കാനണ്‍ സിനിമ ഇഒഎസ് അംബാസഡറായി സന്തോഷ് ശിവന്‍
![](https://futurekerala.in/wp-content/uploads/2021/04/Future-Kerala-Padma-Shri-Santosh-Sivan-Joins-Canons-Cinema-EOS-Ambassador-Program.jpg)
കൊച്ചി: ഇന്ത്യയില്‍ ഇഒഎസ് അംബാസഡര്‍ പ്രോഗ്രാം ശക്തമാക്കുന്നതിന്‍റെ ഭാഗമായി കാനണ്‍ പ്രമുഖ ചലചിത്ര സംവിധായകനും ഛായാഗ്രാഹനും നിര്‍മാതാവുമായ സന്തോഷ് ശിവനെ പ്രതിനിധായി ഉള്‍പ്പെടുത്തി. പ്രമുഖരെ ഉള്‍പ്പെടുത്തികൊണ്ടുള്ള സിനിമ ഇഒഎസ് അംബാസഡര്‍ പരിപാടിയുടെ ഭാഗമായാണിത്.
കാനണ്‍ ഇഒഎസ് സിനിമ അംബാസഡര്‍ കുടുംബത്തിന്‍റെ ഭാഗമായതില്‍ സന്തോഷമുണ്ടെന്ന് സന്തോഷ് ശിവന്‍ പറഞ്ഞു. കാലങ്ങളായി, കാനണ്‍ സിനിമാ രംഗത്ത് മികച്ച സാങ്കേതികവിദ്യ അവതരിപ്പിക്കുന്നു. ഇത് തന്നെപ്പോലുള്ള ചലച്ചിത്ര പ്രവര്‍ത്തകരെ സിനിമയെക്കുറിച്ചുള്ള കാഴ്ചപ്പാട് യാഥാര്‍ത്ഥ്യമാക്കാന്‍ പ്രാപ്തമാക്കി. രാജ്യത്ത് ഫോട്ടോഗ്രാഫിയോടുള്ള അഭിനിവേശം വളര്‍ത്തുന്നതിന് പ്രവര്‍ത്തിക്കാനുള്ള അവസരമായും ഇതിനെ കാണുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
30 വര്‍ഷത്തിലേറെ പരിചയ സമ്പത്ത് സന്തോഷ് ശിവന് ഇന്ത്യന്‍ സിനിമാ രംഗത്തുണ്ട്. മലയാളം, തമിഴ്, ഹിന്ദി, തെലുങ്ക് തുടങ്ങി നിരവധി ഭാഷകളിലെ ചലചിത്ര രംഗത്ത് പ്രവര്‍ത്തിച്ചിട്ടുണ്ട്. 14 ദേശീയ അവാര്‍ഡുകള്‍ കരസ്ഥമാക്കിയിട്ടുള്ള അദ്ദേഹത്തെ 2014ല്‍ രാജ്യം പത്മശ്രീ നല്‍കി ആദരിച്ചു.
സന്തോഷ് ശിവന്‍ സംവിധാനം ചെയ്ത ‘മുംബൈകാര്‍’ ഉടന്‍ ഒടിടി പ്ലാറ്റ്ഫോമിലൂടെ പുറത്തിറങ്ങും. ജാക്ക് ആന്‍ഡ് ജില്‍ ആണ് മലയാളത്തില്‍ അദ്ദേഹത്തിന്‍റെ സംവിധാനത്തില്‍ ഉടന്‍ പുറത്തുവരുന്ന ചിത്രം. മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസിന്‍റെ സെറ്റില്‍ ഛായാഗ്രാഹകനായാണ് അദ്ദേഹം ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്.