October 9, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

കുട്ടികളിലെ കോവിഡ്-19: ലക്ഷണങ്ങള്‍ എന്തെല്ലാം, ചികിത്സ എങ്ങനെ വേണം?

1 min read

ആരംഭത്തില്‍ തന്നെ കുട്ടികളിലെ-19 തിരിച്ചറിയുന്നതിനായി രക്ഷിതാക്കള്‍ ചില പ്രത്യേക കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ടെന്ന് ആരോഗ്യമന്ത്രാലയം 

തുടക്കത്തില്‍ തന്നെ കുട്ടികളിലെ കൊറോണ വൈറസ് (കോവിഡ്-19) ലക്ഷണങ്ങള്‍ എങ്ങനെ തിരിച്ചറിയുമെന്ന് ആശങ്കപ്പെട്ടിരിക്കുന്ന മാതാപിതാക്കള്‍ക്കായി ആരോഗ്യമന്ത്രാലയം കുറച്ച് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കിയിട്ടുണ്ട്. കുട്ടികള്‍ മിക്കപ്പോഴും നേരിയ തോതിലുള്ള കോവിഡ്-19 ലക്ഷണങ്ങള്‍ മാത്രമേ കാണിക്കുകയുള്ളു എന്നതിനാല്‍ പലപ്പോഴും തുടക്കത്തില്‍ രോഗം ശ്രദ്ധിക്കപ്പെടാതെ പോവുകയാണ് ചെയ്യുന്നത്. ചിലപ്പോഴൊക്കെ ഇത് ഗുരുതരമായ ചുമ, പനി, ശ്വാസതടസ്സം എന്നിവയ്ക്ക് കാരണമായേക്കാം. ആരംഭത്തില്‍ തന്നെ കുട്ടികളിലെ കോവിഡ്-19 തിരിച്ചറിയുന്നതിനായി രക്ഷിതാക്കള്‍ ചില പ്രത്യേക കാര്യങ്ങള്‍ ശ്രദ്ധിക്കണമെന്നാണ് ആരോഗ്യമന്ത്രാലയം പറയുന്നത്.

ലക്ഷണങ്ങള്‍

കൊറോണ വൈറസ് ബാധിതരായ ഭൂരിഭാഗം കുട്ടികളും യാതൊരുവിധ ലക്ഷണങ്ങളും കാണിക്കാറില്ല. ചിലരില്‍ പനി, ചുമ, ശ്വാസതടസ്സം, ക്ഷീണം, പേശീവേദന, മൂക്കൊലിപ്പ്, തൊണ്ടവേദന, അതിസാരം, മണമില്ലായ്മ, രുചിയില്ലായ്മ തുടങ്ങി കോവിഡ്-19ന്റെ സാധാരണ ലക്ഷണങ്ങള്‍ നേരിയ തോതില്‍ അനുഭവപ്പെടാം. ചില കുട്ടികളില്‍ ഉദരസംബന്ധമായ പ്രശ്‌നങ്ങളും കണ്ടുവരുന്നതായി ആരോഗ്യമന്ത്രാലയം പറയുന്നു.

ഇവ കൂടാതെ മള്‍ട്ടി സിസ്റ്റം ഇന്‍ഫ്‌ളമേറ്ററി സിന്‍ഡ്രം എന്ന അവസ്ഥയും ഇപ്പോള്‍ കുട്ടികളില്‍ കോവിഡ്-19നുമായി ബന്ധപ്പെട്ട് കണ്ടുവരുന്നുണ്ട്. പനി, അടിവയറ്റില്‍ വേദന, ഛര്‍ദ്ദി, അതിസാരം, നാഡീവ്യവസ്ഥയുമായും ഹൃദയസംബന്ധമായുമുള്ള പ്രശ്‌നങ്ങള്‍ എന്നിവയാണ് ഇതിന്റെ ലക്ഷണങ്ങള്‍.

