കൊറോണ വൈറസ് ലാബില്‍ നിന്ന് ചാടിപ്പോയതോ? വിഷയം രണ്ടാമതും പരിശോധിക്കണമെന്ന് ശാസ്ത്രജ്ഞര്‍
1 min read‘വൈറസ് ലാബില്‍ നിന്ന് ചാടിപ്പോയതാകാനുള്ള സാധ്യത തള്ളിക്കളയുന്നതിന് ലോകാരോഗ്യ സംഘടന കമ്മീഷന്‍ ചെയ്ത റിപ്പോര്‍ട്ടിലെ തെളിവുകള്‍ അപര്യാപ്തം’
ലോകത്തെ മുഴുവന്‍ പകര്‍ച്ചവ്യാധിക്കെണിയില്‍ വീഴ്ത്തിയ കൊറോണ വൈറസിന്റെ ഉറവിടം സംബന്ധിച്ച് ആഴത്തിലുള്ള ഗവേഷണം നടത്തണമെന്ന ആവശ്യവുമായി ലോകത്തിലെ പ്രമുഖ ഗവേഷണ സ്ഥാപനങ്ങളില്‍ നിന്നുള്ള പതിനെട്ടോളം ശാസ്ത്രജ്ഞര്‍ രംഗത്ത്. SARS-CoV-2 വൈറസ് ചൈനയിലെ ലാബില്‍ നിന്നും ചാടിപ്പോയതാകാനുള്ള സാധ്യത തള്ളിക്കളയുന്നതിന് മതിയായ തെളിവുകള്‍ ഇതുവരെ ലഭിച്ചിട്ടില്ലെന്നും ഇക്കാര്യത്തില്‍ ശരിയായ അന്വേഷണം വേണമെന്നും ജേണല്‍ സയന്‍സില്‍ പ്രസിദ്ധീകരിച്ച കത്തില്‍ ശാസ്ത്രജ്ഞര്‍ ആവശ്യപ്പെട്ടു.
ഈ ചോദ്യം മാന്യമായ, ആഴത്തിലുള്ള ശാസ്ത്രീയാടിസ്ഥാനത്തിലുള്ള അന്വേഷണം അര്‍ഹിക്കുന്നുണ്ടെന്നാണ് ഞങ്ങള്‍ കരുതുന്നത്. ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഒരു നിഗമനവും ഇക്കാര്യത്തിലുണ്ടാകണം. ഈ കത്ത് എഴുതിയ ശാസ്ത്രജ്ഞരിലൊരാളായ സ്റ്റാന്‍ഫോര്‍ഡ് സര്‍വ്വകലാശാലയിലെ മൈക്രോബയോളജി, ഇമ്മ്യൂണോളജി വിഭാഗം പ്രഫസര്‍ ഡോ. റെല്‍മാന്‍ ആവശ്യപ്പെട്ടു. ലോകത്ത് 3.3 കോടിയോളം ജനങ്ങളുടെ മരണത്തിനിടയാക്കിയ പകര്‍ച്ചവ്യാധിയിലേക്ക് നയിച്ച വൈറസിന്റെ ഉത്ഭവം കണ്ടെത്തുന്നതിനായി നടന്ന അന്വേഷണവുമായി ബന്ധപ്പെട്ട് മാര്‍ച്ച് 30ന് ലോകാരോഗ്യ സംഘടന കമ്മീഷന്‍ ചെയ്ത റിപ്പോര്‍ട്ടാണ് ശാസ്ത്രജ്ഞരെ ഇത്തരമൊരു കത്തെഴുതാന്‍ നിര്‍ബന്ധിച്ചത്. ലോകാരോഗ്യ സംഘടനയുടെയും ചൈനയുടെയും നേതൃത്വത്തില്‍ നടന്ന അന്വേഷണ റിപ്പോര്‍ട്ടില്‍ ഏറ്റവും സാധ്യതയുള്ളതും ഒട്ടും സാധ്യതയില്ലാത്തതുമായ നാല് തിയറികളാണ് വൈറസിന്റെ ഉത്ഭവവുമായി ബന്ധപ്പെട്ട് ഗവേഷകര്‍ പങ്കുവെച്ചത്.
