കഴിഞ്ഞ സാമ്പത്തിക വര്‍ഷം വ്യക്തിഗത വായ്പകളില്‍ വര്‍ധന, കോര്‍പ്പറേറ്റ് വായ്പകള്‍ ഇടിഞ്ഞു
1 min readമൊത്തം വായ്പയില്‍ ഗാര്‍ഹിക മേഖലയ്ക്കുള്ള വായ്പയുടെ വിഹിതം 2021 മാര്‍ച്ചില്‍ 52.6 ശതമാനമായി ഉയര്‍ന്നു
ന്യൂഡല്‍ഹി: കഴിഞ്ഞ വര്‍ഷം രാജ്യത്തെ വായ്പാ വിതരണത്തിന്‍റെ പ്രവണതയില്‍ ഉണ്ടായത് യു ടേണ്‍. വ്യക്തിഗത വായ്പകള്‍ 13.5 ശതമാനത്തിന്‍റെ മികച്ച വളര്‍ച്ച പ്രകടമാക്കിയപ്പോള്‍ കോര്‍പ്പറേറ്റ് വായ്പകള്‍ സാമ്പത്തിക വര്‍ഷത്തില്‍ ഉടനീളം നെഗറ്റിവ് തലത്തില്‍ തുടര്‍ന്നുവെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. പ്രകാരം ഗാര്‍ഹിക മേഖലയ്ക്കുള്ള വായ്പ 10.9 ശതമാനം ഉയര്‍ന്നു.
മൊത്തം വായ്പയില്‍ ഗാര്‍ഹിക മേഖലയ്ക്കുള്ള വായ്പയുടെ വിഹിതം 2021 മാര്‍ച്ചില്‍ 52.6 ശതമാനമായി ഉയര്‍ന്നു. ഒരു വര്‍ഷം മുമ്പ് വരെ ഇത് 49.8 ശതമാനമായിരുന്നു. ‘ക്വാര്‍ട്ടര്‍ലി ബി.എസ്.ആര്‍ -1: ഔട്ട് സ്റ്റാന്‍ഡിംഗ് ക്രെഡിറ്റ് ഫോര്‍ ഷെഡ്യൂള്‍ഡ് കൊമേഴ്സ്യല്‍ ബാങ്ക്സ്’ എന്ന പേരിലാണ് ആര്‍ബിഐ റിപ്പോര്‍ട്ട് പുറത്തുവിട്ടിട്ടുള്ളത്. കോവിഡ് 19 രാജ്യത്തിന്‍റെ സാമ്പത്തിക രംഗത്ത് സൃഷ്ടിച്ച സാഹചര്യങ്ങളുടെ പ്രതിഫലനം പ്രകടമാക്കുന്നതാണ് കണക്കുകള്‍.
സ്വകാര്യ കോര്‍പ്പറേറ്റ് മേഖലയിലേക്കുള്ള വായ്പയുടെ വളര്‍ച്ച തുടര്‍ച്ചയായ ആറാം പാദത്തിലും കുറഞ്ഞു. മൊത്തം വായ്പയുടെ 28.3 ശതമാനമാണ് ഈ വിഭാഗത്തിന് ലഭിച്ചിട്ടുള്ളത്. ക്യാഷ് ക്രെഡിറ്റ്, ഓവര്‍ ഡ്രാഫ്റ്റ്, ഡിമാന്‍ഡ് ലോണുകള്‍ എന്നിങ്ങനെയുള്ള പ്രവര്‍ത്തന മൂലധന വായ്പകള്‍ 2020-21 കാലഘട്ടത്തില്‍ ഇടിവ് പ്രകടമാക്കി.
സ്വകാര്യ ബാങ്കുകള്‍ മറ്റ് ബാങ്ക് വിഭാഗങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഉയര്‍ന്ന വായ്പാ വളര്‍ച്ച രേഖപ്പെടുത്തി. മൊത്തം വായ്പാ വിതരണത്തില്‍ സ്വകാര്യ ബാങ്കുകളുടെ വിഹിതം 2021 മാര്‍ച്ചില്‍ 36.5 ശതമാനമായി ഉയര്‍ന്നു. ഒരു വര്‍ഷം മുമ്പ് ഇത് 35.4 ശതമാനമായിരുന്നു. അഞ്ച് വര്‍ഷം മുമ്പ് 24.8 ശതമാനമായിരുന്നു സ്വകാര്യ ബാങ്കുകളുടെ വിഹിതം എന്നും റിസര്‍വ് ബാങ്കിന്‍റെ കണക്കുകളില്‍ പറയുന്നു.
നല്‍കപ്പെട്ടിട്ടുള്ള വായ്പകളിലെ വെയിറ്റഡ് ആവറേജ് റെന്‍റിംഗ് റേറ്റ് 2020-21 കാലയളവില്‍ 91 ബേസിസ് പോയിന്‍റുകള്‍ കുറഞ്ഞു. 2020-21 നാലാംപാദത്തില്‍ 21 ബേസിസ് പോയിന്‍റുകളുടെ ഇടിവാണ് ഇക്കാര്യത്തില്‍ ഉണ്ടായത്. 2021 മാര്‍ച്ചില്‍ നഗര, അര്‍ദ്ധനഗര, ഗ്രാമപ്രദേശങ്ങളിലെ ബാങ്ക് ശാഖകള്‍ ഇരട്ട അക്ക വായ്പാ വളര്‍ച്ച രേഖപ്പെടുത്തിയിട്ടുണ്ടെന്നും ബാങ്ക് വായ്പയുടെ 63 ശതമാനം വിഹിതം കൈയാളുന്ന മെട്രോപൊളിറ്റന്‍ ശാഖകള്‍ 1.4 ശതമാനം വളര്‍ച്ച രേഖപ്പെടുത്തിയെന്നും ആര്‍ബിഐ ഡാറ്റ വ്യക്തമാക്കുന്നു.
പകര്‍ച്ചവ്യാധി ബാധിച്ച സമ്പദ്വ്യവസ്ഥയെ പിന്തുണയ്ക്കുന്നതിനായി ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പ്രഖ്യാപിച്ച 6.29 ലക്ഷം കോടി രൂപയുടെ ദുരിതാശ്വാസ പാക്കേജിന് കേന്ദ്ര മന്ത്രിസഭ ഇന്നലെ അംഗീകാരം നല്‍കി. പ്രധാനമായും വായ്പാ വിതരണം ശക്തമാക്കുന്നതിനും വായ്പാ തിരിച്ചടുകളില്‍ സമ്മര്‍ദം കുറയ്ക്കുന്നതിനും ലക്ഷ്യമിട്ടിട്ടുള്ള നടപടികളാണ് നിര്‍മല സീതാരാമന്‍ പ്രഖ്യാപിച്ചിട്ടുള്ളത്.
പാക്കേജിന്‍റെ ഭാഗമായി ചെറുകിട, ഇടത്തരം ബിസിനസുകള്‍ക്ക് 1.5 ലക്ഷം കോടി രൂപ അധിക വായ്പ, ആരോഗ്യമേഖലയ്ക്ക് കൂടുതല്‍ ഫണ്ട്, ടൂറിസം ഏജന്‍സികള്‍ക്കും ഗൈഡുകള്‍ക്കും വായ്പ, വിദേശ വിനോദ സഞ്ചാരികള്‍ക്കുള്ള വിസ ഫീസ് എഴുതിത്തള്ളല്‍ എന്നിവ ഇക്കഴിഞ്ഞ തിങ്കളാഴ്ച പ്രഖ്യാപിക്കപ്പെട്ടു.