Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

‘സ്‌ക്രാം’ പേരിന് ട്രേഡ്മാര്‍ക്ക് അവകാശവുമായി റോയല്‍ എന്‍ഫീല്‍ഡ്

നിലവിലെ 650 സിസി പ്ലാറ്റ്‌ഫോമില്‍ സ്‌ക്രാംബ്ലര്‍ വിപണിയിലെത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നു  

ന്യൂഡെല്‍ഹി: റോയല്‍ എന്‍ഫീല്‍ഡ് ഇന്ത്യയില്‍ ‘സ്‌ക്രാം’ പേരിന് ട്രേഡ്മാര്‍ക്ക് അവകാശം നേടി. നിലവിലെ 650 സിസി പ്ലാറ്റ്‌ഫോം ഉപയോഗിച്ച് റോയല്‍ എന്‍ഫീല്‍ഡ് പുതുതായി സ്‌ക്രാംബ്ലര്‍ സ്റ്റൈല്‍ മോട്ടോര്‍സൈക്കിള്‍ വിപണിയിലെത്തിക്കുമെന്നാണ് ഇതില്‍നിന്ന് മനസിലാക്കാന്‍ കഴിയുന്നത്. 650 സിസി പ്ലാറ്റ്‌ഫോമില്‍ കൂടുതല്‍ മോഡലുകള്‍ പുറത്തിറക്കാനാണ് റോയല്‍ എന്‍ഫീല്‍ഡ് തയ്യാറെടുക്കുന്നത്. ഇതുവഴി ആഗോളതലത്തില്‍ 350 സിസി മുതല്‍ 650 സിസി വരെയുള്ള സെഗ്‌മെന്റില്‍ കൂടുതല്‍ ആധിപത്യം സ്ഥാപിക്കുകയാണ് ലക്ഷ്യം. മൂന്ന് വര്‍ഷം മുമ്പ് റോയല്‍ എന്‍ഫീല്‍ഡിന്റെ 650 സിസി പ്ലാറ്റ്‌ഫോം അരങ്ങേറ്റം കുറിച്ച നാള്‍ മുതല്‍ സ്‌ക്രാംബ്ലര്‍ വിപണിയിലെത്തുമെന്ന് പ്രചാരമുണ്ടായിരുന്നു.

റിവൈവല്‍ സൈക്കിള്‍സ് കൂടാതെ റോയല്‍ എന്‍ഫീല്‍ഡിന്റെ ലാത്‌വിയയിലെ ഡീലര്‍ഷിപ്പായ മോട്ടോ ക്ലാസിക് ഹൗസ് (എംസിഎച്ച്) കസ്റ്റം എന്ന നിലയില്‍ 650 സിസി സ്‌ക്രാംബ്ലര്‍ നിര്‍മിച്ചിരുന്നു. കൂടുതല്‍ ഓള്‍ഡ് സ്‌കൂള്‍, ഹാര്‍ഡ് കോര്‍ സ്‌ക്രാംബ്ലര്‍ മോട്ടോര്‍സൈക്കിളാണ് റിവൈവല്‍ എക്‌സ് റോയല്‍ എന്‍ഫീല്‍ഡ് ഡെസര്‍ട്ട് റണ്ണര്‍ 650 എങ്കില്‍ സീരീസ് ഉല്‍പ്പാദനത്തിന് കൂടുതല്‍ അനുയോജ്യമാണ് എംസിഎച്ച് നിര്‍മിച്ച മോഡല്‍. ഡര്‍ട്ട് സൗഹൃദ നോബി ടയറുകള്‍, ഒരു വശത്തായി ഉയര്‍ത്തി സ്ഥാപിച്ച സ്‌ക്രാംബ്ലര്‍ എക്‌സോസ്റ്റ്, കൂടുതല്‍ പെര്‍ഫോമന്‍സ് ലഭിക്കുന്നതിന് 12 കിലോഗ്രാം വരെ ഭാരം കുറവ് എന്നിവയോടെയാണ് എംസിഎച്ച് തങ്ങളുടെ റോയല്‍ എന്‍ഫീല്‍ഡ് സ്‌ക്രാംബ്ലര്‍ നിര്‍മിച്ചത്.

നിലവില്‍ അഡ്വഞ്ചര്‍ മോട്ടോര്‍സൈക്കിള്‍ സെഗ്‌മെന്റില്‍ ഹിമാലയന്‍ വിറ്റുവരികയാണ് റോയല്‍ എന്‍ഫീല്‍ഡ്. കൂടുതല്‍ ശക്തമായ മോഡല്‍ വേണമെന്ന ആവശ്യം ഉയര്‍ന്നുതുടങ്ങിയിട്ട് കുറച്ചുകാലമായി. എന്നാല്‍ 650 സിസി പ്ലാറ്റ്‌ഫോമില്‍ കൂടുതല്‍ മോഡലുകള്‍ വിപണിയിലെത്തിക്കാനാണ് റോയല്‍ എന്‍ഫീല്‍ഡ് ഇപ്പോള്‍ പ്രാധാന്യം നല്‍കുന്നതെന്ന് തോന്നുന്നു. വളരെ താങ്ങാവുന്ന വിലയില്‍ സ്‌ക്രാംബ്ലര്‍ മോട്ടോര്‍സൈക്കിളിനാണ് ഇതില്‍ മുന്തിയ പരിഗണന. നിലവില്‍ വില്‍ക്കുന്ന മറ്റേതൊരു ഫാക്റ്ററി സ്‌ക്രാംബ്ലര്‍ മോട്ടോര്‍സൈക്കിളിനേക്കാള്‍ വിലക്കുറവില്‍ റോയല്‍ എന്‍ഫീല്‍ഡിന് തങ്ങളുടെ സ്‌ക്രാംബ്ലര്‍ വില്‍ക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Maintained By : Studio3