അന്വേഷണ സംഘത്തിലെ ചൈനീംസ് അംഗങ്ങള്‍ സമര്‍പ്പിച്ച വിവരങ്ങളും സാമ്പിളുകളും പരിശോധിച്ചതിന് ശേഷം വൈറസിന്റെ ഉറവിടമായ ഒരു മൃഗത്തില്‍ നിന്നും മറ്റൊരു ജന്തുവിഭാഗത്തിലൂടെ മനുഷ്യരിലേക്ക് എത്തിയിരിക്കാനുള്ള സാധ്യതയ്ക്കാണ് ഗവേഷകര്‍ മുന്‍തൂക്കം നല്‍കിയത്. അതേസമയം ലബോറട്ടറിയില്‍ നിന്നും അബദ്ധവശാല്‍ വൈറസ് ചാടിപ്പോകാനുള്ള സാധ്യത തീര്‍ത്തും വിരളമാണെന്നും ലോകാരോഗ്യ സംഘടന അംഗീകരിച്ച റിപ്പോര്‍ട്ട് അവകാശപ്പെടുന്നു. മറ്റൊരു മാധ്യമത്തിലൂടെ അല്ലാതെ വൈറസ് നേരിട്ട് ഉറവിടത്തില്‍ നിന്ന് മനുഷ്യരിലേക്ക് എത്താനുള്ള സാധ്യതയും ശിതീകരിച്ച ഭക്ഷ്യോല്‍പ്പന്നങ്ങളുടെ പ്രതലത്തിലൂടെ വൈറസ് മനുഷ്യരിലേക്ക് എത്താനുള്ള സാധ്യതയും റിപ്പോര്‍ട്ട് മുന്നോട്ട് വെക്കുന്നുണ്ട്.
എന്നാല്‍ ഇത്തരം നിഗമനങ്ങളിലെത്തുന്നതിനാവശ്യമായ മതിയായ വിവരങ്ങള്‍ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടില്ലെന്നാണ് റെല്‍മാനും മറ്റ് ശാസ്ത്രജ്ഞരും ആരോപിക്കുന്നത്. ഈ മേഖലകളില്‍ അനുഭവപരിചയമുള്ളവരാണ് തങ്ങളെന്നും അതിനാല്‍ വൈറസ് സ്വാഭാവികമായി ഉണ്ടായതാകാനുള്ള സാധ്യത പങ്കുവെക്കുന്ന വിവരങ്ങളൊന്നും അന്വേഷണ റിപ്പോര്‍ട്ട് നല്‍കുന്നില്ലെന്നും ഇവര്‍ ആരോപിക്കുന്നു. കൊറോണ െൈവറസുകളെ കുറിച്ച് പഠിക്കുന്ന ചൈനയിലെ വുഹാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയില്‍(ഡബ്ല്യൂഐവി) ജോലി ചെയ്യുന്ന ശാസ്ത്രജ്ഞരുടെ ലാബ് നോട്ടുകള്‍ കാണാന്‍ ആഗ്രഹിക്കുന്നതായി കത്തില്‍ ഒപ്പുവെച്ചിരിക്കുന്ന മറ്റൊരു ശാസ്ത്രജ്ഞനായ കേംബ്രിജ് സര്‍വ്വകലാശാലയിലെ ക്ലിനിക്കല്‍ മൈക്രോബയോളജി പ്രഫസറായ രവീന്ദ്ര ഗുപ്തയും അറിയിച്ചു. കഴിഞ്ഞ അഞ്ചുവര്‍ഷമായി ഇവിടെ ഉപയോഗിക്കുന്ന വൈറസുകളെ കാണണമെന്നുണ്ടെന്നും ഇദ്ദേഹം പറഞ്ഞു.
