സുരക്ഷ, വ്യാപാരം, നിക്ഷേപ മേഖലകളില്‍ സഹകരണം ശക്തമാക്കാന്‍ ഇറാഖ്, സൗദി ധാരണ
1 min read3 ബില്യണ്‍ ഡോളറിന്റെ സൗദി-ഇറാഖി സംയുക്ത ഫണ്ട് രൂപീകരിക്കുന്നതടക്കം നിരവധി കരാറുകളില്‍ ഒപ്പുവെച്ചു
റിയാദ്: തീവ്രവാദത്തിനെതിരെ ഒറ്റക്കെട്ടായ പ്രവര്‍ത്തനം തുടരാന്‍ സൗദി അറേബ്യയും ഇറാഖും തമ്മില്‍ ധാരണ. സൗദി കിരാടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനും ഇറാഖ് പ്രധാനമന്ത്രി മുസ്തഫ അല്‍ ഖദിമിയും തമ്മില്‍ നടന്ന കൂടിക്കാഴ്ചയിലാണ് തീവ്രവാദത്തിനെതിരായ ഒന്നിച്ച് പോരാടാന്‍ ഇരുരാജ്യങ്ങളും തീരുമാനമെടുത്തത്. ഇരു രാജ്യങ്ങള്‍ക്കുമിടയിലുള്ള സാമ്പത്തിക സഹകരണം മെച്ചപ്പെടുത്താനും നേതാക്കള്‍ തമ്മിലുള്ള കൂടിക്കാഴ്ചയില്‍ തീരുമാനമായി. ഇതിന് തുടക്കമെന്നോണം 3 ബില്യണ്‍ ഡോളറിന്റെ സംയുക്ത സൗദി-ഇറാഖി ഫണ്ട് രൂപീകരിക്കും.
ഇരു സമ്പദ് വ്യവസ്ഥകളുടെയും നേട്ടം ലക്ഷ്യമാക്കി ഇറാഖിലെ സാമ്പത്തിക മേഖലകളിലെ നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിനായി സൗദി അറേബ്യയുടെ സംഭാവനയെന്നാണ് കൂടിക്കാഴ്ചയ്ക്ക് ശേഷം നടന്ന സംയുക്ത പ്രസ്താവനയില്‍ ഫണ്ടിനെ വിശേഷിപ്പിച്ചിരിക്കുന്നത്. ഒപെക് സംഖ്യത്തിനുള്ളിലെ സഹകരണം തുടരാനും ഒപെക് കരാറിലെ നിബന്ധനകള്‍ പൂര്‍ണമായും പാലിക്കാനും ഇരുരാജ്യങ്ങളും സമ്മതം അറിയിച്ചു.
സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ ക്ഷണം സ്വീകരിച്ച് ബുധനാഴ്ചയാണ് അല്‍ ഖദിമി റിയാദിലെത്തിയത്. റിയാദിലെ യമ്മാ പാലസിലാണ് സൗദി കിരീടാവകാശിയും ഇറാഖ് പ്രധാനമന്ത്രിയും തമ്മിലുള്ള കൂടിക്കാഴ്ച നടന്നത്. ഇറാഖ് വിദേശകാര്യമന്ത്രി ഫൗദ് ഹുസ്സൈയ്‌നും ധനകാര്യം, ആഭ്യന്തരം, ഇന്ധനകാര്യം, കാര്‍ഷികം, പാര്‍പ്പിടം എന്നീ വകുപ്പ് മന്ത്രിമാരും പ്രധാനമന്ത്രിയോടൊപ്പം ഇറാഖിലെത്തിയിട്ടുണ്ട്.
ഇരുരാജ്യങ്ങള്‍ക്കും വെല്ലുവിളി ഉയര്‍ത്തുന്ന പ്രാദേശിക, അന്തര്‍ദേശീയ വിഷയങ്ങളും മേഖലയുടെ സുരക്ഷയും സ്ഥിരതയും മെച്ചപ്പെടുത്തുന്നതിനുള്ള മാര്‍ഗങ്ങളും സൗദി കിരീടാവകാശിയും ഇറാഖ് പ്രധാനമന്ത്രിയും തമ്മിലുള്ള കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായി. രാഷ്ട്രീയം, സുരക്ഷ, സൈനികം, വാണിജ്യം, നിക്ഷേപം, സാംസ്‌കാരികം, ടൂറിസം തുടങ്ങിയ മേഖലകളില്‍ സഹകരണം മെച്ചപ്പെടുത്തുന്നതിനുള്ള ശ്രമങ്ങള്‍ തുടരാനും നേതാക്കള്‍ തീരുമാനിച്ചു.