ഇന്ത്യയിലെ ആഭ്യന്തര സേവനം നിര്‍ത്തുന്നുവെന്ന് പേപാല്‍
ന്യൂഡെല്‍ഹി: ആഗോള ഡിജിറ്റല്‍ പേയ്മെന്റ് പ്ലാറ്റ്ഫോമായ പേപാല്‍ ഏപ്രില്‍ 1 മുതല്‍ ഇന്ത്യയിലെ ആഭ്യന്തര പേയ്മെന്റ് സേവനങ്ങള്‍ അവസാനിപ്പിക്കാന്‍ തീരുമാനിച്ചു. ഏപ്രില്‍ 1 മുതല്‍, ഇന്ത്യന്‍ ബിസിനസുകള്‍ക്കായി കൂടുതല്‍ അന്താരാഷ്ട്ര വില്‍പ്പന പ്രാപ്തമാക്കുന്നതില്‍ കമ്പനി എല്ലാ ശ്രദ്ധയും കേന്ദ്രീകരിക്കുമെന്ന് പേപാല്‍ വക്താവ് അറിയിച്ചു. ഇന്ത്യയില്‍ ബെംഗളൂരു, ചെന്നൈ, ഹൈദരാബാദ് എന്നിവിടങ്ങളില്‍ കമ്പനിക്ക് മൂന്ന് കേന്ദ്രങ്ങളുണ്ട്. യുഎസിന് പുറത്തുള്ള ഏറ്റവും വലിയ കേന്ദ്രമാണ് ഹൈദരാബാദിലേത്. കമ്പനിയുടെ ബിസിനസ് ഡെവലപ്മെന്റ് ടീമുകളും ഇന്ത്യയിലുണ്ട്.
ലോകമെമ്പാടുമുള്ള 350 ദശലക്ഷം പേപാല്‍ ഉപഭോക്താക്കളിലേക്ക് എത്താന്‍ ഇന്ത്യന്‍ ബിസിനസുകളെ പ്രാപ്തരാക്കുന്നതും അന്താരാഷ്ട്രതലത്തില്‍ വില്‍പ്പന വര്‍ദ്ധിപ്പിക്കുന്നതും ലക്ഷ്യമിട്ടുള്ള ഉല്‍പ്പന്ന വികസനത്തിനായി നിക്ഷേപം നടത്തുന്നത് തുടരുമെന്ന് പേപാല്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷം ഇന്ത്യയിലെ 360,000 വ്യാപാരികള്‍ക്കായി 1.4 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള അന്താരാഷ്ട്ര വില്‍പ്പനയാണ് കമ്പനി പ്രോസസ്സ് ചെയ്തത്.
2020 നാലാം പാദത്തില്‍ 6.12 ബില്യണ്‍ ഡോളര്‍ വരുമാനത്തോടെ കമ്പനി ശക്തമായ വളര്‍ച്ച രേഖപ്പെടുത്തി. ആ പാദത്തിലെ മൊത്തം പേയ്മെന്റ് അളവ് (ടിപിവി) 277 ബില്യണ്‍ ഡോളറാണ്, 39 ശതമാനം വളര്‍ച്ച. നാലാം പാദത്തില്‍ ഇത് 16 ദശലക്ഷം ആക്റ്റീവ് അക്കൗണ്ടുകളുടെ അറ്റ കൂട്ടിച്ചേര്‍ക്കലിനും പേപാലിന് സാധിച്ചു.