Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

സൗദി അറേബ്യയിലെ സ്വകാര്യ മേഖലകളില്‍ സ്വദേശിവല്‍ക്കരണത്തിന് വേഗത കൂടുന്നു

കഴിഞ്ഞ വര്‍ഷം നാലാംപാദത്തെ അപേക്ഷിച്ച് ഈ വര്‍ഷം ആദ്യപാദത്തില്‍ സ്വകാര്യ മേഖലകളില്‍ നിയമിക്കപ്പെട്ട സൗദി പൗരന്മാരുടെ അനുപാതം 20.37 ശതമാനത്തില്‍ നിന്നും 22.75 ശതമാനമായി വര്‍ധിച്ചു.

റിയാദ്: സൗദി അറേബ്യയില്‍ സ്വദേശിവല്‍ക്കരണം ശക്തി പ്രാപിക്കുന്നു. മാനവ വിഭവശേഷി വികസന ഫണ്ടിന്റെ റിപ്പോര്‍ട്ട് പ്രകാരം 2021ലെ ആദ്യപാദത്തില്‍ രാജ്യത്തെ സ്വകാര്യമേഖലയില്‍ 121,000 സൗദി പൗരന്മാര്‍ പുതിയതായി ജോലിക്ക് കയറി. കഴിഞ്ഞ വര്‍ഷം നാലാംപാദത്തെ അപേക്ഷിച്ച് ഈ വര്‍ഷം ഒന്നാംപാദത്തില്‍ സ്വകാര്യമേഖലയില്‍ നിയമിക്കപ്പെടുന്ന സ്വദേശികളുടെ അനുപാതം 20.37 ശതമാനത്തില്‍ നിന്നും 22.75 ശതമാനമായി വര്‍ധിച്ചു.

  നൈപുണ്യത്തിന് പ്രാധാന്യം നൽകികൊണ്ടുള്ള ഐടി റിക്രൂട്ട്മെൻറ് പദ്ധതിയുമായി കേരളം

ധനകാര്യ, ഇന്‍ഷുറന്‍സ് മേഖലകളിലാണ് ആദ്യപാദത്തില്‍ ഏറ്റവും കൂടുതല്‍ സ്വദേശിവല്‍ക്കരണം നടന്നത് – 83.1 ശതമാനം. കെട്ടിട നിര്‍മ്മാണം, ഹോള്‍സെയില്‍, റീട്ടെയ്ല്‍ വ്യാപാരം, വാഹന റിപ്പയറിംഗ് മേഖലകളില്‍ ജോലി ചെയ്യുന്ന സൗദിക്കാരുടെ എണ്ണം 42.42 ശതമാനത്തിലെത്തി.

സാമ്പത്തിക വൈവിധ്യവല്‍ക്കരണത്തിന്റെയും പുതുതലമുറക്കാരായ തൊഴിലന്വേഷകര്‍ക്ക് ജോലി നല്‍കേണ്ട ബാധ്യതയുടെയും ഭാഗമായി ഗള്‍ഫ് രാജ്യങ്ങളെല്ലാം പൊതു, സ്വകാര്യ മേഖലകളില്‍ സ്വദേശിവല്‍ക്കരണം ശക്തിപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. സ്വകാര്യമേഖലയില്‍ ജോലി ചെയ്യുന്ന സൗദി പൗരന്റെ ശരാശരി വേതനം ഈ വര്‍ഷം ആദ്യപാദത്തില്‍ 5,957 റിയാലില്‍ (1,588 ഡോളര്‍) എത്തിയിരുന്നു. ഇതില്‍ സൗദി പുരുഷന്മാരുടെ ശരാശരി വേതനം 6,767 റിയാലും വനിതകളുടേത് 4,591 റിയാലും ആണ്. മുന്‍പാദത്തെ അപേക്ഷിച്ച് ഈ വര്‍ഷം ആദ്യപാദത്തില്‍ സാമൂഹിക ഇന്‍ഷുറന്‍സ് വരിക്കാരായ സൗദിക്കാരുടെ എണ്ണത്തില്‍ 5.45 ശതമാനം വര്‍ധന രേഖപ്പെടുത്തി. അതേസമയം സാമൂഹിക ഇന്‍ഷുറന്‍സ് വരിക്കാരായ സൗദി ഇതര പൗരന്മാരുടെ എണ്ണത്തില്‍ 0.4 ശതമാനം ഇടിവ് രേഖപ്പെടുത്തി. ആദ്യപാദത്തില്‍ രാജ്യത്തെ സ്വകാര്യ മേഖല സ്ഥാപനങ്ങളുടെ എണ്ണം 2.9 ശതമാനം വര്‍ധിച്ച് 184,648 ആയി.

  മ്യൂച്വല്‍ ഫണ്ട് ആസ്തികളില്‍ 35 ശതമാനം വര്‍ധനവ്

രാജ്യത്തെ സ്വകാര്യ മേഖലയിലെ ഉന്നത തസ്തികകള്‍ സ്വദേശിവല്‍ക്കരിക്കാന്‍ സൗദി പദ്ധതിയിടുന്നതായി കഴിഞ്ഞിടെ റിപ്പോര്‍ട്ട് പുറത്ത് വന്നിരുന്നു. ഇതിന്റെ സാധ്യതകള്‍ പഠിക്കാന്‍ മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം നടപടികള്‍ ആരംഭിച്ചെന്നാണ് സൂചന. എന്നാല്‍ ഉടന്‍ തന്നെ സ്വകാര്യ മേഖലയിലെ ഉന്നത പദവികള്‍ സ്വദേശിവല്‍ക്കരിച്ചേക്കില്ല. ഉന്നത സ്ഥാനങ്ങളിലേക്ക് നിയമിക്കാന്‍ എത്രമാത്രം യോഗ്യരായ സൗദിക്കാരെ ലഭിക്കുമെന്നതടക്കമുള്ള വിവരങ്ങള്‍ കണ്ടൈത്തിയതിന് ശേഷമേ ഇതിനുള്ള നടപടികള്‍ ആരംഭിക്കുകയുള്ളു. മതിയായ ഉദ്യോഗാര്‍ത്ഥികളെ ലഭിക്കാത്ത പക്ഷം സ്വദേശികള്‍ക്ക് ആവശ്യമായ അറിവുകളും പരിചയ സമ്പത്തും പരിശീലനവും ലഭ്യമാക്കും.

  നൈപുണ്യത്തിന് പ്രാധാന്യം നൽകികൊണ്ടുള്ള ഐടി റിക്രൂട്ട്മെൻറ് പദ്ധതിയുമായി കേരളം
Maintained By : Studio3