പഞ്ചാബ് കോണ്‍ഗ്രസില്‍ കലി അടങ്ങുന്നില്ല; റാവത്ത് വീണ്ടും ചര്‍ച്ചക്ക്
ന്യൂഡെല്‍ഹി: പഞ്ചാബ് കോണ്‍ഗ്രസിലെ പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തില്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിംഗിനെ കാണാന്‍ സംസ്ഥാന ചുമതലയുള്ള ഹരീഷ് റാവത്ത് ചണ്ഡിഗഡിലേക്ക് പോയി. നവജ്യോത് സിദ്ധുവിന് പഞ്ചാബ് കോണ്‍ഗ്രസിന്‍റെ ചുമതല നല്‍കിയാല്‍ പാര്‍ട്ടി പിളരുമെന്ന് മുഖ്യമന്ത്രി കോണ്‍ഗ്രസ് പ്രസിഡന്‍റ് സോണിയ ഗാന്ധിക്ക് കത്തെഴുതിയതിനു പിന്നാലെയാണ് നടപടിയെന്ന് കരുതുന്നു. സംസ്ഥാനത്തെ ഉന്നത സംഘടനാ പദവിയിലേക്ക് സിദ്ധുവിനെ ഉയര്‍ത്തിയാല്‍ അദ്ദേഹത്തിന്‍റെ കീഴില്‍ മത്സരിക്കില്ലെന്ന് അമരീന്ദര്‍ സിംഗ് കത്തില്‍ പറഞ്ഞിരുന്നു. വെള്ളിയാഴ്ച ഹരീഷ് റാവത്തും സിദ്ധുവും സോണിയയെയും രാഹുല്‍ ഗാന്ധിയെയും സന്ദര്‍ശിച്ചെങ്കിലും കൂടിക്കാഴ്ച ഏറെ നേരം നീണ്ടുനിന്നില്ലെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു.
പാര്‍ട്ടി പ്രസിഡന്‍റിന് താന്‍ ഒരു കുറിപ്പ് സമര്‍പ്പിച്ചിട്ടുണ്ടെന്നും അവര്‍ തീരുമാനിക്കുന്നതനുസരിച്ച് അത് പരസ്യമാക്കുമെന്നും യോഗത്തിന് ശേഷം ഹരീഷ് റാവത്ത് പറഞ്ഞു. സിദ്ധുവിനെ പാര്‍ട്ടി പ്രസിഡന്‍റാക്കുമോയെന്ന് ചോദിച്ചപ്പോള്‍ റാവത്ത് പ്രതികരിച്ചു: ‘സിദ്ധുവിനെ പാര്‍ട്ടി പ്രസിഡന്‍റാക്കുമെന്ന് ആരാണ് പറഞ്ഞത്’? എന്നായിരുന്നു മറുപടി. സോണിയ ഗാന്ധിയുടെ വസതിയില്‍ നിന്ന് പുറപ്പെട്ട ശേഷം സിദ്ധു മാധ്യമങ്ങളോട് സംസാരിച്ചിരുന്നുമില്ല.മുഖ്യമന്ത്രി അമരീന്ദര്‍ സിംഗിനെ കലാപക്കൊടി ഉയര്‍ത്തിയ സിദ്ധുവിനെ സംസ്ഥാന കോണ്‍ഗ്രസ് പ്രസിഡന്‍റാക്കാന്‍ സാധ്യതയുണ്ടെന്ന അഭ്യൂഹത്തിന്‍റെ പശ്ചാത്തലത്തിലാണ് റാവത്ത് കൂടിക്കാഴ്ചക്ക് ചണ്ഡിഗഡിന് പുറപ്പെട്ടത്.
വര്‍ക്കിംഗ് പ്രസിഡന്‍റുമാരായി ദലിതനെയും ഉയര്‍ന്ന ജാതിക്കാരനായ ഒരു ഹിന്ദുവിനെയും നിയമിക്കാനുള്ള ആശയം കോണ്‍ഗ്രസ് മുന്നോട്ട് വയ്ക്കുകയാണെന്ന് വൃത്തങ്ങള്‍ അറിയിച്ചു. എന്നാല്‍, അമരീന്ദര്‍ സിംഗിന്‍റെ അസന്തുഷ്ടി പാര്‍ട്ടിയെ മറ്റൊരു വിധത്തില്‍ ചിന്തിക്കാന്‍ പ്രേരിപ്പിച്ചിരിക്കുകയാണ് എന്നു സൂചനയുണ്ട്.