സൊമാറ്റോ ഐപിഒ-യ്ക്ക് പിന്നാലെ 9,357 കോടി രൂപയുടെ വന്‍ സമാഹരണവുമായി സ്വിഗ്ഗി
1 min read
ഇന്ത്യന്‍ ഭക്ഷണ വിതരണവിഭാഗത്തില്‍ സോഫ്റ്റ്ബാങ്ക് വിഷന്‍ ഫണ്ട് 2 നടത്തുന്ന ആദ്യ നിക്ഷേപമാണ് സ്വിഗ്ഗി ഫണ്ടിംഗിലൂടെ സാധ്യമായത്
ബെംഗളൂരു: 1.25 ബില്യണ്‍ ഡോളറിന്‍റെ (9,357 കോടി രൂപ) നിക്ഷേപ സമാഹരണ ഘട്ടം പൂര്‍ത്തിയാക്കിയതായി ഫുഡ് ഡെലിവറി പ്ലാറ്റ്ഫോം സ്വിഗ്ഗി പ്രഖ്യാപിച്ചു. സോഫ്റ്റ്ബാങ്ക് വിഷന്‍ ഫണ്ട്സ് 2ഉം സ്വിഗ്ഗിയിലെ ദീര്‍ഘകാല നിക്ഷേപകരായ പ്രോസസുമാണ് ഈ ഫണ്ടിംഗ് റൗണ്ടിനെ നയിച്ചത്. ലോകത്തിലെ തന്നെ വലിയ ടെക്നോളജി നിക്ഷേപകരാണ് പ്രോസസ്. കഴിഞ്ഞ ആഴ്ച തങ്ങളുടെ എതിരാളികളായ സൊമാറ്റോ ഐപിഒയിലൂടെ വന്‍ സമാഹരണം നടത്തിയതിന് പിന്നാലെയാണ് സ്വിഗ്ഗിയും തങ്ങളുടെ നിക്ഷേപം പ്രഖ്യാപിച്ചിട്ടുള്ളത്.
പുതിയ നിക്ഷേപം തങ്ങളുടെ പ്രധാന മേഖലയായ ഭക്ഷണ വിതരണ ബിസിനസിനെ വളര്‍ത്തുന്നതിനും ഭക്ഷണത്തിലും ഭക്ഷ്യേതര മേഖലയിലും ലഭ്യമാകുന്ന പുതിയ അവസരങ്ങളെ പ്രയോജനപ്പെടുത്തുന്നതിനും ഉപയോഗിക്കുമെന്ന് ഫുഡ് ഡെലിവറി പ്ലാറ്റ്ഫോം പ്രസ്താവനയില്‍ വ്യക്തമാക്കി. അവശ്യ വസ്തുക്കളുടെ വിതരണ വിപണി അടുത്ത ഒരു ദശകത്തില്‍ 500 ദശലക്ഷം ഉപയോക്താക്കളിലേക്ക് വളരുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്.
ടെക്നോളജി, ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് (എഐ) എന്നിവയിലെ ശേഷി വര്‍ധിപ്പിക്കുമെന്നും എഞ്ചിനീയറിംഗ്, പ്രൊഡക്റ്റ്, ഡാറ്റാ സയന്‍സ്, അനലിറ്റിക്സ്, ബിസിനസ്, സപ്ലൈ ചെയിന്‍ എന്നിവയിലുടനീളം ടീമുകളെ ശക്തിപ്പെടുത്തുമെന്നും സ്വിഗ്ഗി പറഞ്ഞു. ‘ഇന്ത്യയില്‍ ഭക്ഷ്യ വിതരണത്തിന്‍റെ സാധ്യത വളരെ വലുതാണ്. അടുത്ത കുറച്ച് വര്‍ഷങ്ങളില്‍, ഈ വിഭാഗത്തിലെ വളര്‍ച്ചയ്ക്കായി ഞങ്ങള്‍ ആക്രമണാത്മകമായി നിക്ഷേപം തുടരും. ഞങ്ങളുടെ ഏറ്റവും വലിയ നിക്ഷേപം നമ്മുടെ ഭക്ഷണേതര ബിസിനസുകളിലായിരിക്കും, പകര്‍ച്ചവ്യാധിയുടെ കഴിഞ്ഞ 15 മാസങ്ങളില്‍ അത് വളരേയധികം വളര്‍ച്ച പ്രകടമാക്കി, “സ്വിഗ്ഗി സിഇഒ ശ്രീഹര്‍ഷ മജെതി പറഞ്ഞു.
