October 5, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

രാജസ്ഥാനില്‍ നിന്ന് ഒട്ടകങ്ങള്‍ അപ്രത്യക്ഷമാകുന്നു; അതിജീവനത്തിനായി പാടുപെട്ട് മരുഭൂമിയിലെ കപ്പലുകള്‍

ഒട്ടക വില്‍പ്പനയ്ക്കുള്ള നിരോധനം പിന്‍വലിക്കണമെന്നും ഒട്ടകപ്പാല്‍, ചാണകം എന്നിവയുടെ വിപണനം പ്രോത്സാഹിപ്പിക്കണമെന്നുമാണ് ഒട്ടക സംരക്ഷകര്‍ ആവശ്യപ്പെടുന്നത്

ജയ്പൂര്‍: ഒരുകാലത്ത് ഒട്ടകങ്ങള്‍ക്ക് പേരുകേട്ട രാജസ്ഥാനില്‍ നിന്ന് ഒട്ടകങ്ങള്‍ അപ്രത്യക്ഷമാകുന്നു. ഒട്ടകങ്ങളുടെ എണ്ണത്തില്‍ കുത്തനെയുള്ള ഇടിവാണ് കഴിഞ്ഞ കാലങ്ങളില്‍ രാജസ്ഥാനില്‍ രേഖപ്പെടുത്തിയത്. സ്ഥിതിഗതികള്‍ ഇതുപോലെ തുടര്‍ന്നാല്‍ അടുത്ത അഞ്ച് വര്‍ഷക്കാലം കൂടി നിലവിലെ വെല്ലുവിളികളെ അതിജീവിച്ച് നിലനില്‍പ്പിനായി പോരാടാന്‍ രാജസ്ഥാനില്‍ ഒട്ടകങ്ങള്‍ ബാക്കിയുണ്ടാകുമോ എന്ന ആശങ്കയിലാണ് മൃഗസ്‌നേഹികള്‍.

അടുത്ത അഞ്ച് വര്‍ഷങ്ങളില്‍ ഒട്ടകങ്ങളുടെ സംരക്ഷണത്തിനായി സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും കാര്യക്ഷമമായ ഇടപെടലുകള്‍ ഉണ്ടായില്ലെങ്കില്‍ രാജസ്ഥാനില്‍ ഒരു ഒട്ടകം പോലും അവശേഷിക്കുകയില്ലെന്ന് ലോഹിത് പശു പാലക് സംസ്ഥാന്‍ ഡയറക്ടര്‍ ജനറലായ ഹന്‍വന്ത് സിംഗ് റത്തോഡ് പറയുന്നു. ബിക്കെന്തറിന് സമീപമുള്ള നിരവധി ഗ്രാമങ്ങളില്‍ കുറച്ച് വര്‍ഷങ്ങള്‍ മുമ്പ് വരെ അഞ്ഞൂറോളം ഒട്ടകങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇന്നവിടെ ഒരു ഒട്ടകം പോലും അവശേഷിക്കുന്നില്ലെന്നും ഹന്‍വന്ത് സിംഗ് പറയുന്നു. രാജസ്ഥാന്‍ സര്‍ക്കാരിന്റെ ഇരുപതാമത് കന്നുകാലി സെന്‍സസ് പ്രകാരം സംസ്ഥാനത്തെ ഒട്ടകങ്ങളുടെ എണ്ണം 2012ലെ 3,25,713ല്‍ നിന്നും 2,12,739 ആയി കുറഞ്ഞു. 2007ല്‍ 4,21,836 ഒട്ടകങ്ങള്‍ സംസ്ഥാനത്തുണ്ടായിരുന്നു. അതേസമയം 1991ലെ കണക്കനുസരിച്ച് ഇന്ത്യയൊട്ടാകെ പത്ത് ലക്ഷത്തോളം ഒട്ടകങ്ങള്‍ ഉണ്ടായിരുന്നു. ഇതിന്ന്് രണ്ടര ലക്ഷമായി ചുരുങ്ങി.