വുഹാന്‍ ലാബ് ഡയറക്ടര്‍ യുവാന്‍ ഷിമിംഗ് അടക്കം സ്ഥാപനത്തിലെ നിരവധി ഉദ്യോഗസ്ഥരുമായി നടത്തിയ യോഗങ്ങളുടെ വിശദാംശങ്ങളും ലോകാരോഗ്യ സംഘടന റിപ്പോര്‍ട്ടില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ഇവര്‍ക്കൊപ്പം അന്വേഷണസംഘം ലാബ് സന്ദര്‍ശിക്കുകയും ചെയ്തിട്ടുണ്ട്. കോവിഡ്-19ന് കാരണമായ കൊറോണ വൈറസ് ലാബില്‍ നിന്ന് ചാടിപ്പോയതാകാനുള്ള സാധ്യത യോഗത്തില്‍ ഇവര്‍ തള്ളിക്കളഞ്ഞിരുന്നു. ലാബില്‍ കള്‍ച്ചര്‍ ചെയ്ത സാര്‍സിന് സമാനമായ മൂന്ന് വൈറസുകളും SARS-CoV-2 വൈറസിനോട് സാമ്യമുള്ളവയല്ലെന്നും ഇവര്‍ അവകാശപ്പെട്ടു. ഈ വൈറസുകളെ കുറിച്ച് പഠിക്കുന്ന ഗവേഷണ സംഘത്തിലുള്‍പ്പെട്ടവരുടെ ശരീരത്തില്‍ SARS-CoV-2 വൈറസിനെതിരായ ആന്റിബോഡി രൂപപ്പെട്ടിട്ടില്ല എന്നതും വൈറസ് ലാബില്‍ നിര്‍മിക്കപ്പെട്ടതല്ലെന്നതിന് തെളിവായി ഡബ്ല്യൂഐവി ചൂണ്ടിക്കാണിക്കുന്നു.
എന്നാല്‍ ഒരു ശാസ്ത്രജ്ഞന്‍ എന്ന നിലയില്‍ ലബോറട്ടറിയില്‍ നിന്നും വൈറസ് അബദ്ധവശാല്‍ ചാടിപ്പോയതാകാനുള്ള സാധ്യത തള്ളിക്കളയുന്നതിന് കൂടുതല്‍ തെളിവ് ആവശ്യമാണെന്നാണ് റെല്‍മാന്‍ പറയുന്നത്. ലോകാരോഗ്യ സംഘടന അന്വേഷണ സംഘം ചെയ്ത പരിശോധനകളും രീതികളും സാമ്പിളുകള്‍ ശേഖരിച്ച ആളുകളുടെ പേരുവിവരങ്ങളും ലഭ്യമാക്കണമെന്ന് റെല്‍മാനും സംഘവും ആവശ്യപ്പെട്ടു. ഇപ്പോള്‍ നല്‍കിയ വിവരങ്ങള്‍ പുറത്ത് നിന്നുള്ള ഒരു ശാസ്ത്രജ്ഞനെ സംബന്ധിച്ചെടുത്തോളം സ്വന്തമായൊരു നിഗമനത്തിലെത്താന്‍ പര്യാപ്തമല്ലെന്നും ഇവര്‍ ആരോപിച്ചു. ലോകാരോഗ്യ സംഘടന തലവനായ ടെഡ്രോസ് അദാനം ഗെബ്രിയേസസും നേരത്തെ ഇത്തരത്തിലൊരു സംശയം പങ്കുവെച്ചിരുന്നു. വൈറസ് ലബോറട്ടറിയില്‍ നിന്ന് ചാടിപ്പോകാനുള്ള സാധ്യത വളരെ കുറവാണെന്നാണ് അന്വേഷണസംഘം പറയുന്നതെങ്കിലും ഇക്കാര്യത്തിലവ്# കൂടുതല്‍ അന്വേഷണം വേണമെന്നാണ് അദ്ദേഹം അന്ന് പറഞ്ഞത്.