ഇന്ത്യന്‍ ഭക്ഷണ വിതരണ വിഭാഗത്തില്‍ സോഫ്റ്റ്ബാങ്ക് വിഷന്‍ ഫണ്ട് 2 നടത്തുന്ന ആദ്യ നിക്ഷേപമാണ് സ്വിഗ്ഗി ഫണ്ടിംഗിലൂടെ നടന്നിരിക്കുന്നത്. നിലവിലുള്ള നിക്ഷേപകരായ ആക്സല്‍ പാര്‍ട്ണേര്‍സ്, വെല്ലിംഗ്ടണ്‍ മാനേജ്മെന്‍റ് എന്നിവരുടെ പങ്കാളിത്തവും ഈ നിക്ഷേപ സമാഹരണ ഘട്ടത്തില്‍ ഉണ്ടായിരുന്നു. പുതിയ നിക്ഷേപകരായി ഖത്തര്‍ ഇന്‍വെസ്റ്റ്മെന്‍റ് അതോറിറ്റി, ഫാല്‍ക്കണ്‍ എഡ്ജ് ക്യാപിറ്റല്‍, അമാന്‍സ ക്യാപിറ്റല്‍, ഗോള്‍ഡ്മാന്‍ സാച്ച്സ്, തിങ്ക് ഇന്‍വെസ്റ്റ്മെന്‍റ്സ്, കാര്‍മിഗ്നാക് എന്നിവരും സ്വിഗ്ഗിയില്‍ എത്തുകയാണ്.
സ്വിഗ്ഗി അതിന്‍റെ പിക്ക് അപ്പ് ആന്‍ഡ് ഡ്രോപ്പ് സേവനമായ സ്വിഗ്ഗി ജീനി 65 നഗരങ്ങളിലേക്ക് വ്യാപിപ്പിച്ചിട്ടുണ്ട്. പ്രധാന വിപണികളില്‍ ഇറച്ചി വിതരണ സേവനത്തിന്‍റെ സാന്നിധ്യം വലിയ തോതില്‍ കമ്പനി വര്‍ധിപ്പിക്കുന്നുമുണ്ട്. സ്വിഗ്ഗിയുടെ ദൈനംദിന പലചരക്ക് വിതരണ സേവനമായ സൂപ്പര്‍ ഡെയ്ലി ഇപ്പോള്‍ പ്രധാന നഗരങ്ങളിലുടനീളം ഉണ്ടെന്ന് കമ്പനി അറിയിച്ചു. കോവിഡ് -19 മഹാമാരിയുടെ സമ്മര്‍ദ്ദങ്ങള്‍ ലഘൂകരിക്കുന്നതില്‍ 50,000 റെസ്റ്റോറന്‍റുകളെ പിന്തുണച്ചുകൊണ്ട് സ്വിഗ്ഗി കഴിഞ്ഞ വര്‍ഷം ജമ്പ്സ്റ്റാര്‍ട്ട് പ്രോഗ്രാം ആരംഭിച്ചിരുന്നു.
2014-ല്‍ സ്ഥാപിതമായ സ്വിഗ്ഗി നിലവില്‍ 500-ലധികം നഗരങ്ങളിലെ 1,50,000-ലധികം റെസ്റ്റോറന്‍റ് പങ്കാളികളിലേക്കും സ്റ്റോറുകളിലേക്കും ഉപഭോക്താക്കളെ ബന്ധിപ്പിക്കുന്നു.