‘സൌദി അറേബ്യയുടെ ഉൽപ്പാദന നിയന്ത്രണം എണ്ണ വിപണിയെ സ്ഥിരപ്പെടുത്തും’
ബാഗ്ദാദ് :എണ്ണ ഉൽപ്പാദനത്തിൽ ഒരു മില്യൺ ബാരലിന്റെ അധിക നിയന്ത്രണം ഏർപ്പെടുത്താനുള്ള സൌദി തീരുമാനം എണ്ണവിപണിയെ സ്ഥിരപ്പെടുത്താൻ സഹായകമാകുമെന്ന് ഇറാഖി ഇന്ധനകാര്യമന്ത്രി ഇഹ്സാൻ അബ്ദുൾ ജബ്ബാർ. വിപണി സ്ഥിരത കൈവരിക്കുന്നതോടെ ആദ്യപാദത്തിൽ എണ്ണവില ബാരലിന് 57 ഡോളറിൽ എത്തുമെന്നാണ് കരുതുന്നതെന്നും ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ മന്ത്രി പറഞ്ഞു.
നേരത്തെ നടത്തിയ അധിക ഉൽപ്പാദനത്തിന് നഷ്ടപരിഹാരം നൽകുന്നത് നീട്ടിവെക്കുന്ന കാര്യത്തിൽ ഒപെക് രാജ്യങ്ങളുമായും മറ്റ് എണ്ണ ഉൽപ്പാദകരുമായും ഇറാഖ് ചർച്ചകൾ നടത്തിവരികയാണെന്ന് മന്ത്രി വ്യക്തമാക്കി. ഇറാഖിന്റെ അവസ്ഥയും നിലവിലുള്ള സാമ്പത്തിക പ്രതിസന്ധിയും ഒപെക് രാജ്യങ്ങൾക്കും സഖ്യകക്ഷികൾക്കും മനസിലാകുമെന്നാണ് കരുതുന്നത്. അധിക ഉൽപ്പാദനത്തിനുള്ള നഷ്ടപരിഹാരം നൽകുന്ന് നീട്ടുന്നത് കൊണ്ട് ഒപെക് പ്ലസിന്റെ ഉൽപ്പാദന നിയന്ത്രണ കരാറിനെ ഇറാഖ് മറികടക്കുമെന്നല്ല അർത്ഥമാക്കുന്നതെന്നും വിപണിയുടെ സ്ഥിരത കാത്തുസൂക്ഷിക്കുന്നതിനായി ഉൽപ്പാദനം നിയന്ത്രിക്കുമെന്നും മന്ത്രി പറഞ്ഞു.
കഴിഞ്ഞ വർഷം എണ്ണ വിതരണത്തിൽ 9.7 മില്യൺ ബാരലിന്റെ റെക്കോഡ് നിയന്ത്രണമാണ് ഒപെക് പ്ലസ് നടപ്പിലാക്കിയത്. എന്നാൽ നിയന്ത്രണങ്ങൾ മയപ്പെടുത്തുന്നതിന്റെ ഭാഗമായി ജനുവരി മുതൽ 500,000 ബിപിഡി അധിക എണ്ണ ഒപെക് വിപണിയിലേക്ക് എത്തിക്കുന്നുണ്ട്. മിക്ക ഉൽപ്പാദകരും ഫെബ്രുവരിയിലും മുൻ മാസങ്ങൾക്ക് സമാനമായ നിയന്ത്രണമാണ് എണ്ണ ഉൽപ്പാദനത്തിൽ നടത്തുകയെങ്കിലും ഈ മാസവും അടുത്ത മാസവും എണ്ണ ഉൽപ്പാദനത്തിൽ ഒരു മില്യൺ ബാരലിന്റെ അധിക നിയന്ത്രണം നടപ്പാക്കുമെന്നാണ് സൌദി അറേബ്യ പ്രഖ്യാപിച്ചിരിക്കുന്നത്.