ആര്‍ബിഐ യോഗം : റിപ്പോ 4 ശതമാനം തന്നെ, ബാഡ് ബാങ്കിന് ഔദ്യോഗിക പ്രൊപ്പോസല്‍ വരട്ടെയെന്ന് ദാസ്
1 min read-
റിപ്പോ നിരക്ക് നാല് ശതമാനത്തില്‍ തുടരും. നിരക്കുകളില്‍ മാറ്റമില്ല
-
2022ലെ റിയല്‍ ജിഡിപി വളര്‍ച്ചാ പ്രതീക്ഷ 10.5 ശതമാനം
-
പ്രതീക്ഷിച്ച പ്രഖ്യാപനങ്ങളെന്ന് വ്യവസായലോകം
ന്യൂഡെല്‍ഹി: കേന്ദ്ര ബജറ്റിന് ശേഷമുള്ള ആദ്യത്തേയും ഈ സാമ്പത്തിക വര്‍ഷത്തെ അവസാനത്തേതുമായ വായ്പാവലോകന യോഗത്തില്‍ നിരക്കുകളില്‍ മാറ്റം വരുത്താതെ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ധനനയ സമിതി (എംപിസി). റിപ്പോ നിരക്ക് നാല് ശതമാനത്തില്‍ തുടരും. റിവേഴ്‌സ് റിപ്പോ നിരക്ക് 3.35 ശതമാനമായും നിലനില്‍ക്കും.
കഴിഞ്ഞ കുറച്ച് മാസങ്ങളായി സാമ്പത്തിക രംഗത്ത് തിരിച്ചുവരവിന്റെ സാധ്യതകള്‍ പ്രകടമാകുന്നതും വിലക്കയറ്റ നിരക്കില്‍ നേരിയ കുറവുണ്ടായതുമെല്ലാം വളര്‍ച്ചയ്ക്ക് ഗുണം ചെയ്യുമെന്നാണ് ധനനയസമിതിയുടെ വിലയിരുത്തല്‍. നിരക്കുകളില്‍ മാറ്റം വരുത്തേണ്ടെന്ന് തീരുമാനിക്കാന്‍ കാരണവും ഇതുതന്നെ.
2022 സാമ്പത്തിക വര്‍ഷത്തില്‍ 10.5 ശതമാനം വളര്‍ച്ചയാണ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പ്രതീക്ഷിക്കുന്നത്. നടപ്പ് സാമ്പത്തിക വര്‍ഷത്തെ നാലാം പാദത്തിലെ പണപ്പെരുപ്പം 5.2 ശതമാനത്തിലെത്തിയത് പോസിറ്റീവായാണ് വിലയിരുത്തപ്പെടുന്നത്.
നിലവിലെ പലിശനിരക്കുകള്‍ തുടരുന്നതുമായി ബന്ധപ്പെട്ട് ധനനയസമിതി യോഗത്തില്‍ പങ്കെടുത്ത അംഗങ്ങളില്‍ എല്ലാവരും ഒരേ അഭിപ്രായമാണ് രേഖപ്പെടുത്തിയത്.
വിപണിയില്‍ പണലഭ്യത സാധാരണ നിലയിലാക്കാനും സമ്പദ് വ്യവസ്ഥയെ പിന്തുണയ്ക്കാനുമുള്ള നടപടികള്‍ തുടരുമെന്ന് ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് വ്യക്തമാക്കി.
ബാഡ് ബാങ്ക്, പ്രൊപ്പോസല്‍ വരട്ടെ
ബാങ്കുകളുടെ കിട്ടാക്കടം പരിഹരിക്കുന്നതുമായി ബന്ധപ്പെട്ടുള്ള ബാഡ് ബാങ്കിന്റെ രൂപീകരണവുമായി ബന്ധപ്പെട്ടും ശക്തികാന്ത ദാസ് നിലപാട് വ്യക്തമാക്കി. നിര്‍ദ്ദിഷ്ട ബാഡ് ബാങ്ക് രൂപീകരണവുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാരില്‍ നിന്നുള്ള ഔദ്യോഗിക പ്രൊപ്പോസല്‍ കാത്തിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഞങ്ങള്‍ ഔദ്യോഗിക പ്രൊപ്പോസലിനായുള്ള കാത്തിരിപ്പിലാണ്-ദാസ് വ്യക്തമാക്കി.
