ഇളവുകള്‍ : കേരളത്തിന് സുപ്രീം കോടതിയുടെ രൂക്ഷവിമര്‍ശനം

ഉത്തര്‍പ്രദേശിലെ കന്‍വാര്‍ യാത്രയ്ക്ക് അനുമതി നിഷേധിച്ച് പറഞ്ഞതൊക്കെ കേരളത്തിനും ബാധകമാണെന്ന് സുപ്രീംകോടതി പറഞ്ഞത് ശ്രദ്ധേയമായി
ന്യൂഡെല്‍ഹി: ബക്രീദ് പ്രമാണിച്ച് ലോക്ഡൗണില്‍ ഇളവുകള്‍ അനുവദിച്ച കേരള സര്‍ക്കാരിന് സുപ്രീംകോടതിയുടെ രൂക്ഷ വിമര്‍ശനം. ഉത്തര്‍പ്രദേശിലെ കന്‍വാര്‍ യാത്രയ്ക്ക് അനുമതി നിഷേധിച്ച് പറഞ്ഞതൊക്കെ കേരളത്തിനും ബാധകമാണെന്ന് സുപ്രീംകോടതി പറഞ്ഞത് ശ്രദ്ധേയമായി.
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15 ന് മുകളിലുള്ള ഡി കാറ്റഗറിയില്‍ എന്തിന് ഇളവ് കൊടുത്തുവെന്നും ജസ്റ്റിസ് നരിമാന്‍ അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ച് ചോദിച്ചു. കേരളത്തിന് വലിയ തിരിച്ചടിയായി ഇത് വിലയിരുത്തപ്പെടുന്നു. ജസ്റ്റിസുമാരായ കെ എം ജോസഫ്, ബി ആര്‍ ഗവായ് എന്നിവരുള്‍പ്പെട്ട ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.
മതപരമോ അല്ലാതെയോ ഉള്ള സമ്മര്‍ദ്ദ ഗ്രൂപ്പുകള്‍ക്ക് സര്‍ക്കാര്‍ അടിമപ്പെടുന്നതിനെ കോടതി വിമര്‍ശിച്ചു. ഇന്ത്യയിലെ എല്ലാ പൗരډാരുടെയും ജീവിക്കാനുള്ള മൗലികാവകാശത്തെ തടസ്സപ്പെടുത്താന്‍ സര്‍ക്കാരിന് കഴിയില്ലെന്നും കോടതി പറഞ്ഞു. സ്ഥിതി ഗുരുതരമായാല്‍ പ്രത്യാഘാതം നേരിടേണ്ടിവരുമെന്നും സുപ്രീം കോടതി മുന്നറിയിപ്പ് നല്‍കി.
ഇത്തരം നയങ്ങളുടെ ഫലമായി, നിയന്ത്രണാതീതമായി രോഗം പടര്‍ന്നുപിടിക്കുകയാണെങ്കില്‍, പൊതുജനങ്ങള്‍ക്ക് തങ്ങളെ സമീപിക്കാമെന്നും വിഷയത്തില്‍ നടപടി സ്വീകരിക്കുമെന്നും സുപ്രീംകോടതി പറഞ്ഞു.
ഇപ്പോള്‍ ലഭിച്ച ഹര്‍ജി നേരത്തെ വന്നിരുന്നെങ്കില്‍ ഇളവ് റദ്ദാക്കുമായിരുന്നുവെന്നും കോടതി പറഞ്ഞു. നേരത്തെ ബക്രീദ് ഇളവുകള്‍ നല്‍കിയത് വിദഗ്ധരുമായി കൂടിയാലോചന നടത്തിയ ശേഷമാണെന്ന് കേരളം കോടതിയെ അറിയിച്ചിരുന്നു.
മൂന്ന് ദിവസത്തെ ലോക്ഡൗണ്‍ ഇളവുകള്‍ അനുവദിച്ച കേരള സര്‍ക്കാര്‍ നടപടി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മലയാളി പി കെ ഡി നമ്പ്യാര്‍ ആണ് കോടതിയെ സമീപിച്ചത്.
സംസ്ഥാനത്ത് ബക്രീദ് പ്രമാണിച്ച് മൂന്ന് ദിവസത്തേക്കാണ് പിണറായി വിജയന്‍ സര്‍ക്കാര്‍ ഇളവുകള്‍ നല്‍കിയത്. ശനിയാഴ്ച്ച മുതല്‍ ചൊവ്വാഴ്ച്ച വരെയാണ് കടകള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയത്.