ലക്ഷണങ്ങള്‍ ഇല്ലെങ്കില്‍ എന്തുചെയ്യണം

ലക്ഷണങ്ങള്‍ ഒന്നും ഇല്ലെങ്കില്‍ പോലും ഒരു കുട്ടി കോവിഡ് പോസിറ്റീവ് ആയാല്‍ ഏതെങ്കിലും തരത്തിലുള്ള ലക്ഷണങ്ങള്‍ പിന്നീട് ഉണ്ടാകുന്നുണ്ടോ എന്നറിയുന്നതിനായി ആരോഗ്യം നിരന്തരമായി നിരീക്ഷിക്കണം. നേരത്തെ തന്നെ ലക്ഷണങ്ങള്‍ തിരിച്ചറിയാന്‍ കഴിഞ്ഞാല്‍ നേരത്തെ തന്നെ ചികിത്സ ആരംഭിക്കാന്‍ കഴിയും. എന്നാല്‍ തൊണ്ട വേദന, ചുമ, മൂക്കൊലിപ്പ് തുടങ്ങിയ നേരിയ ലക്ഷണങ്ങള്‍ മാത്രമേ ഉള്ളു എങ്കില്‍ കുട്ടിയെ വീട്ടില്‍ തന്നെ പരിചരിച്ചാല്‍ മതിയാകുമെന്ന് ആരോഗ്യമന്ത്രാലയം നിര്‍ദ്ദേശിക്കുന്നു.

  മഹീന്ദ്ര സിയോ ഇലക്ട്രിക് ഫോര്‍ വീലര്‍ അവതരിപ്പിച്ചു

ജന്മനാ ഹൃദ്രോഗമുള്ളവരും ഗുരുതരമായ ശ്വാസകോശരോഗമുള്ളവരും മറ്റ് അവയവങ്ങള്‍ക്ക് പ്രവര്‍ത്തന തകരാറുകള്‍ ഉള്ളവരും അമിതവണ്ണമുള്ളവരുമായ കുട്ടികള്‍ക്ക് കോവിഡ്-19 മൂലമുള്ള ബുദ്ധിമുട്ടുകളും രോഗലക്ഷണങ്ങളും കൂടിയാല്‍ ആശുപത്രിയില്‍ ചികിത്സ തേടാം.

നേരിയ ലക്ഷണങ്ങള്‍ ഉള്ളവര്‍ക്കുള്ള ചികിത്സ

പനിയുള്ളവര്‍ക്ക് നാല് മുതല്‍ ആറ് മണിക്കൂര്‍ ഇടവിട്ട് പത്ത് മുതല്‍ പതിനഞ്ച് എംജി ഡോസിലുള്ള പാരസെറ്റാമോള്‍ നല്‍കാം. ചെറുചൂടുള്ള ഉപ്പുവെള്ളം കൊണ്ട് കുലുക്കുഴിയുന്നത് ചുമയും തൊണ്ടവേദനയും കുറയ്ക്കും. ധാരാളം വെള്ളവും മറ്റ് പാനീയങ്ങളും പോഷകസമ്പുഷ്ടമായ ഭക്ഷണങ്ങളും രോഗകാലത്ത് കുട്ടികള്‍ക്ക് നല്‍കണം.

അതേസമയം ആന്റിവൈറല്‍ മരുന്നുകള്‍ കുട്ടികള്‍ക്ക് നല്‍കുന്ന കാര്യത്തിലും ആരോഗ്യമന്ത്രാലയം വ്യക്തത വരുത്തിയിട്ടുണ്ട്. ഹൈഡ്രോക്‌സിക്ലേറോക്വിനൈന്‍, ഫാവിപിറവിര്‍,ഐവര്‍മെക്ടിന്‍, അയോപിനവിര്‍ അല്ലെങ്കില്‍ റിട്ടോനവിര്‍, റെംഡിസിവിര്‍, യൂമിഫെനോവിര്‍, ടോസിലിസുമാബ്, ഇന്റെര്‍ഫെറോണ്‍ ബി1എ, കോണ്‍വാലസെന്റ് പ്ലാസ്മ ഇന്‍ഫ്യൂഷന്‍ അല്ലെങ്കില്‍ ഡെക്‌സാമെതസോണ്‍ തുടങ്ങിയ ഇമ്മ്യൂണോമോഡുലേറ്ററുകളും കുട്ടികള്‍ക്ക് നല്‍കേണ്ടതില്ലെന്ന് ആരോഗ്യമന്ത്രാലയത്തിന്റെ മാര്‍ഗനിര്‍ദ്ദേശങ്ങളില്‍ പറയുന്നു.

