രജനിയുടെ ആനുയായികള്‍ക്ക് ഏതു പാര്‍ട്ടിയിലും ചേരാം
ചെന്നൈ: രാജി സമര്‍പ്പിച്ച ശേഷം ഇഷ്ടമുള്ള മറ്റുപാര്‍ട്ടികളില്‍ ചേരാന്‍അംഗങ്ങള്‍ക്ക്് സ്വാതന്ത്ര്യമുണ്ടെന്ന്് രജനി മക്കള്‍ മണ്‍ട്രം (ആര്‍എംഎം) അറിയിച്ചു. മൂന്ന് ജില്ലാ സെക്രട്ടറിമാരും മറ്റ് രണ്ട് പ്രവര്‍ത്തകരും കഴിഞ്ഞദിവസം ഡിഎംകെയില്‍ ചേര്‍ന്നിരുന്നു. തുടര്‍ന്ന് ആര്‍എംഎം നേതാവ് വി എം സുധാകര്‍ പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. രാജിവച്ച് മറ്റ് രാഷ്ട്രീയ പാര്‍ട്ടിയില്‍ ചേരുന്നവര്‍ രജനീകാന്തിന്റെ ആരാധകരാണെന്ന് ആര്‍എംഎം അംഗങ്ങള്‍ മറക്കരുതെന്നും അദ്ദേഹം പറഞ്ഞു.
സജീവ രാഷ്ട്രീയത്തിലേക്ക് കടക്കില്ലെന്ന് താരം വ്യക്തമാക്കിയതിനെത്തുടര്‍ന്നാണ് ആര്‍എംഎമ്മിന്റെ മൂന്ന് ജില്ലാ സെക്രട്ടറിമാര്‍ ഡിഎംകെയില്‍ ചേര്‍ന്നത്. 2020 ഡിസംബര്‍ 29 ന് രജനികാന്ത് രാഷ്ട്രീയത്തിലേക്കില്ല എന്ന് പ്രഖ്യാപനം നടത്തിയത്.തന്റെ ആരോഗ്യസ്ഥിതി കണക്കിലെടുത്താണ് തീരുമാനമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. എന്നാല്‍ തീരുമാനം മാറ്റണമെന്നും രജനി രാഷ്ട്രീയത്തില്‍ പ്രവേശിക്കണമെന്നും ആവശ്യപ്പെട്ട് ആരാധകര്‍ പ്രകടനം നടത്തുകയാണ് ചെയ്തത്. തുടര്‍ന്ന് ആരോഗ്യപരമായ കാരണങ്ങളാല്‍ രാഷ്ട്രീയത്തില്‍ പ്രവേശിക്കാനാവില്ലെന്ന താരം ആരാധകരെ വീണ്ടും അറിയിക്കുകയായിരുന്നു.