ദീര്‍ഘനേരം ജോലി ചെയ്യുന്നത് മരണകാരണമാകാം: ലോകാരോഗ്യ സംഘടന പഠനം
1 min readആഴ്ചയില്‍ 55 മണിക്കൂറില്‍ കൂടുതല്‍ ജോലി ചെയ്യുന്നത് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ക്കിടയാക്കും
ദീര്‍ഘനേരം ജോലി ചെയ്യുന്നത് മൂലം ഓരോ വര്‍ഷവും ആയിരക്കണക്കിന് ആളുകള്‍ മരിക്കുന്നതായി ലോകാരോഗ്യ സംഘടനയുടെ പഠന റിപ്പോര്‍ട്ട്. കോവിഡ്-19 പകര്‍ച്ചവ്യാധി ഈ മോശം പ്രവണത വര്‍ധിപ്പിച്ചേക്കുമെന്നും സംഘടന മുന്നറിയിപ്പ് നല്‍കി. ഇതാദ്യമായാണ് ദീര്‍ഘമായ ജോലി സമയവും മരണവും തമ്മിലുള്ള ബന്ധം സംബന്ധിച്ച് ആഗോളതലത്തില്‍ ഒരു പഠനം നടക്കുന്നത്. അധിക ജോലി സമയവുമായി ബന്ധപ്പെട്ട സ്‌ട്രോക്കും ഹൃദ്രോഗവും മൂലം 2016ല്‍ 745,000 പേര്‍ മരണപ്പെട്ടുവെന്നാണ് ജേണല്‍ എന്‍വയോണ്‍മെന്റ് ഇന്റെര്‍നാഷണലില്‍ പ്രസിദ്ധീകരിച്ച പഠന റിപ്പോര്‍ട്ടില്‍ പറയുന്നത്. 2000ത്തിലെ മരണങ്ങളെ അപേക്ഷിച്ച് 30 ശതമാനം അധികമാണിത്.
ആഴ്ചയില്‍ 55 മണിക്കൂറില്‍ കൂടുതല്‍ സമയം ജോലി ചെയ്യുന്നത് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്ന് ലോകാരോഗ്യ സംഘടനയിലെ പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാനം, ആരോഗ്യ വിഭാഗം ഡയറക്ടര്‍ മരിയ നീറ പറയുന്നു. ഈ റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ കണക്കിലെടുത്ത് ഉദ്യോഗസ്ഥരുടെ ആരോഗ്യം സംരക്ഷിക്കുന്നതിനായി കൂടുതല്‍ നടപടികള്‍ സ്വീകരിക്കണമെന്നും മരിയ അഭിപ്രായപ്പെട്ടു. ഇത്തരത്തില്‍ മരണപ്പെടുന്നവരില്‍ 72 ശതമാനവും പുരുഷന്മാരും മധ്യവയസ്‌കരോ അതില്‍ കൂടുതല്‍ പ്രായമുള്ളവരോ ആണെന്ന് ലോകാരോഗ്യ സംഘടനയും അന്താരാഷ്ട്ര തൊഴില്‍ സംഘടനയും സംയുക്തമായി നടത്തിയ പഠനം വ്യക്തമാക്കുന്നു. പലപ്പോഴും കഠിനമായ ഉദ്യോഗസ്ഥജീവിതം അവസാനിച്ച് വളരെ കഴിഞ്ഞതിന് ശേഷമായിരിക്കും അതിന്റെ അനന്തരഫലമായുള്ള മരണമുണ്ടാകുന്നതെന്നും പഠനം പറയുന്നു.ചൈന, ജപ്പാന്‍, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന തെക്ക് കിഴക്കന്‍ ഏഷ്യ, പടിഞ്ഞാറന്‍ പസഫിക് മേഖല എന്നിവിടങ്ങളിലുള്ളവരാണ് ഇത്തരമൊരു പ്രവണതയ്ക്ക് കൂടുതലായും വിധേയരാകുന്നത്.
