ടാറ്റാ എല്‍ക്സിയും കിന്‍ഫ്രയും ധാരണാപത്രം ഒപ്പിട്ടു
1 min readഅടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ 6000 തൊഴിലവസരങ്ങള്‍ ടാറ്റ എല്‍ക്സി വിപുലീകരണത്തിലൂടെ സൃഷ്ടിക്കും
കൊച്ചി: കേരളത്തിലെ ഐടി ഗവേഷണ-വികസന പദ്ധതികള്‍ വിപുലപ്പെടുത്തുന്നതിന്‍റെ ഭാഗമായി ലോകത്തെ പ്രമുഖ ഡിസൈന്‍, ടെക്നോളജി സേവനദാതാക്കളായ ടാറ്റാ എല്‍ക്സിയും കിന്‍ഫ്രയും ധാരണാപത്രം ഒപ്പിട്ടു. 75 കോടി രൂപ നിക്ഷേപമുള്ള പദ്ധതിയാണ് ആദ്യഘട്ടത്തില്‍ ടാറ്റ എല്‍ക്സി ആവിഷ്കരിക്കുക. അടുത്ത മൂന്നു വര്‍ഷത്തിനുള്ളില്‍ 2500 പേര്‍ക്ക് നേരിട്ടും 1500 പേര്‍ക്ക് പരോക്ഷമായും തൊഴില്‍ ലഭ്യമാക്കുന്നതാണ് പദ്ധതിയെന്ന് വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് ചൂണ്ടിക്കാട്ടി.
അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ 6000 തൊഴിലവസരങ്ങള്‍ ടാറ്റ എല്‍ക്സി വിപുലീകരണത്തിലൂടെ സൃഷ്ടിക്കും. കഴക്കൂട്ടത്തെ കിന്‍ഫ്ര ഫിലിം ആന്‍ഡ് വീഡിയോ പാര്‍ക്കിന്‍റെ പ്രത്യേക സാമ്പത്തിക മേഖലയിലാണ് ടാറ്റ എല്‍ക്സിയുടെ പുതിയ സംരംഭം.
ഐടി, ഐ.ടി അധിഷ്ഠിത സ്ഥാപനങ്ങള്‍ക്ക് സൗകര്യമൊരുക്കുന്നതിനായി 67 കോടി രൂപ ചെലവഴിച്ച് കിന്‍ഫ്ര പണികഴിപ്പിച്ച കെട്ടിടത്തിന് 2.17 ലക്ഷം ചതുരശ്രഅടി വിസ്തീര്‍ണമുണ്ട്. ടാറ്റാ എല്‍ക്സിയുടെ തുടര്‍ ഗവേഷണ വികസന സൗകര്യങ്ങള്‍ക്കായി രണ്ടുലക്ഷം ചതുരശ്ര അടിയുള്ള ഒരു കെട്ടിടം കൂടി ലഭ്യമാക്കണമെന്ന് കിന്‍ഫ്രയോട് ടാറ്റാ എല്‍ക്സി ആവശ്യപ്പെട്ടിട്ടുണ്ട്. രണ്ടുവര്‍ഷത്തിനുള്ളില്‍ പുതിയ കെട്ടിടം നിര്‍മ്മിച്ച് ടാറ്റ എല്‍ക്സിക്ക് കൈമാറുന്നതിനാണ് കിന്‍ഫ്ര തീരുമാനം.
ഐടി, ഐടി അധിഷ്ഠിത വ്യവസായ മേഖലകളില്‍ പ്രമുഖമായ കൂടുതല്‍ കമ്പനികളെ സംസ്ഥാനത്തേക്ക് ആകര്‍ഷിച്ച് നിക്ഷേപം നടത്തിക്കുന്നതിനുള്ള ശ്രമങ്ങളാണ് സംസ്ഥാന സര്‍ക്കാര്‍ നടത്തുന്നത്. സംസ്ഥാനത്ത് വലിയ തോതില്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതില്‍ ഐടിക്ക് പ്രധാന പങ്കുവഹിക്കാനാകുമെന്നാണ് സര്‍ക്കാര്‍ കണക്കുകൂട്ടുന്നത്. കോവിഡ് 19 സൃഷ്ടിച്ച സവിശേഷ സാഹചര്യങ്ങളുടെ കൂടി പശ്ചാത്തലത്തില്‍ വളര്‍ന്നു വരുന്ന പുതിയ മേഖലകളെ കൂടി കണക്കിലെടുത്താണ് സര്‍ക്കാര്‍ കഴിഞ്ഞ ബജറ്റ് പ്രഖ്യാപിച്ചത്.