ലെതറിന് പൂക്കള്‍ കൊണ്ടൊരു ബദല്‍
എഐടി കാണ്‍പൂരിന്റെ പിന്തുണയോടെ ഫൂല്‍ എന്ന കമ്പനിയാണ് ലെതറിന് പകരമായി പൂക്കളില്‍ നിന്നും കാര്‍ഷിക മാലിന്യങ്ങളില്‍ നിന്നും ഫ്‌ളെതറെന്ന ഉല്‍പ്പന്നം പുറത്തിറക്കി ബിറാകിന്റെ 2021ലെ ഇന്നവേറ്റര്‍ അവാര്‍ഡ് നേടിയത്
കാണ്‍പൂര്‍: മൃഗത്തോലില്‍ നിന്ന് നിര്‍മിക്കുന്ന ലെതറിന് ബദലായി ഫ്‌ളെതറെന്ന ഉല്‍പ്പന്നം പുറത്തിറക്കിയ കമ്പനിക്ക് ദേശീയ അംഗീകാരം. ഐഐടി കാണ്‍പൂരിന്റെ പിന്തുണയോടെ ഫൂല്‍ എന്ന കമ്പനിയാണ് ലെതറിന്് പകരമായി പൂക്കളില്‍ നിന്നുള്ള ഫ്‌ളെതറെന്ന ഉല്‍പ്പന്നം പുറത്തിറക്കി ബിറാകിന്റെ 2021ലെ ഇന്നവേറ്റര്‍ അവാര്‍ഡ് നേടിയത്.
2017ല്‍ സ്ഥാപിതമായ കാണ്‍പൂര്‍ ഫ്‌ളവര്‍സൈക്ലിംഗ് പ്രൈവറ്റ് ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ള ബ്രാന്‍ഡാണ് ഫൂല്‍. ഐഐടി കാണ്‍പൂരിന്റെ സ്റ്റാര്‍ട്ടപ്പ് ഇന്‍കുബേഷന്‍ ആന്‍ഡ് ഇന്നവേഷന്‍ സെന്ററിലാണ് ഫൂല്‍ ഇന്‍കുബേറ്റ് ചെയ്തിരിക്കുന്നത്. അരാധാനാലയങ്ങളില്‍ നിന്ന് ഒഴിവാക്കപ്പെടുന്ന പൂക്കളും കാര്‍ഷിക മാലിന്യവും ഉപയോഗിച്ചാണ് കമ്പനി ഫ്‌ളെതര്‍ നിര്‍മിക്കുന്നത്. ലെതറിന്റെ അതേ ഗുണങ്ങളോട് കൂടിയ ജൈവോല്‍പ്പന്നമാണ് ഫ്‌ളെതറും.
കേന്ദ്രസര്‍ക്കാരിന് കീഴിലുള്ള ബയോടെക്‌നോളജി വകുപ്പിന്റെ ലാഭേതര സംഘടനയാണ് ബയോടെക്‌നോളജി ഇന്‍ഡസ്ട്രി റിസേര്‍ച്ച് അസിസ്റ്റന്‍സ് കൗണ്‍സില്‍ അഥവാ ബിറാക്. ദേശീയതലത്തില്‍ പ്രസക്തമായ ഉല്‍പ്പന്നങ്ങളെ കുറിച്ചുള്ള ഗവേഷണങ്ങളും കണ്ടുപിടിത്തങ്ങളും വികസന പ്രവര്‍ത്തനങ്ങളും നടത്താന്‍ ഉയര്‍ന്നുവരുന്ന ബയോടെക് സംരംഭങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കുകയെന്നതാണ് സംഘടനയുടെ ലക്ഷ്യം. ഗവേഷണങ്ങളെ അടിസ്ഥാനമാക്കിയുള്ള നിര്‍ണായക കണ്ടുപിടിത്തങ്ങള്‍ക്ക് ബിറാക് നല്‍കുന്ന അംഗീകാരമാണ് ഇന്നവേഷന്‍ അവാര്‍ഡ്്.
ബയോമിമിക്രി (ജൈവ പ്രക്രിയകളിലൂടെ ഉല്‍പ്പന്നങ്ങളും ഘടനകളും സംവിധാനങ്ങളും രൂപകല്‍പ്പന ചെയ്യുന്നതും നിര്‍മിക്കുന്നതുമായ ശാഖ) തത്വങ്ങളെ അടിസ്ഥാനമാക്കിയാണ് ഫ്‌ളെതര്‍ നിര്‍മിച്ചിരിക്കുന്നത്. ഈ ഉല്‍പ്പന്നത്തിന്റെ ഭംഗി, അയവ്, ഉറപ്പ്, ബലം എന്നിവയില്‍ ആവശ്യാനുസരണം മാറ്റം വരുത്താന്‍ സാധിക്കും. മാത്രമല്ല വളരെ സുസ്ഥിരമായ രീതിയിലാണ് ഇതിന്റെ നിര്‍മാണം. പരമ്പരാഗത ലെതര്‍ നിര്‍മാണത്തിന്റെ സങ്കീര്‍ണമായ പല പ്രക്രിയകളും ഒഴിവാക്കാമെന്നത് മാത്രമല്ല, സ്ത്രീകളടക്കം സമൂഹത്തിലെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട വിഭാഗങ്ങള്‍ക്ക് മികച്ച തൊഴിലവസരങ്ങള്‍ ഒരുക്കാമെന്നതും ലേതറിന് പകരമായി ഫ്‌ളെതര്‍ ഉപയോഗിച്ചാലുള്ള ഗുണങ്ങളാണ്.
അന്തസ്സും ആഢംബരവും സൗഖ്യവും നല്‍കുന്ന ലെതര്‍ മനുഷ്യര്‍ക്ക് ഇഷ്ടപ്പെട്ട ഒരു വസ്തുവാണ്. എന്നാല്‍ അന്തരീക്ഷത്തിലെ ഹരിതഗൃഹ വാതകങ്ങളുടെ പതിനെട്ട് ശതമാനവും പുറന്തള്ളുന്ന കന്നുകാലി വ്യവസായ മേഖലയില്‍ നിന്നുള്ള ഉപോല്‍പ്പന്നമാണത്. ഹരിതഗൃഹ വാതകങ്ങളുടെ പുറന്തള്ളല്‍ കുറച്ചുകൊണ്ടും ക്ഷേത്രങ്ങളില്‍ നിന്നുള്ള പൂക്കളും കൃഷിയിടങ്ങളിലെ മാലിന്യങ്ങളും പുനഃരുപയോഗിച്ചും ലെതറിനെ പോലെ തന്നെ പ്രവര്‍ത്തിക്കാന്‍ ഫ്‌ളെതറിന് കഴിയും ഫൂല്‍ സ്ഥാപകനായ അങ്കിത് അഗര്‍വാള്‍ പറയുന്നു.