കോവിഡ് രണ്ടാം തരംഗം : ഡിവിഡന്‍റ് വിതരണം പകുതിയാക്കാന്‍ ബാങ്കുകളോട് നിര്‍ദേശിച്ച് ആര്‍ബിഐ
1 min readബാങ്കുകള്‍ പ്രതിരോധശേഷിയോടെയും മതിയായ മൂലധനത്തോടെയും നിലകൊള്ളേണ്ടത് അനിവാര്യം
മുംബൈ: മൂലധനം സംരക്ഷിക്കുന്നതിനും ജാഗ്രതയോടെ നിലകൊള്ളുന്നതിനുമായി ഡിവിഡന്‍റ് പേഔട്ടുകള്‍ 50 ശതമാനമായി പരിമിതപ്പെടുത്താന്‍ ബാങ്കുകള്‍ തയാറാകണമെന്ന് റിസര്‍വ് ബാങ്ക് നിര്‍ദേശം നല്‍കി. കോവിഡ് -19 ന്‍റെ രണ്ടാം തരംഗം രാജ്യത്ത് സൃഷ്ടിച്ചിട്ടുള്ള അനിശ്ചിതത്വം കണക്കിലെടുത്ത്, ബാങ്കുകള്‍ പ്രതിരോധശേഷിയോടെയും മതിയായ മൂലധനത്തോടെയും നിലകൊള്ളേണ്ടത് നിര്‍ണായകമാണെന്ന് കേന്ദ്ര ബാങ്ക് എല്ലാ വാണിജ്യ, സഹകരണ ബാങ്കുകള്‍ക്കുമായി നല്‍കിയ വിജ്ഞാപനത്തില്‍ പറഞ്ഞു.
നിലവിലെ സാഹചര്യത്തില്‍ 2021 മാര്‍ച്ച് 31 ന് അവസാനിച്ച വര്‍ഷത്തിനു വേണ്ടിയുള്ള ലാഭവിഹിത പ്രഖ്യാപന മാനദണ്ഡങ്ങള്‍ പുനരവലോകനം ചെയ്യുകയാണെന്ന് വിജ്ഞാപനത്തില്‍ പറയുന്നു. 2021 മാര്‍ച്ച് 31 ന് അവസാനിച്ച സാമ്പത്തിക വര്‍ഷത്തിലെ ലാഭത്തില്‍ നിന്ന് ബാങ്കുകള്‍ക്ക് ഇക്വിറ്റി ഷെയറുകളുടെ ലാഭവിഹിതം നല്‍കാം, എന്നാല്‍ ലാഭവിഹിതത്തിന്‍റെ അളവ് ഡിവിഡന്‍റ് പേഔട്ട് അനുപാതം അനുസരിച്ച് നിര്‍ണ്ണയിക്കപ്പെടുന്ന തുകയുടെ അമ്പത് ശതമാനത്തില്‍ കൂടരുത്.
നിലവിലുള്ള നിര്‍ദേശപ്രകാരം 2021 മാര്‍ച്ച് 31 ന് അവസാനിച്ച സാമ്പത്തിക വര്‍ഷത്തിലെ ലാഭത്തില്‍ നിന്ന് ഇക്വിറ്റി ഷെയറുകള്‍ക്ക് ലാഭവിഹിതം നല്‍കാന്‍ സഹകരണ ബാങ്കുകളെ അനുവദിക്കും. ഡിവിഡന്‍റ് പേയ്മെന്‍റിന് ശേഷം എല്ലാ ബാങ്കുകളും ബാധകമായ ചുരുങ്ങിയ മൂലധന പരിധി തുടര്‍ന്നും പാലിക്കണമെന്നും കേന്ദ്ര ബാങ്ക് നിര്‍ദേശിച്ചിട്ടുണ്ട്.
ഇക്വിറ്റി ഷെയറുകളുടെ ലാഭവിഹിതം പ്രഖ്യാപിക്കുമ്പോള്‍, ബാങ്കിന്‍റെ നിലവിലുള്ളതും ഭാവിയിലേക്ക് വിലയിരുത്തുന്നതുമായ മൂലധന നില പരിഗണിക്കേണ്ടച്ത് ഡയറക്ടര്‍ ബോര്‍ഡിന്‍റെ ഉത്തരവാദിത്തമായിരിക്കും. ബാധകമായ മൂലധന ആവശ്യകതകളും സാമ്പത്തിക അന്തരീക്ഷവും ലാഭത്തിനായുള്ള കാഴ്ചപ്പാടുമെല്ലാം പരിഗണിക്കണമെന്നും റിസര്‍വ് ബാങ്ക് ചൂണ്ടിക്കാണിക്കുന്നു.
കോവിഡിന്‍റെ രണ്ടാം തരംഗം വലിയ പ്രതിസന്ധികള്‍ ഉണ്ടാക്കാനിടയുള്ള ഒരു മേഖലയായാണ് ബാങ്കിംഗ് മേഖല കണക്കാക്കപ്പെടുന്നത്. നിലവിലെ സാഹചര്യം കണക്കിലെടുത്ത് വായ്പകള്‍ക്ക് വീണ്ടും മൊറട്ടോറിയം പ്രഖ്യാപിക്കണമെന്നും പാപ്പരത്ത നടപടികളില്‍ ഇളവ് വേണമെന്നുമുള്ള വാദം ശക്തമായിട്ടുണ്ട്.