ഇക്കഴിഞ്ഞ കേന്ദ്ര ബജറ്റില്‍ ബാഡ് ബാങ്ക് രൂപീകരിക്കുന്നത് സംബന്ധിച്ച് ധനമന്ത്രി നിര്‍മല സീതാരാമന്‍ പ്രഖ്യാപനം നടത്തിയിരുന്നു. അസറ്റ് മാനേജ്‌മെന്റ് കമ്പനി എന്ന നിലയിലോ അസറ്റ് റീകണ്‍സ്ട്രക്ഷന്‍ കമ്പനി എന്ന നിലയിലോ ആയിരിക്കും ബാഡ് ബാങ്ക് പ്രവര്‍ത്തനമാരംഭിക്കുക. ബാങ്കിംഗ് മേഖലയിലെ നിഷ്‌ക്രിയ ആസ്തി ഏറ്റെടുക്കാനുള്ള സംവിധാനമാകും ബാഡ് ബാങ്ക്.
സര്‍ക്കാര്‍ പണം നല്‍കുകയോ ഉടമസ്ഥാവകാശം കൈയാളുകയോ ചെയ്യാത്ത തരത്തിലായിരിക്കും സ്ഥാപനത്തിന്റെ ഘടനയെന്നാണ് ചില ഉന്നത വൃത്തങ്ങളില്‍ നിന്നും ലഭിക്കുന്ന സൂചന. ഏകദേശം 2.25 ലക്ഷം കോടി രൂപയുടെ കിട്ടാക്കട വായ്പകള്‍ പുതിയതായി തുടങ്ങാനിരിക്കുന്ന ബാഡ് ബാങ്കിലേക്ക് മാറ്റപ്പെടും.
ബാഡ് ബാങ്ക് എന്ന സംവിധാനം പൂര്‍ണമായും ഫണ്ട് ചെയ്യുന്നതും നിയന്ത്രിക്കുന്നതും വാണിജ്യ ബാങ്കുകള്‍ തന്നെയായിരിക്കുമെന്നാണ് സൂചന. 500 കോടിക്ക് മുകളിലുള്ള കിട്ടാക്കടങ്ങള്‍ എല്ലാം ബാഡ് ബാങ്കിന് കീഴില്‍ കൊണ്ടു വരും. ഏകദേശം 70 ഓളം എക്കൗണ്ടുകളില്‍ നിന്നാകും ഇത് വരുക.
കോവിഡ് മഹാമാരി കൂടി വന്ന പശ്ചാത്തലത്തില്‍ കിട്ടാക്കടത്തില്‍ വലിയ വര്‍ധനയാണുണ്ടാകുന്നത്. സെപ്റ്റംബര്‍ 2020ലെ കണക്കുകള്‍ അനുസരിച്ച് മൊത്തം ലോണ്‍ ബുക്കിന്റെ ഏഴ് ശതമാനം വരും ആകെയുള്ള അറ്റ നിഷ്‌ക്രിയ ആസ്തി. ഇത് 13.5 ശതമാനമായി കൂടാനാണ് സാധ്യതയെന്ന് വിലയിരുത്തപ്പെടുന്നു.
എത്ര രൂപയാകും ബാഡ് ബാങ്കിന്റെ പ്രാഥമിക മൂലധനമെന്ന കാര്യത്തില്‍ വ്യക്തത ഇല്ലെങ്കിലും നേരത്തെ ഇന്ത്യന്‍ ബാങ്ക്‌സ് അസോസിയേഷന്‍ വിലയിരുത്തിയത് പ്രകാരം 10,000 കോടി രൂപയെങ്കിലും പ്രവര്‍ത്തനം തുടങ്ങുന്നതിനായി വേണ്ടി വരും.