിംഗ്സ് റിപ്പോര്‍ട്ടില്‍ പറഞ്ഞു.
നിലവില്‍ അധികൃതര്‍ ലോക്ക്ഡൗണുകള്‍ പ്രാദേശിക അടിസ്ഥാനത്തിലാണ് പ്രഖ്യാപിച്ചിട്ടുള്ളത്. കമ്പനികളും വ്യക്തികളും മഹാമാരിയുടെ സാചഹചര്യങ്ങള്‍ക്ക് അനുസരിച്ച് കാര്യങ്ങള്‍ ക്രമീകരിച്ചിട്ടുണ്ട്. ഇതെല്ലാമാണ് ഇത്തവണ ആഘാതം കുറയ്ക്കുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ തങ്ങളുടെ നിഗമനത്തിന് മുകളിലേക്ക് കോവിഡ് കേസുകള്‍ എത്തുകയോ രാജ്യവ്യാപക ലോക്ക്ഡൗണുകള്‍ പ്രഖ്യാപിക്കുകയോ ചെയ്താല്‍ സാമ്പത്തിക ആഘാതം കൂടുതല്‍ കാലത്തേക്ക് നിലനില്‍ക്കുന്നതാകുമെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.