ബാങ്ക് ലയനം ഉപഭോക്തൃ സംതൃപ്തി അറിയാന്‍ ആര്‍ബിഐ
ന്യൂഡെല്‍ഹി: സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ബാങ്കുകളുടെ സമീപകാല ലയനം വ്യക്തികള്‍ക്ക് ലഭ്യമാകുന്ന ബാങ്കിംഗ് സേവനങ്ങളില്‍ എങ്ങനെ സ്വാധീനം ചെലുത്തിയെന്ന് കണ്ടെത്തുന്നതിനായി ഉപഭോക്തൃ സംതൃപ്തി സര്‍വേ നടത്താന്‍ റിസര്‍വ് ബാങ്ക് തീരുമാനിച്ചു. ഉപഭോക്തൃ സേവനങ്ങളുടെ അടിസ്ഥാനത്തില്‍ ലയനം പോസിറ്റീവ് ആയിരുന്നോ എന്ന ചോദ്യം സര്‍വെയില്‍ ഉണ്ടാകും.
ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര, പശ്ചിമ ബംഗാള്‍, തമിഴ്നാട്, ബീഹാര്‍, കര്‍ണാടക, മധ്യപ്രദേശ്, ഗുജറാത്ത് എന്നിവയുള്‍പ്പെടെ 21 സംസ്ഥാനങ്ങളില്‍ നിന്നായി 20,000 പേരെ സര്‍വെയില്‍ ഉള്‍പ്പെടുത്തും. ആകെ 22 ചോദ്യങ്ങളുണ്ടാകും. 2019, 2020 വര്‍ഷങ്ങളില്‍ മറ്റ് ബാങ്കുകളുമായി ലയിപ്പിച്ച ബാങ്കുകളുടെ ശാഖകളുടെ ഉപഭോക്താക്കള്‍ക്ക് ലഭ്യമാകുന്ന ഉപഭോക്തൃ സേവനവും പരാതി പരിഹാരവും വിലയിരുത്തുന്നതിനായി നാല് ചോദ്യങ്ങള്‍ തയ്യാറാക്കിയിട്ടുണ്ട്.
ദേനാ ബാങ്കും വിജയ ബാങ്കും ബാങ്ക് ഓഫ് ബറോഡയുമായമാണ് ലയിച്ചത്. ഓറിയന്‍റല്‍ ബാങ്ക് ഓഫ് കൊമേഴ്സും യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യയും പഞ്ചാബ് നാഷണല്‍ ബാങ്കുമായി ലയിച്ചപ്പോള്‍ കാനറ ബാങ്കുമായി സിന്‍ഡിക്കേറ്റ് ബാങ്ക് ലയിച്ചു. അലഹബാദ് ബാങ്ക് ഇന്ത്യന്‍ ബാങ്കിലും ആന്ധ്ര ബാങ്കും കോര്‍പ്പറേഷന്‍ ബാങ്കും യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യയുമായും ലയിച്ചു. ലക്ഷ്മി വിലാസ് ബാങ്ക് ഡിബിഎസ് ബാങ്കുമായാണ് ലയിച്ചത്.
സര്‍വെ നടത്തുന്നതിന് സര്‍വെ ഏജന്‍സികളില്‍ നിന്ന് കേന്ദ്ര ബാങ്ക് ക്വട്ടേഷനുകള്‍ ക്ഷണിച്ചിട്ടുണ്ട്.