  രണ്ടു നവീന ഉത്പന്നങ്ങളുമായി മില്‍മ

ഒട്ടകങ്ങളെ വളര്‍ത്തല്‍ ലാഭകരമല്ലാത്തതിനാല്‍ ഒട്ടക പരിപാലനത്തില്‍ യുവാക്കള്‍ക്ക്് താല്‍പ്പര്യം നഷ്ടപ്പെട്ടതാണ് ഒട്ടകങ്ങളുടെ എണ്ണം കുറയാനുള്ള പ്രധാനകാരണമായി ഹന്‍വന്ത് സിംഗ് പറയുന്നത്. ഒട്ടകങ്ങള്‍ക്ക് പകരം കാറ്, ജീപ്പ് തുടങ്ങിയ ഗതാഗത മാര്‍ഗങ്ങള്‍ പ്രചാരത്തില്‍ വന്നതാണ് മറ്റൊരു കാരണം. ഒട്ടകങ്ങളുടെ വളര്‍ച്ച പ്രോത്സാഹിപ്പിക്കുന്നതില്‍ സര്‍ക്കാര്‍ കാണിക്കുന്ന വിമുഖതയാണ് രാജസ്ഥാനില്‍ ഒട്ടകങ്ങളുടെ എണ്ണം കുറയാനുള്ള മൂന്നാമത്തെ കാരണം. പെട്രോള്‍, ഡീസല്‍ വില കുത്തനെ ഉയരുന്ന സാഹചര്യത്തില്‍ യാത്രാ, നിലം ഉഴല്‍ എന്നിവയ്ക്കായി കന്നുകാലികളെ ഉപയോഗിക്കുന്നതിന് സര്‍ക്കാര്‍ പ്രോത്സാഹനം നല്‍കണമെന്നും ഹന്‍വന്ത് സിംഗ് പറയുന്നു.

രാജസ്ഥാനിലെ പാലി ജില്ലയിലുള്ള രാരിക ഇനത്തില്‍ പെട്ട ഒട്ടകങ്ങളുടെ സംരക്ഷണത്തിനായി 1996ല്‍ ഹന്‍വന്ത് സിംഗ് സ്ഥാപിച്ച സംഘടനയാണ് ലോഹിത് പശു പാലക് സംസ്ഥാന്‍ (എല്‍പിപിഎസ്). 2014ല്‍ ഒട്ടകത്തെ സംസ്ഥാനത്തിന്റെ മൃഗമായി പ്രഖ്യാപിക്കുമ്പോള്‍ പരമ്പരാഗതമായി ഒട്ടം വളര്‍ത്തുന്നവര്‍ക്കും പരിപാലക കുടുംബങ്ങള്‍ക്കും ഒട്ടകങ്ങള്‍ക്കും അതിന്റെ ഗുണം ലഭിക്കുമെന്നായിരുന്നു തങ്ങളുടെ പ്രതീക്ഷയെന്ന് ഹന്‍വന്ത് സിംഗ് പറയുന്നു. എന്നാല്‍ 2015ല്‍ ഒട്ടകങ്ങളുടെ കയറ്റുമതി നിരോധിച്ചുള്ള നിയമം നിലവില്‍ വന്നപ്പോള്‍ ഈ പ്രതീക്ഷ അസ്തമിച്ചുവെന്നും ഇത് ഒട്ടകം വളര്‍ത്തല്‍ മേഖലയെയും ഒട്ടകങ്ങളുടെ എണ്ണത്തെയും പ്രതികൂലമായി ബാധിച്ചുവെന്നും ഹന്‍വന്ത് സിംഗ് കൂട്ടിച്ചേര്‍ത്തു.

  ദേവ് ആക്സിലറേറ്റര്‍ ലിമിറ്റഡ് ഐപിഒ

മറ്റ് സംസ്ഥാനങ്ങളിലേക്കോ രാജ്യങ്ങളിലേക്കോ ഉള്ള ഒട്ടക വില്‍പ്പന നിരോധിക്കുന്നതാണ് ഈ നിയമം. ബംഗ്ലാദേശിലേക്ക് ഒട്ടകങ്ങളെ കശാപ്പ് ചെയ്യാന്‍ അയക്കുന്നുവെന്ന ആരോപണമാണ് ഇത്തരമൊരു നിയമത്തിന് കാരണം. എന്നാല്‍ ഇതോടെ ഹരിയാനയിലേക്കും മറ്റ് അയല്‍സംസ്ഥാനങ്ങളിലേക്കുമുള്ള ഒട്ടക വില്‍പ്പനയ്ക്കും പൂട്ട് വീണു. സംസ്ഥാന അതിര്‍ത്തികളില്‍ ഒട്ടകങ്ങളെ ഉപയോഗിച്ച് ഭാരം ചുമക്കുന്നതും ഇപ്പോള്‍ നിലച്ചിരിക്കുകയാണ്. പന്തയങ്ങള്‍ക്കായി ഒട്ടകങ്ങളെ വ്യാപകമായി ഉപയോഗിക്കുന്ന അറബ് രാജ്യങ്ങളിലേക്കടക്കം ആണ്‍ വര്‍ഗത്തില്‍ പെട്ട ഒട്ടകങ്ങളെ സ്വതന്ത്രമായി വില്‍ക്കാനാകുന്ന സാഹചര്യം ഉണ്ടാകണമെന്നാണ് ഹന്‍വന്ത് സിംഗിനെ പോലുള്ള ഒട്ടക സംരക്ഷണ പ്രവര്‍ത്തകര്‍ ആവശ്യപ്പെടുന്നത്. അതിനായി ആണ്‍ ഒട്ടകങ്ങള്‍ക്കുള്ള കയറ്റുമതി നിരോധനം ഉടന്‍ പിന്‍വലിക്കണമെന്നും പെണ്‍ ഒട്ടകങ്ങള്‍ക്കുള്ള കയറ്റുമതി നിരോധനം തുടരാമെന്നും ഹന്‍വന്ത് പറയുന്നു.