അസുഖബാധിതരായ കുട്ടികളുടെ ശ്വാസോച്ഛാസ നിരക്കും ഓക്‌സിജന്റെ അളവും കൃത്യമായി നിരീക്ഷിക്കണം. ദിവസത്തില്‍ കുറഞ്ഞത് രണ്ട്, മൂന്ന് തവണയെങ്കിലും ഇവ പരിശോധിക്കണം. ശ്വാസമെടുക്കുമ്പോള്‍ ബുദ്ധിമുട്ട് (ചെസ്റ്റ് ഇന്‍ഡ്രോയിംഗ്), ശരീരത്തിന്റെ നിറവ്യത്യാസം, മൂത്രത്തിന്റെ അളവ്, വെള്ളം കുടിക്കുന്നതിന്റെ അളവ്, ആക്ടിവിറ്റി എന്നിവയും നിരീക്ഷിക്കണം. അസാധാരണമായി എന്തെങ്കിലും കണ്ടാല്‍ മാതാപിതാക്കള്‍ തീര്‍ച്ചയായും ഡോക്ടറുമായി ബന്ധപ്പെടണം.

  കൊട്ടക് മ്യൂച്വല്‍ ഫണ്ട് കൊട്ടക് എംഎന്‍സി ഫണ്ട് എന്‍എഫ്ഒ

മിതമായ തോതില്‍ ലക്ഷണങ്ങള്‍ ഉള്ളവര്‍ക്കുള്ള ചികിത്സ

രണ്ട് മാസത്തില്‍ താഴെ പ്രായമുള്ള കുട്ടികളുടെ ശ്വാസോച്ഛാസ നിരക്ക് മിനിട്ടില്‍ അറുപതില്‍ താഴെയും ഒരു വയസില്‍ താഴെയുള്ളവരില്‍ അമ്പതും അഞ്ച് വയസ് വരെയുള്ളവരില്‍ നാല്‍പ്പതും അഞ്ച് വയസില്‍ കൂടുതല്‍ പ്രായമുള്ളവരില്‍ മുപ്പതും ആണെങ്കില്‍ അവരെ മിതമായ തോതില്‍ കോവിഡ്-19 ഉള്ളവരായാണ് (മോഡറേറ്റ് കേസ് ഓഫ് കോവിഡ്-19) പരിഗണിക്കുന്നത്. മേല്‍പ്പറഞ്ഞ എല്ലാ പ്രായവിഭാഗത്തിലുള്ളരുടെയും ശരീരത്തിലെ ഓക്‌സിജന്‍ സാച്ചുറേഷന്‍ തോത് 90 ശതമാനത്തിന് മുകളിലായിരിക്കണം.

ഗുരുതരമായ മറ്റ് അസുഖങ്ങള്‍ ഉള്ളവരോ വളരെ മോശം അവസ്ഥയിലുള്ളവരോ അല്ലെങ്കില്‍ ഈ വിഭാഗത്തിലുള്ള കുട്ടികള്‍ക്ക് നിരന്തരമായ ലാബ് പരിശോധനകള്‍ ആവശ്യമില്ല. എന്നാല്‍ മിതമായ തോതില്‍ കോവിഡ്-19 ഉള്ളവരെ രോഗപുരോഗതി വിലയിരുത്തുന്നതിനായി കോവിഡ്-19 ചികിത്സാകേന്ദ്രങ്ങളില്‍ പ്രവേശിപ്പിക്കേണ്ടതുണ്ട്. ഇവര്‍ക്ക് പരമാവധി വായിലൂടെ തന്നെ ഭക്ഷണം നല്‍കണം. ശരീരത്തിലെ ജലാംശവും ഇലക്ട്രോലൈറ്റുകളും തമ്മിലുള്ള സന്തുലിതാവസ്ഥ നിലനിര്‍ത്തണം. വായിലൂടെ ഭക്ഷണം കഴിക്കാതെ വന്നാല്‍ ഇന്‍ട്രാവീനസ് ഫ്‌ളൂയിഡ് തെറാപ്പി ആരംഭിക്കാം.

