ഓപ്പോ റെനോ 5 പ്രോ പുറത്തിറക്കി
1 min read8 ജിബി റാം, 128 ജിബി സ്റ്റോറേജ് വേരിയന്റിന് 35,990 രൂപയാണ് വില
ന്യൂഡെല്‍ഹി: ഓപ്പോ റെനോ 5 പ്രോ 5ജി സ്മാര്‍ട്ട്‌ഫോണ്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു. പിറകില്‍ നാല് കാമറകള്‍, 65 വാട്ട് അതിവേഗ ചാര്‍ജിംഗ്, 5ജി സപ്പോര്‍ട്ട് എന്നിവയോടെയാണ് ഓപ്പോയുടെ പുതിയ ഫ്‌ളാഗ്ഷിപ്പ് ഫോണ്‍ വരുന്നത്. മീഡിയടെക് ഡൈമന്‍സിറ്റി 1000 പ്ലസ് എസ്ഒസിയാണ് കരുത്തേകുന്നത്.
8 ജിബി റാം, 128 ജിബി സ്റ്റോറേജ് വേരിയന്റില്‍ മാത്രമായിരിക്കും ഓപ്പോ റെനോ 5 പ്രോ 5ജി ലഭിക്കുന്നത്. 35,990 രൂപയാണ് വില. ആസ്ട്രല്‍ ബ്ലൂ, സ്റ്റാറി ബ്ലാക്ക് എന്നിവയാണ് കളര്‍ ഓപ്ഷനുകള്‍. ഫ്‌ലിപ്കാര്‍ട്ട്, ഓപ്പോ ഇന്ത്യ ഇസ്റ്റോര്‍ കൂടാതെ ബിഗ് സി, ക്രോമ, റിലയന്‍സ് ഡിജിറ്റല്‍, സംഗീത എന്നീ റീട്ടെയ്‌ലര്‍മാരിലൂടെയും ജനുവരി 22 മുതല്‍ വില്‍പ്പന ആരംഭിക്കും. പ്രീഓര്‍ഡര്‍ സ്വീകരിച്ചുതുടങ്ങി. ഫോണ്‍ വാങ്ങുന്ന തീയതി മുതല്‍ പന്ത്രണ്ട് മാസത്തേക്ക് 120 ജിബി ക്ലൗഡ് സര്‍വീസ് ലഭിക്കും.
കളര്‍ഒഎസ് 11.1 സഹിതം ആന്‍ഡ്രോയ്ഡ് 11 ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് ഇരട്ട നാനോ സിമ്മുകള്‍ ഉപയോഗിക്കാന്‍ കഴിയുന്ന ഓപ്പോ റെനോ 5 പ്രോ 5ജി പ്രവര്‍ത്തിക്കുന്നത്. 6.55 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഒലെഡ് ഡിസ്‌പ്ലേ നല്‍കി.
ഒക്റ്റാകോര്‍ മീഡിയടെക് ഡൈമന്‍സിറ്റി 1000 പ്ലസ് എസ്ഒസിയാണ് കരുത്തേകുന്നത്. 64 മെഗാപിക്‌സല്‍ പ്രൈമറി സെന്‍സര്‍, 8 മെഗാപിക്‌സല്‍ സെക്കന്‍ഡറി സെന്‍സര്‍, 2 മെഗാപിക്‌സല്‍ മാക്രോ ഷൂട്ടര്‍, 2 മെഗാപിക്‌സല്‍ മോണോക്രോം സെന്‍സര്‍ എന്നിവ ഉള്‍പ്പെടുന്നതാണ് പിറകിലെ ക്വാഡ് കാമറ സംവിധാനം. സെല്‍ഫികള്‍ക്കും വീഡിയോകള്‍ക്കുമായി മുന്നില്‍ 32 മെഗാപിക്‌സല്‍ കാമറ സെന്‍സര്‍ നല്‍കി.
ഇതോടൊപ്പം, ഓപ്പോ എന്‍കോ എക്‌സ് ട്രൂലി വയര്‍ലെസ് ഇയര്‍ബഡ്‌സ് കൂടി പുറത്തിറക്കി. ഓപ്പോ എന്‍കോ എക്‌സ് ഇയര്‍ബഡ്‌സിന് 9,990 രൂപയാണ് വില. ബ്ലാക്ക്, വൈറ്റ് നിറങ്ങളില്‍ ലഭിക്കും. ജനുവരി 22 ന് വില്‍പ്പന ആരംഭിക്കും.