കോവിഡ് വാക്സിനേഷന്‍ രണ്ടാം ഡോസുകാര്‍ക്ക് മുന്‍ഗണന; ലോക്ക്ഡൗണ്‍ വേണമെന്ന് കെജിഎംഒഎ
1 min read-
അനുവദിച്ച സമയത്ത് മാത്രമേ വാക്സിനേഷനായി എത്താന്‍ പാടുള്ളൂ
-
മുന്‍കൂട്ടി തിയതിയും സമയവും നല്‍കി സ്ലോട്ട് അനുവദിക്കും
-
വാക്സിന്‍ സ്ലോട്ട് ബുക്ക് ചെയ്യുന്നതിന് ഇപ്പോഴും ബുദ്ധിമുട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വാക്സിനിന്‍റെ രണ്ടാം ഡോസ് എടുക്കാനുള്ള എല്ലാവര്‍ക്കും മുന്‍ഗണന അനുസരിച്ച് നല്‍കിത്തീര്‍ക്കുമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ ആരോഗ്യവകുപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. വാക്സിനേഷന്‍ സെന്‍ററുകളില്‍ സെഷന്‍ സ്കെഡ്യൂള്‍ ചെയ്യുമ്പോള്‍ രണ്ടാമത്തെ ഡോസ് എടുക്കുന്നവര്‍ക്ക് മുന്‍ഗണന നല്‍കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. ഇതിനായി കോവിഡ് വാക്സിനേഷന്‍ കേന്ദ്രങ്ങളില്‍ ജനങ്ങള്‍ തെരക്ക് കൂട്ടരുതെന്നും രണ്ടാം ഡോസ് കോവിഷീല്‍ഡ് വാക്സിന്‍ ആറ് മുതല്‍ എട്ട് ആഴച്ചയ്ക്കുള്ളില്‍ കോവാക്സിന്‍ നാല് മുതല്‍ ആറ് ആഴ്ച്ചയ്ക്കുള്ളിലും എടുത്താല്‍ മതിയെന്നും അധികൃതര്‍ വ്യക്തമാക്കി.
രണ്ടാം ഡോസ് വാക്സിന്‍ എടുക്കാന്‍ അര്‍ഹതയുള്ളവരുടെ ലിസ്റ്റ് ഓരോ വാക്സിനേഷന്‍ കേന്ദ്രത്തിലും കോവിന്‍ പോര്‍ട്ടലില്‍ ലഭ്യമാകും. ഇതനുസരിച്ചാകും വാക്സിനേഷന്‍. വാക്സിനേഷന്‍ സെന്‍ററുകളിലെ മാനേജര്‍മാര്‍ ആശ വര്‍ക്കര്‍മാരുടെയും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെയും സഹായത്തോടെ വാക്സിനേഷന്‍റെ കാര്യം അവരെ അറിയിക്കുമെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.
രണ്ടാമത്തെ ഡോസ് എടുക്കാനുള്ളവര്‍ക്ക് മുന്‍ഗണന നല്‍കി മാത്രമേ ആദ്യ ഡോസ് എടുക്കുന്നവര്‍ക്ക് ഓണ്‍ലൈന്‍ ബുക്കിംഗില്‍ അവസരം അനുവദിക്കുകയുള്ളൂ. രണ്ടാം ഡോസ് എടുക്കുന്നവരെ നേരത്തെ ഇത് അറിയിക്കുമെന്നും ആ സമയത്ത് മാത്രമേ അവര്‍ വാക്സിന്‍ എടുക്കാന്‍ വരാവൂ എന്നും ആരോഗ്യ വകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്.
മേയ് ഒന്നു മുതലാണ് പുതുക്കിയ വാക്സിന്‍ നയം പ്രാബല്യത്തില്‍ വരുന്നത്. അതിന് മുമ്പ് സ്വകാര്യ ആശുപത്രികള്‍ തങ്ങളുടെ കൈയിലുള്ള വാക്സിന്‍ ഡോസുകള്‍ ഉപയോഗിക്കണം. ബാക്കിയുള്ളത് 45 വയസിന് മുകളിലുള്ളവര്‍ക്കേ നല്‍കാന്‍ പാടുള്ളൂ. സ്വകാര്യ ആശുപത്രികള്‍ വാക്സിന്‍ ഉല്‍പ്പാദന കമ്പനികളില്‍ നിന്ന് നേരിട്ട് വാങ്ങുന്ന വാക്സിനുകളാണ് 18 വയസിന് മുകളില്‍ പ്രായമുള്ളവരുടെ കുത്തിവെപ്പിന് ഉപയോഗിക്കേണ്ടത്.
ലോക്ക്ഡൗണ്‍ വേണം
കേരളം അതിതീവ്ര രോഗവ്യാപനത്തിന്‍റെ ഘട്ടത്തിലൂടെ കടന്നുപോകുകയാണെന്നും സംസ്ഥാനത്ത് എത്രയും പെട്ടെന്ന് ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തണമെന്നും കേരള ഗവണ്‍മെന്‍റ് മെഡിക്കല്‍ ഓഫീസേഴ്സ് അസോസിയേഷന്‍ (കെജിഎംഒഎ). ജനിതക വ്യതിയാനം വന്ന വൈറസ് വ്യക്തികളില്‍ നിന്ന് വ്യക്തികളിലേക്ക് വായുമാര്‍ഗത്തിലൂടെയും പകരുമെന്ന് കെജിഎംഒഎ ചീഫ് സെക്രട്ടറിക്ക് അയച്ച കത്തില്‍ പറയുന്നു.
രണ്ടര ലക്ഷം രോഗികളും 25 ശതമാനത്തിന് മുകളില്‍ ടിപിആറും നിലവിലുള്ള സംസ്ഥാനമാണ് കേരളം. അതിനാല്‍ അടിയന്തരമായി ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തണമെന്ന് അസോസിയേഷന്‍ ആവശ്യപ്പെട്ടു.