കേരളത്തില്‍ ഒരു മിനിറ്റ് കൊണ്ട് വ്യവസായ സംരംഭങ്ങള്‍ തുടങ്ങാനാകും: മന്ത്രി

വിവിധ വകുപ്പുകള്‍ ഒരു വ്യവസായിക സ്ഥാപനത്തില്‍ നടത്തേണ്ട നിയമാനുസൃതമായ പരിശോധനകള്‍ കമ്പ്യൂട്ടര്‍ സംവിധാനത്തിന്‍റെ സഹായത്തോടെ ക്രമീകരിക്കുന്നതിനുള്ള കേരള സെന്‍ട്രലൈസ്ഡ് ഇന്‍സ്പെക്ഷന്‍ സിസ്റ്റം (കെസിഐഎസ്) സംസ്ഥാനത്ത് നടപ്പാക്കിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. ഇതുവഴി പരിശോധനകള്‍ നടത്തപ്പെട്ട സ്ഥാപനങ്ങളിലെ റിപ്പോര്‍ട്ട് 48 മണിക്കൂറിനുള്ളില്‍ പബ്ലിക് ഡൊമെയ്നില്‍ പ്രസിദ്ധീകരിക്കാനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ടെന്ന് വ്യവസായ നയത്തിന്‍റെ നവീകരണ നടപടികളെക്കുറിച്ച് പരാമര്‍ശിക്കവേ മന്ത്രി പറഞ്ഞു. രണ്ടര വര്‍ഷം കൊണ്ട് കേരളത്തില്‍ 2,90,000 എംഎസ്എംഇകള്‍ സ്ഥാപിക്കാനായി. 18,000 കോടിയിലധികം പുതിയ നിക്ഷേപവും വന്നു. ഈ സംരംഭകരില്‍ 92,000 പേര്‍ വനിതകളും 30 പേര്‍ ട്രാന്‍സ്ജെന്‍ഡര്‍മാരുമാണെന്നും
പുതിയ വ്യവസായങ്ങള്‍ ആരംഭിക്കുന്നതിന് ഏറ്റവും അനുയോജ്യമായ വ്യാവസായിക അന്തരീക്ഷമാണ് സംസ്ഥാനത്തുള്ളതെന്നും കഴിഞ്ഞ 25 വര്‍ഷമായി കേരളത്തില്‍ ഒരു ഫാക്ടറിയുടെ പ്രവര്‍ത്തനം പോലും സമരമോ തൊഴിലാളി പ്രക്ഷോഭമോ കാരണം തടസപ്പെട്ടിട്ടില്ലെന്നും മന്ത്രി ചൂണ്ടിക്കാട്ടി. കേരളത്തിലെ സര്‍വകലാശാലകളും വിദ്യാഭ്യാസ രീതികളും സാങ്കേതിക മാറ്റങ്ങളെ ഉള്‍ക്കൊള്ളുന്നവയാണ്. കാമ്പസ് ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കുകള്‍ പോലെയുള്ള നവീനാശയങ്ങളിലൂടെ വിദ്യാഭ്യാസത്തിനിടെ തന്നെ പണം നേടുന്നതിനും ഇന്‍റേണ്‍ഷിപ്പും തൊഴില്‍ നൈപുണ്യവും നേടുന്നതിനും സാധിക്കും. ഉയര്‍ന്ന വൈദഗ്ധ്യമുള്ള തൊഴില്‍ശക്തി രൂപപ്പെടുത്തേണ്ടതിന്‍റെ ആവശ്യകത സംബന്ധിച്ചുള്ള നൂതനമായ വിദ്യാഭ്യാസ ആശയങ്ങളുടെ പ്രതിഫലനമാണിത്. പ്രതിരോധ, എയ്റോസ്പേസ് മേഖലകളിലെ സംസ്ഥാനത്തിന്‍റെ മികച്ച നയങ്ങളും മികവാര്‍ന്ന അടിസ്ഥാന സൗകര്യങ്ങളും ഈ മേഖലയില്‍ കേരളത്തെ രാജ്യത്തിന്‍റെ മുന്‍നിരയില്‍ എത്തിച്ചതായി മന്ത്രി ചൂണ്ടിക്കാട്ടി. അടുത്തവര്‍ഷം ആദ്യത്തോടെ കൊച്ചിയില്‍ നടക്കാനിരിക്കുന്ന ആഗോള നിക്ഷേപക സംഗമത്തിന് മുന്നോടിയായി സംസ്ഥാന വ്യവസായ വകുപ്പ് സംഘടിപ്പിക്കുന്ന റോഡ് ഷോകളുടെ ഭാഗമായാണ് ബംഗളൂരുവില്‍ ചടങ്ങ് സംഘടിപ്പിച്ചത്.