വിട വാങ്ങിയത് കുട വ്യവസായത്തിന്‍റെ തലവര മാറ്റിയ സംരംഭകന്‍
- പോപ്പി അംബ്രല്ല മാര്‍ട്ട് ഉടമ ടി വി സ്കറിയ അന്തരിച്ചു
- കുടയെന്നാല്‍ പോപ്പിയെന്ന ധാരണ സൃഷ്ടിക്കുന്നതില്‍ വിജയിച്ച സംരംഭകന്‍
കൊച്ചി: പോപ്പി അംബ്രല്ല മാര്‍ട്ട് ഉടമയും പ്രശസ്ത സംരംഭകനുമായ ടി വി സ്കറിയ അന്തരിച്ചു. 81 വയസായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
കേരളത്തിന്‍റെ കുട വ്യവസായത്തിലെ നിര്‍ണായക സാന്നിധ്യമായിരുന്നു ബേബി എന്നറിയപ്പെടുന്ന സ്കറിയ. 25 വര്‍ഷത്തിലധികമായി അദ്ദേഹം ഈ വ്യവസായത്തിന്‍റെ ആണിക്കല്ലായി വര്‍ത്തിച്ചു. കുടയെന്നാല്‍ പോപ്പി തന്നെയാകണമെന്ന ചിന്ത മലയാളികളില്‍ ജനിപ്പിക്കാന്‍ സ്കറിയയെന്ന സംരംഭകന് സാധിച്ചു എന്നതാണ് ശ്രദ്ധേയം.
മഴ, മഴ, കുട, കുട, മഴ വന്നാല്‍ പോപ്പി കുട തുടങ്ങി ബ്രാന്‍ഡിംഗിനായി അദ്ദേഹം അവതരിപ്പിച്ച പാട്ടുപോലും മലയാളികള്‍ക്കിടയില്‍ വലിയ സ്വീകാര്യത നേടി. കുട വ്യവസായരംഗത്ത് കാലത്തിന് അനുസരിച്ച് നൂതനാത്മകത കൊണ്ടുവരാന്‍ സ്കറിയയ്ക്ക് സാധിച്ചു എന്നതാണ് ശ്രദ്ധേയം. ഫൈഫോള്‍ഡ് കുടകള്‍, സ്ത്രീകളുടെ ബാഗില്‍ ഒതുങ്ങുന്ന കുട, ബ്ലൂടൂത്ത് കണക്റ്റിവിറ്റിയും ഫാനുമുള്ള കുടകള്‍…ഇങ്ങനെ പോകും ഇന്നവേഷന്‍റെ ലിസ്റ്റ്.
ആലപ്പുഴയിലെ സെന്‍റ് ജോര്‍ജ് കമ്പനിയിലേക്കാണ് പോപ്പിയുടെ ചരിത്രം നീളുക. കുടവാവച്ചന്‍ എന്ന സാധാരണ ജോലിക്കാരനാണ് സംരംഭകത്വത്തിലേക്ക് എടുത്തുചാടി 1954 ഓഗസ്റ്റ് 17ന് സ്വന്തമായി സെന്‍റ് ജോര്‍ജ് കുടകമ്പനി തുടങ്ങിയത്. നാല് പതിറ്റാണ്ടുകള്‍ക്ക് ശേഷം സെന്‍റ് ജോര്‍ജ് പൂട്ടി. പാരമ്പര്യം പേറി രണ്ട് ബ്രാന്‍ഡുകള്‍ പിറന്നു. പോപ്പിയും ജോണ്‍സും. ഇതില്‍ പോപ്പിയുടെ അമരക്കാരനാണ് സെന്‍റ് ജോര്‍ജ് ബേബിയെന്ന് അറിയപ്പെടുന്ന ടി വി സ്കറിയ. കുട വാവച്ചന്‍റെ രണ്ടാമത്തെ മകനാണ് അദ്ദേഹം.