2024ഓടെ ഇന്ത്യയുടെ പ്രകൃതിവാതക ഉല്‍പ്പാദനം 52% ഉയരും
1 min readനടപ്പു സാമ്പത്തിക വര്‍ഷത്തെ ഉല്‍പ്പാദനം 93 എംഎംസിഎംഡി ആകുമെന്നാണ് കണക്കാക്കുന്നത്
ന്യൂഡെല്‍ഹി: 2024ഓടെ ഇന്ത്യയുടെ പ്രകൃതിവാതക ഉല്‍പാദനം 52 ശതമാനം ഉയര്‍ന്ന് പ്രതിദിനം 122 ദശലക്ഷം സ്റ്റാന്‍ഡേര്‍ഡ് ക്യുബിക് മീറ്ററാകുമെന്ന് എച്ച്ഡിഎഫ്സി സെക്യൂരിറ്റീസ് തയാറാക്കിയ പഠന റിപ്പോര്‍ട്ട്. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഓയില്‍ ആന്‍ഡ് നാച്ചുറല്‍ ഗ്യാസ് കോര്‍പ്പറേഷനും (ഒഎന്‍ജിസി) റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ്-ബിപിയും ഈ ഉല്‍പ്പാദന വര്‍ധനയില്‍ മുഖ്യ പങ്കുവഹിക്കും.
2019-20 ലെ പ്രകൃതിവാതക ഉല്‍പ്പാദനം 85 എംഎംസിഎംഡി ആയിരുന്നു. അത് കഴിഞ്ഞ വര്‍ഷം 80 എംഎംസിഎംഡിയായി കുറയുമെന്നാണ് കണക്കാക്കുന്നതെന്ന് എച്ച്ഡിഎഫ്സി സെക്യൂരിറ്റീസ് റിപ്പോര്‍ട്ടില്‍ പറയുന്നു. കോവിഡ് 19ഉം ലോക്ക്ഡൗണുകളും സാമ്പത്തിക പ്രവര്‍ത്തനങ്ങളെ ബാധിച്ചതാണ് ഈ ഇടിവിന് കാരണമായത്.
നടപ്പു സാമ്പത്തിക വര്‍ഷത്തെ ഉല്‍പ്പാദനം 93 എംഎംസിഎംഡി ആകുമെന്നാണ് കണക്കാക്കുന്നത്. അടുത്ത വര്‍ഷം 107 എംഎംസിഎംഡിയും അതിനടുത്ത വര്‍ഷം 107 എംഎംസിഎംഡിയും ആയി വളര്‍ച്ച പ്രകടമാക്കും. ഇങ്ങനെ 2023-24ല്‍ 122 എംഎംസിഎംഡിയിലേക്ക് ഉല്‍പ്പാദനം എത്തുമെന്ന് ബ്രോക്കറേജ് വിലയിരുത്തുന്നു. 2030ഓടെ രാജ്യത്തെ ഊര്‍ജ്ജ ഉല്‍പ്പാദനത്തിലെ പ്രകൃതിവാതകത്തിന്‍റെ വിഹിതം 15 ശതമാനമായി ഉയര്‍ത്താനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. നിലവില്‍ രാജ്യത്തെ ഊര്‍ജ്ജ മേഖലയില്‍ 6.2 ശതമാനം വിഹിതം മാത്രമാണ് പ്രകൃതി വാതകത്തിന് ഉള്ളത്.
അടുത്ത കാലത്തായി ഉല്‍പ്പാദനത്തില്‍ കാര്യമായ മാറ്റം ഇല്ലാതിരുന്ന ഒഎന്‍ജിസി-യുടെ ഉല്‍പ്പാദനം 2021-22ല്‍ 67 എംഎംസിഎംഡി ആയി ഉയരാന്‍ സാധ്യതയുണ്ട്. ഇത് 2022-23ല്‍ 69 ആയും അതിനടുത്ത സാമ്പത്തിക വര്‍ഷം 75 ആയും ഉയരുമെന്നാണ് കണക്കാക്കുന്നത്. റിലയന്‍സ്-ബിപി സംയുക്ത സംരംഭം നടപ്പു സാമ്പത്തിക വര്‍ഷം ഉല്‍പ്പാദനം 38 എംഎംസിഎംഡി ആക്കുമെന്നാണ് നിഗമനം. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 11 എംഎംസിഎംഡി ഉല്‍പ്പാദനം മാത്രമാണ് ഈ സംയുക്ത സംരംഭത്തിന് ഉണ്ടായിരുന്നത്.
2020-21ലെ 153.8 എംഎംസിഎംഡി-യില്‍ നിന്ന് പ്രകൃതിവാതക ആവശ്യകത 2024-25ഓടെ 215.5 എംഎംസിഎംഡി-യിലേക്ക് എത്തുമെന്നാണ് കണക്കാക്കുന്നത്. ഇന്ത്യയുടെ ആഭ്യന്തര ആവശ്യകതയ്ക്കുള്ള പ്രകൃതിവാതകത്തിന്‍റെ ഒരു പങ്ക് മാത്രമാണ് രാജ്യത്ത് ഉല്‍പ്പാദിപ്പിക്കപ്പെടുന്നത്. ബാക്കി ദ്രവീകൃത പ്രകൃതി വാതകത്തിന്‍റെ ഇറക്കുമതിയിലൂടെയാണ് നിര്‍വഹിക്കുന്നത്.