വൈറസ് ലാബില്‍ നിന്നും ചാടിപ്പോയതാണെന്ന് മനഃപ്പൂര്‍വ്വം സ്ഥാപിക്കാനല്ല തങ്ങള്‍ ശ്രമിക്കുന്നതെന്നും അങ്ങനെയല്ലെന്ന് വിശ്വസിക്കുന്നതിന് മതിയായ തെളിവുകള്‍ വേണമെന്ന് മാത്രമാണ് പറയുന്നതെന്നും കത്തില്‍ ഒപ്പുവെച്ച ശാസ്ത്രജ്ഞര്‍ വാദിക്കുന്നു. സ്വാഭാവിക ഉറവിടങ്ങളില്‍ നിന്ന് വൈറസുകളെ ശേഖരിച്ച് പഠനം നടത്തുന്ന ശാസ്ത്രജ്ഞര്‍ അടക്കം ഈ സംഘത്തില്‍ ഉണ്ട്. ഒന്നുകില്‍ വൈറസ് നേരിട്ട് ഉറവിടത്തില്‍ നിന്നും മനുഷ്യരിലെത്തി, അല്ലെങ്കില്‍ ഉറവിടത്തില്‍ നിന്നും ശേഖരിച്ച വൈറസ് ഏതെങ്കിലും രീതിയിലുള്ള ജനിതക വ്യതിയാനം വരുത്തുന്നതിന് മുമ്പ് ലബോറട്ടറിയില്‍ നിന്നും അബദ്ധവശാല്‍ പുറത്തായി എന്നീ സാധ്യതകളാണ് അവര്‍ മുന്നോട്ട് വെക്കുന്നത്. മാത്രമല്ല ചൈനയിലെ 31ഓളം പ്രവിശ്യകളില്‍ നിന്നായി 80,000ത്തോളം വന്യമൃഗങ്ങളെയും കന്നുകാലികളെയും പക്ഷികളെയും പരിശോധിച്ചിട്ടും SARS-CoV-2നെതിരായ ആന്റിബോഡിയോ അല്ലെങ്കില്‍ വൈറസുമായി ബന്ധപ്പെട്ട മറ്റെന്തെങ്കിലും സൂചനയോ പോലും കണ്ടെത്താന്‍ കഴിയാത്തതും ഈ ശാസ്ത്രജ്ഞര്‍ക്ക് ലോകാരോഗ്യ സംഘടന റിപ്പോര്‍ട്ടിലുള്ള സംശയം വര്‍ധിപ്പിക്കുന്നു.
‘വൈറസ് സ്വാഭാവികമായി മനുഷ്യരിലേക്ക് എത്തിയതാണെങ്കില്‍ ഏതാണ് ഇതിന്റെ സ്വാഭാവിക ഉറവിടമെന്നത് സംബന്ധിച്ച് നമുക്ക് വളരെ പരിമിതമായ അറിവുകള്‍ മാത്രമാണുള്ളത്. ഭാവിയില്‍ ഇത്തരത്തിലുള്ള പ്രതിസന്ധികളെ എങ്ങനെ നേരിടണമെന്നതില്‍ ഉറവിടം നിര്‍ണായകമാണ്. ഇനി അഥവാ വൈറസ് ലബോറട്ടറിയില്‍ നിന്നും പുറത്ത് വന്നതാണെങ്കില്‍ എത്തരത്തിലുള്ള പരീക്ഷണങ്ങളാണ് നാം നടത്തുന്നതെന്നും അവയുടെ ആവശ്യമെന്തെന്നും നാം ചിന്തിക്കേണ്ടിയിരിക്കുന്നു’. റെല്‍മാനും സംഘവും പറയുന്നു.