മൊത്തത്തില്‍ 194 രാജ്യങ്ങളില്‍ ഉള്ളവരുടെ വിവരങ്ങളാണ് പഠനത്തിനായി ശേഖരിച്ചത്. ആഴ്ചയില്‍ 55 മണിക്കൂറില്‍ കൂടുതല്‍ ജോലി ചെയ്യുന്നവര്‍ക്ക് 35 മുതല്‍ 40 മണിക്കൂര്‍ വരെ ജോലി ചെയ്യുന്നവരെ അപേക്ഷിച്ച് സ്‌ട്രോക്ക് മൂലം മരണപ്പെടാനുള്ള സാധ്യത 35 ശതമാനവും ഹൃദ്രോഗം മൂലം മരണപ്പെടാനുള്ള സാധ്യത 17 ശതമാനവും അധികമാണ്. 2000 മുതല്‍ 2016 വരെയുള്ള കാലഘട്ടത്തിലെ വിവരങ്ങളാണ് പഠനത്തില്‍ ഉള്‍ക്കൊള്ളിച്ചത്. അതിനാല്‍ തന്നെ കോവിഡ്-19 പകര്‍ച്ചവ്യാധിയുമായി ബന്ധപ്പെട്ട കണക്കുകള്‍ പഠനത്തില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. അതേസമയം കൊറോണ വൈറസ് പകര്‍ച്ചവ്യാധിയുമായി ബന്ധപ്പെട്ട അടിയന്തരസാഹചര്യത്തില്‍ വീട്ടിലിരുന്നുള്ള ജോലി ചെയ്യലും ആഗോള സാമ്പത്തിക മാന്ദ്യവും വര്‍ധിച്ചതോടെ അധിക ജോലി സമയം മൂലമുള്ള മരണം കൂടിയേക്കുമെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കുന്നു.
പകര്‍ച്ചവ്യാധി ആളുകളുടെ ജോലി സമയം കൂടാന്‍ കാരണമായിട്ടുണ്ട്. ജോലിസാഹചര്യങ്ങളിലെ മാറ്റം മൂലം ലോകത്ത് ചുരുങ്ങിയത് 9 ശതമാനം പേരെങ്കിലും മുമ്പുള്ളതിനേക്കാള്‍ കൂടുതല്‍ സമയം ജോലി ചെയ്യുന്നു. താനടക്കമുള്ള ലോകാരോഗ്യ സംഘടന ഉദ്യോഗസ്ഥര്‍ ഇപ്പോള്‍ അധികസമയം ജോലി ചെയ്യുന്നതായി ലോകാരോഗ്യ സംഘടന തലവന്‍ ടെഡ്രോസ് അദാനം ഗെബ്രിയേസസ് വെളിപ്പെടുത്തിയിരുന്നു. പുതിയ പഠനത്തിന്റെ കണ്ടെത്തലുകള്‍ പരിഗണിച്ച് ലോകാരോഗ്യ സംഘടന തൊഴില്‍ സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്ന തരത്തില്‍ നയങ്ങള്‍ പരിഷ്‌കരിക്കണമെന്ന് നെയ്‌റ ആവശ്യപ്പെട്ടു. തൊഴില്‍ സമയം കുറയ്ക്കുന്നത് ജീവനക്കാരുടെ ഉല്‍പ്പാദനക്ഷമത വര്‍ധിപ്പിക്കുമെന്നതിനാല്‍ തൊഴിലുടമകളെ സംബന്ധിച്ചെടുത്തോളവും ഗുണകരമായിരിക്കുമെന്ന് ലോകാരോഗ്യ സംഘടനയിലെ ടെക്‌നിക്കല്‍ ഓഫീസറായ ഫ്രാങ്ക് പെഗയും പറഞ്ഞു. സാമ്പത്തിക പ്രതിസന്ധിയുടെ കാലത്ത് ജോലി സമയം കൂട്ടാതിരിക്കുന്നത് സ്മാര്‍ട്ട് ചോയിസ് ആണെന്നും അദ്ദേഹം പറഞ്ഞു.