സുവര്‍ണ ജൂബിലി നിറവില്‍ യുഎഇ; ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ആഘോഷങ്ങള്‍
അബുദാബി: യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് അഥവാ യുഎഇ രൂപീകൃതമായി അമ്പത് വര്‍ഷം പൂര്‍ത്തിയാകുന്ന വേളയില്‍ യുഎഇ പ്രസിഡന്റ് ഷേഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍ 2021, ‘ദ ഇയര്‍ ഓഫ് 50’ ആയി പ്രഖ്യാപിച്ചു. രാജ്യം സുവര്‍ണ ജൂബിലിയെന്ന നേട്ടത്തിലെത്തി നില്‍ക്കെ ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ആഘോഷ പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. എപ്രില്‍ ആറിന് ഔദ്യോഗികമായി തുടക്കമാകുന്ന ദ ഇയര്‍ ഓഫ് 50, അടുത്ത വര്‍ഷം മാര്‍ച്ച് 31 വരെ നീണ്ടുനില്‍ക്കും.
യുഎഇ വിദേശകാര്യ, അന്താരാഷട്ര സഹകരണ വകുപ്പ് മന്ത്രിയായ ഷേഖ് അബ്ദുള്ള ബിന്‍ സായിദ് അല്‍ നഹ്യാന്റെ അധ്യക്ഷതയിലുള്ള യുഎഇ ഗോള്‍ഡന്‍ ജൂബിലി കമ്മിറ്റിയുടെ നേതൃത്വത്തിലാണ് സുവര്‍ ജൂബിലിയുമായി ബന്ധപ്പെട്ട ആഘോഷങ്ങളും പദ്ധതികളും മറ്റ് പ്രവര്‍ത്തനങ്ങളും നടക്കുക. ഷേഖ മറിയം ബിന്റ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനാണ് കമ്മിറ്റിയുടെ ഉപാധ്യക്ഷ. വിവിധ ഫെഡറല്‍, പ്രാദേശിക വകുപ്പുകളില്‍ നിന്നുള്ള പ്രതിനിധികളും കമ്മിറ്റിയില്‍ അംഗങ്ങളാണ്.
1971ല്‍ യുഎഇ എന്ന കൂട്ടായ്മയുടെ പ്രഖ്യാപനം നടന്നത് മുതല്‍ ആരംഭിച്ച യാത്രയിലെ ചരിത്രപ്രധാന ഘട്ടമാണ് ദ ഇയര്‍ ഓഫ് 50 എന്ന് ഷേഖ് ഖലീഫ ബിന്‍ സായിദ് പറഞ്ഞു. രാജ്യം പടുത്തുയര്‍ത്തുമ്പോള്‍ സ്ഥാപക പിതാക്കന്മാര്‍ക്കുണ്ടായിരുന്ന നിശ്ചയദാര്‍ഢ്യത്തിനും ഉറച്ച മനസിനും ഉള്ള അംഗീകാരമാണത്. ഇന്ന് നാം കാണുന്ന തരത്തില്‍ ലോകത്തിലെ ഏറ്റവും മികച്ച രീതിയില്‍ വളരുകയും അതിവേഗം വികസിക്കുകയും ചെയ്യുന്ന ഒരു രാജ്യമാക്കി യുഎഇയെ മാറ്റാന്‍ രാജ്യത്തെ പൗരന്മാരുടെ ഭാഗത്ത് നിന്നും ഉണ്ടായ ആത്മാര്‍ത്ഥമായ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടിയുള്ള അംഗീകാരമാണ് ഇയര്‍ ഓഫ് 50 എന്ന് ഷേഖ് ഖലീഫ പറഞ്ഞു. എമിറാറ്റി പൗരന്മാര്‍ക്കൊപ്പം രാജ്യത്തിന്റെ ക്ഷേമത്തിനായി നിലകൊണ്ട വിദേശീയരുടെ പ്രവര്‍ത്തനങ്ങളും വിലയേറിയതാണെന്ന് ഷേഖ് ഖലീഫ കൂട്ടിച്ചേര്‍ത്തു.
യുഎഇയുടെ ആദരണീയമായ ചരിത്രത്തിനും മഹനീയമായ മൂല്യങ്ങള്‍ക്കും അതുല്യമായ നേട്ടങ്ങള്‍ക്കും ഊന്നല്‍ നല്‍കിക്കൊണ്ടുള്ള ആഘോഷങ്ങളും പദ്ധതികളുമാണ് ദ ഇയര്‍ ഓഫ് 50യുടെ ഭാഗമായി വിഭാവനം ചെയ്യുന്നത്.