അണ്ണാമലൈ ബിജെപി അധ്യക്ഷനായി വെള്ളിയാഴ്ച ചുമതലയേല്‍ക്കും
1 min readചെന്നൈ: ബിജെപിയുടെ തമിഴ്നാട് യൂണിറ്റിന്‍റെ പുതുതായി നിയമിതനായ സംസ്ഥാന പ്രസിഡന്‍റ് കെ അണ്ണാമലൈ പാര്‍ട്ടി-സംസ്ഥാന കമ്മിറ്റി ഓഫീസില്‍ വെള്ളിയാഴ്ച ചുമതലയേല്‍ക്കും. മുന്‍ അധ്യക്ഷന്‍ മുരുകന്‍ മോദി മന്ത്രിസഭയില്‍ അംഗമായതിനെത്തുടര്‍ന്നാണ് പുതിയ നിയമനമുണ്ടായത്. മുരുകന്‍ കന്ദ്ര മത്സ്യബന്ധന, മൃഗസംരക്ഷണ സഹമന്ത്രിയാണ്.ജന്മനാടായ കോയമ്പത്തൂരില്‍ നിന്ന് പുറപ്പെട്ട അണ്ണാമലൈ പാര്‍ട്ടി-സ്റ്റേറ്റ് യൂണിറ്റിനെ പുനരുജ്ജീവിപ്പിക്കുകയും അതിനെ ഒരു പോരാട്ടശക്തിയാക്കുകയും ചെയ്യുകയെന്നതാണ് തന്‍റെ അടിയന്തര ലക്ഷ്യമെന്ന് പ്രതിജ്ഞയെടുത്തു.
ചെന്നൈയിലേക്കുള്ള യാത്രാമധ്യേ തിരുപ്പൂരില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ, ശക്തമായ പ്രത്യയശാസ്ത്ര അടിത്തറയുള്ള ഒരേയൊരു രാഷ്ട്രീയ പാര്‍ട്ടിയാണ് തങ്ങളുടെ പാര്‍ട്ടിയെന്നും സമീപഭാവിയില്‍ പാര്‍ട്ടി തമിഴ്നാട്ടില്‍ അധികാരം പിടിച്ചെടുക്കുമെന്നും ബിജെപി നേതാവ് പറഞ്ഞു. മുതിര്‍ന്ന നേതാക്കളും യുവ തുര്‍ക്കികളും ചേര്‍ന്നതായിരിക്കും പുതിയ പാര്‍ട്ടി സംസ്ഥാന നേതൃത്വം എന്ന് ഐപിഎസ് പദവി രാജിവച്ച അണ്ണാമലൈ പറഞ്ഞു. ഭരണകക്ഷിയായ ഡിഎംകെയെതിരെ ഒരു വിമര്‍ശകശക്തിയായി പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.കേന്ദ്രത്തില്‍ തെറ്റായ വാക്സിന്‍ കണക്കുകളാണ് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ നല്‍കിയതെന്ന് ആരോപിച്ച അദ്ദേഹം ഭരണകക്ഷിയുടെ പ്രവര്‍ത്തകര്‍ വാക്സിനുകളുടെ കുറവ് മനഃപൂര്‍വം സൃഷ്ടിച്ചതായും പറഞ്ഞു. കൃത്രിമ വാക്സിന്‍ ക്ഷാമം സൃഷ്ടിച്ച ശേഷം സംസ്ഥാനസര്‍ക്കാരും ഡിഎംകെ പ്രവര്‍ത്തകരും കേന്ദ്രത്തെ അനാവശ്യമായി കുറ്റപ്പെടുത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.
നീറ്റ് ഉള്‍പ്പെടെയുള്ള കേന്ദ്രസര്‍ക്കാരിന്‍റെ നയങ്ങള്‍ തമിഴ്നാടിനെ മികച്ച സംസ്ഥാനമാക്കി മാറ്റുമെന്ന് ബിജെപി നേതാവ് പറഞ്ഞു.ബി.ജെ.പി പ്രത്യയശാസ്ത്രത്താല്‍ നയിക്കപ്പെടുന്ന ഒരു രാഷ്ട്രീയ പാര്‍ട്ടിയാണ്. ഒരു നേതാവായിട്ടല്ല, ഒരു സേവകനായിട്ടാണ് താന്‍ പ്രവര്‍ത്തിക്കുകയെന്നും ബിജെപി തമിഴ്നാട്ടിലെ ഏറ്റവും ശക്തമായ പാര്‍ട്ടിയായി ഉടന്‍ ഉയര്‍ന്നുവരുമെന്നും 2024 ലെ പൊതുതെരഞ്ഞെടുപ്പില്‍ പരമാവധി സീറ്റുകള്‍ ലഭിക്കുമെന്നും അണ്ണാമലൈ വിലയിരുത്തി.