ഒട്ടകങ്ങളുടെ സംരക്ഷണത്തിനായി ഒരു നയത്തിന് രൂപം നല്‍കണമെന്ന ആവശ്യവും ഹന്‍വന്ത് സിംഗ് മുന്നോട്ട് വെക്കുന്നുണ്ട്. ഒട്ടകപ്പാല്‍, ഒട്ടകച്ചാണകം കൊണ്ടുള്ള കടലാസ് എന്നിവയുടെ വിപണനം പ്രോത്സാഹിപ്പിക്കാനും ഒട്ടകങ്ങളെ സംസ്ഥാന പാരമ്പര്യ, സാംസ്‌കാരിക മേഖലകളുമായി ബന്ധിപ്പിക്കാനും ടൂറിസത്തിലൂടെ ഒട്ടക സവാരി പ്രോത്സാഹിപ്പിക്കാനും ബന്ധപ്പെട്ട അധികാരികളോട് ആവശ്യപ്പെട്ടതായി ഹന്‍വന്ത് വ്യക്തമാക്കി. എന്നാല്‍ സര്‍ക്കാര്‍ ഇതിലൊന്നും താല്‍പ്പര്യം കാണിക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

  സംഭവ് സ്റ്റീല്‍ ട്യൂബ്സ് ഐപിഒയ്ക്ക്

അതേസമയം പലവിധ രോഗങ്ങളുടെ ആവിര്‍ഭാവവും തീറ്റയുടെ അഭാവവും ക്ഷാമവുമെല്ലാം രാജസ്ഥാനിലെ ഒട്ടകങ്ങള്‍ ഉള്‍പ്പടെയുള്ള കന്നുകാലികള്‍ നേരിടുന്ന പ്രധാന വെല്ലുവിളികളാണെന്ന് സംസ്ഥാനത്തെ മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ പറയുന്നു. മാത്രമല്ല ഉപഭോക്താക്കളില്‍ നിന്നുള്ള ആവശ്യത്തിനനുസരിച്ച് ഒട്ടക ഉല്‍പ്പന്നങ്ങളുടെ നിര്‍മാണം ഉണ്ടാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. കൃത്യമായ ആസൂത്രണത്തിലൂടെയേ ഇത്തരം വെല്ലുവിളികളെ അതിജീവിക്കാനാകൂ എന്നും അതിനായുള്ള പദ്ധതികള്‍ സര്‍ക്കാരിന്റെ പരിഗണനയിലുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രാജസ്ഥാനിലെ ആടുകള്‍, ചെമ്മരിയാടുകള്‍, കുതിരകള്‍, എന്നിവയുടെ എണ്ണത്തിലും കാര്യമായ കുറവുണ്ടാകുന്നുണ്ട്. 2012ല്‍ 90,79,702 ചെമ്മരിയാടുകള്‍ ഉണ്ടായിരുന്ന സംസ്ഥാനത്ത് 2019 ആയതോടെ ഇവയുടെ എണ്ണം 79,03,857 ആയി കുറഞ്ഞു. ആടുകളുടെ എണ്ണം 2012ലെ 216,65,939ല്‍ നിന്നും 208,40,203 ആയി ചുരുങ്ങി.2012ല്‍ എണ്ണത്തില്‍ 37776 കുതിരകള്‍ ഉണ്ടായിരുന്നിടത്ത് ഇപ്പോഴവ 33679 ആയി കുറഞ്ഞു.

Maintained By : Studio3