ഗുരുതരമായ ലക്ഷണമുള്ളവര്‍ക്കുള്ള ചികിത്സ

ശരീരത്തിലെ SpO2 (ഓക്‌സിജന്‍ സാച്ചുറേഷന്‍) 90 ശതമാനത്തില്‍ താഴെ ആകുകയും ശ്വാസമെടുക്കുമ്പോള്‍ നെഞ്ചിന്‍കൂട് അഥവാ ഡയഫ്രം വളരെ വേഗത്തില്‍ ഉയരുകയും താഴുകയും ചെയ്യുകയും ശബ്ദമുണ്ടാക്കുകയും ഉന്മേഷക്കുറവും ക്ഷീണവും അനുഭവപ്പെടുകയും ചെയ്താല്‍ ഗുരുതരമായ കോവിഡ്-19 കേസായി കണക്കാക്കാം. ഇത്തരം ലക്ഷണങ്ങളോട് കൂടിയ കുട്ടികളെ കോവിഡ്-19ന് വേണ്ടിയുള്ള ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടതാണ്. ചിലരെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കേണ്ടതായും വരും. ഇവരില്‍ ത്രോംബോസിസ് (രക്തക്കുഴലുകളില്‍ രക്തക്കട്ട രൂപപ്പെടുക), ഹെമോഫഗോസിറ്റിക് ലിംഫോഹിസ്റ്റിയോസൈറ്റോസിസ് (എച്ച്എല്‍എച്ച്) മറ്റ് അവയവയങ്ങള്‍ക്ക് തകരാര്‍ എന്നിവയുണ്ടാകുന്നുണ്ടോയെന്ന് പരിശോധിക്കണം.

  ഹഡില്‍ ഗ്ലോബലില്‍ വനിതാ സംരംഭകര്‍ക്കായി വിമണ്‍ സോണ്‍

ഇത്തരം കേസുകളില്‍ രക്തപരിശോധന, വൃക്കയുടെയും കരളിന്റെയും പ്രവര്‍ത്തനം സംബന്ധിച്ച പരിശോധന, നെഞ്ചിന്റെ എക്‌സ് റേ എന്നിവ നിര്‍ബന്ധമായും നടത്തിയിരിക്കണം. പരിശോധനകളുടെ അടിസ്ഥാനത്തില്‍ ആവശ്യമായ മരുന്നുകള്‍ ലഭ്യമാക്കണം.

മാരകമായ രണ്ടാംതരംഗം

കോവിഡ് രണ്ടാംതരംഗം രാജ്യത്തെ ആരോഗ്യമേഖലയൊന്നാകെ പിടിച്ചുലച്ചിരിക്കുകയാണ്. ഇതുവരെ 24,372,907 പേര്‍ക്കാണ് രാജ്യത്ത് കോവിഡ്-19 പിടിപെട്ടത്. 266,207 പേര്‍ക്ക് വൈറസ് മൂലം ജീവന്‍ നഷ്ടപ്പെടുകയും ചെയ്തു.വാക്‌സിന്‍ ദൗര്‍ലഭ്യവും രാജ്യം നേരിടുന്ന പ്രധാന വെല്ലുവിളികളിലൊന്നാണ്. കോവിഷീല്‍ഡ്, കോവാക്‌സിന്‍ എന്നീ രണ്ട് വാക്‌സിനുകളാണ്  നിലവില്‍ ഇന്ത്യ തദ്ദേശീയമായി നിര്‍മ്മിക്കുന്നത്. മുതിര്‍ന്നവര്‍ക്കുള്ള വാക്‌സിന് കടുത്ത ക്ഷാമം നിലനില്‍ക്കെ കഴിഞ്ഞ ആഴ്ച രാജ്യത്ത് ഡ്രെഗ് റെഗുലേറ്റര്‍ രണ്ട് വയസിനും പതിനെട്ട് വയസിനും ഇടയില്‍ പ്രായമുള്ളവരില്‍ കോവാക്‌സിന്റെ പരീക്ഷണം ആരംഭിക്കുന്നതിനായി ഭാരത് ബയോടെക്കിന് അനുമതി നല്‍കിയിരുന്നു. കുട്ടികള്‍ക്കുള്ള കോവിഡ്-19 വാക്‌സിന്‍ പരീക്ഷണത്തിന് രാജ്യത്ത് ലഭിക്കുന്ന ആദ്യ അനുമതിയാണിത്.

Maintained By : Studio3