ഇന്ത്യയില്‍ നിന്നുള്ളവര്‍ക്കുള്ള യാത്രാവിലക്ക് യുഎഇ ജൂലൈ ആറ് വരെ നീട്ടി
എയര്‍ ഇന്ത്യ ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്
ദുബായ്: ഇന്ത്യയില്‍ നി്ന്നുള്ളവര്‍ക്കുള്ള യാത്രാവിലക്ക് യുഎഇ ജൂലൈ ആറ് വരെയാക്കി നീട്ടി. യുഎഇ പൗരന്മാര്‍ ഒഴികെ ഇന്ത്യയില്‍ നിന്നും യുഎഇയിലേക്കുള്ള യാത്രക്കാര്‍ക്കുള്ള വിലക്ക് ജൂലൈ ആറ് നീട്ടാന്‍ യുഎഇയിലെ സിവില്‍ ഏവിയേഷന്‍ അതോറിട്ടി തീരുമാനിച്ചതായി എയര്‍ ഇന്ത്യ ട്വിറ്ററിലൂടെ അറിയിച്ചു. ഈ കാലയളവില്‍ യുഎഇയിലേക്ക് പോകാന്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്ത യാത്രികര്‍ ടിക്കറ്റുകള്‍ മാറ്റി ബുക്ക് ചെയ്യണമെന്ന് കമ്പനി വ്യക്തമാക്കി.
യുഎഇ വിമാനക്കമ്പനികളായ എമിറേറ്റ്‌സും ഇത്തിഹാദും ഇത് സംബന്ധിച്ച് പുതിയ അറിയിപ്പുകളൊന്നും പുറത്തുവിട്ടിട്ടില്ല. ഇന്ത്യയില്‍ നിന്നുള്ള വിമാനങ്ങള്‍ക്കുള്ള വിലക്ക് യുഎഇ ജൂണ്‍ 30 വരെ നീട്ടിയതായി കഴിഞ്ഞ മാസം ദുബായ് ആസ്ഥാനമായ എമിറേറ്റ്‌സ് വിമാനക്കമ്പനി അറിയിച്ചിരുന്നു.
രണ്ടാം തരംഗത്തിന്റെ പശ്ചാത്തലത്തില്‍ ഏപ്രില്‍ 24നാണ് യുഎഇ ഇന്ത്യയില്‍ നിന്നുള്ള എല്ലാ യാത്രാവിമാന സര്‍വ്വീസുകള്‍ക്കും രാജ്യത്ത് വിലക്കേര്‍പ്പെടുത്തിയത്. അതിന് ശേഷം പല തവണയായി വിലക്ക് നീട്ടുകയായിരുന്നു. ഇന്ത്യയില്‍ നിന്നുള്ള എല്ലാ യാത്രികര്‍ക്കും യുഎഇയില്‍ എത്തുന്നതിന് 14 ദിവസത്തിനിടെ ഇന്ത്യ സന്ദര്‍ശിച്ചവര്‍ക്കും യുഎഇ പ്രവേശനാനുമതി നിഷേധിച്ചിട്ടുണ്ട്. അതേസമയം യുഎഇ പൗരന്മാര്‍, നയതന്ത്ര ഉദ്യോഗസ്ഥര്‍, യുഎഇയുടെ ഗോള്‍ഡന്‍ വിസ കൈവശമുള്ളവര്‍ എന്നിവര്‍ക്ക് വിലക്ക് ബാധകമല്ല.
ഇതിനിടെ യാത്രാവിലക്കിനെ തുടര്‍ന്ന് ഇന്ത്യയില്‍ കുടുങ്ങിയ പ്രവാസികള്‍ ചാര്‍ട്ടര്‍ വിമാനങ്ങളിലും ബഹ്‌റൈന്‍, ഉസ്‌ബെക്കിസ്ഥാന്‍ എന്നീ രാജ്യങ്ങളില്‍ പതിനാല് ദിവസം ക്വാറന്റീന്‍ പൂര്‍ത്തിയാക്കിയും യുഎഇയിലേക്ക് എത്തുന്നുണ്ട്.